Last Updated:
സംഘടനയെ ഇനി കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ശക്തമായി മുന്നിട്ടിറങ്ങണമെന്നും ബീനാ ആന്റണി ആവശ്യപ്പെട്ടു
താരസംഘടനയായ ‘അമ്മ’യുടെ താൽക്കാലിക അഡ്ഹോക് കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന നടൻ രമേഷ് പിഷാരടിയുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട നടി ശ്വേത മേനോനെതിരെ കടുത്ത വിമർശനവുമായി നടി ബീനാ ആന്റണി. ശ്വേത കാണിച്ചത് വലിയ വിശ്വാസവഞ്ചനയും തെറ്റുമാണെന്ന് ബീന തുറന്നടിച്ചു. ഇത്രയും കാലം അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന സുഹൃത്തിനെയാണ് ശ്വേത പരസ്യമായി ചതിച്ചതെന്നും അവർ വ്യക്തമാക്കി.
‘അമ്മ’ ജനറൽ ബോഡിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ബീനാ ആന്റണി പറഞ്ഞത് ഇങ്ങനെ: “ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഒരുപാട് വീഴ്ചകൾ പറ്റിയിട്ടുണ്ട്. സംഘടന പല ചേരികളായി തിരിയുകയും കടുത്ത ഈഗോ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ട ആളാണ് ഞാൻ. എങ്കിലും പിന്നീട് സംസാരിച്ചപ്പോൾ അവർക്ക് ഒരു 45 ദിവസം കൂടി സമയം അനുവദിക്കാമെന്ന് എനിക്ക് തോന്നിയിരുന്നു. അതിനായി ഞാൻ സംസാരിക്കുകയും ചെയ്തു.”
പ്രശ്നങ്ങളും വാക്കുതർക്കങ്ങളും രൂക്ഷമായതോടെ തങ്ങൾ രാജിവെക്കുകയാണെന്ന് ശ്വേത പ്രഖ്യാപിച്ചതായി ബീന പറയുന്നു. “ഹാളിന് പുറത്തിറങ്ങിയ ശ്വേത താൻ പ്രസിഡന്റ് സ്ഥാനവും അമ്മയിലെ അംഗത്വവും രാജിവെക്കുകയാണെന്ന് മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു. ശ്വേതാ, ആ തീരുമാനം ഇപ്പോൾ എടുക്കരുതെന്ന് ഞങ്ങൾ എല്ലാവരും ഒപ്പമിരുന്ന് ആവശ്യപ്പെട്ടിട്ടും അവർ കേൾക്കാൻ തയ്യാറായില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് അവർ സംസാരിച്ചത്,” ബീന ആന്റണി വ്യക്തമാക്കി.
സംഘടനയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ കൂടെ നിന്ന വ്യക്തിയാണ് പിഷാരടിയെന്ന് ബീന ചൂണ്ടിക്കാട്ടി. “ഏറ്റവും നല്ല ജനപിന്തുണയോടെ എംഎൽഎ ആയി ജനപ്രതിനിധിയായി വന്നയാളാണ് പിഷാരടി. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്. ശ്വേതയും പിഷാരടിയും തമ്മിൽ അത്രയേറെ ആത്മബന്ധമുള്ള സുഹൃത്തുക്കളായിരുന്നു. പിഷാരടി തെരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ ഉമ്മ നൽകുന്ന ഫോട്ടോ പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ച ആളാണ് ശ്വേത. അങ്ങനെയുള്ള ഒരാൾ തങ്ങൾ തമ്മിലുള്ള സ്വകാര്യ സംഭാഷണം പുറത്തുവിട്ട് പിഷാരടിയെ വേദനിപ്പിച്ചതിലും മോശമാക്കിയതിലും വലിയ ദുഃഖമുണ്ട്. ആ ഓഡിയോ പുറത്തുവിടുമ്പോൾ രാഷ്ട്രീയമായി വലിയ പദവിയിൽ നിൽക്കുന്ന പിഷാരടിയെ അത് എത്രമാത്രം ബാധിക്കുമെന്ന് ശ്വേത ചിന്തിക്കണമായിരുന്നു. എതിർപ്പാർട്ടിക്കാരും മറ്റുള്ളവരും പിഷാരടിയെ മോശമായി ചിത്രീകരിക്കാൻ ഈ ഓഡിയോ കാരണമായി. ആ അവസ്ഥയിലേക്ക് പിഷാരടിയെ എത്തിക്കാൻ പാടില്ലായിരുന്നു. ഇതിൽ ശക്തമായ പ്രതിഷേധമുണ്ട്.’ ബീന വ്യക്തമാക്കി.
അവസാന നിമിഷം താൻ രാജിവെച്ചിട്ടില്ലെന്നും ഭരണസമിതി ഇനിയും തുടരുമെന്നും ശ്വേത പറയുന്നത് വിരോധാഭാസമാണെന്ന് ബീന ആന്റണി കൂട്ടിച്ചേർത്തു. ഇങ്ങനെയൊക്കെ കാണിക്കുമ്പോൾ നിങ്ങളിലുള്ള വിശ്വാസ്യത തകരുകയല്ലേ എന്നും ബീന ചോദിക്കുന്നു. അമ്മയുടെ നിലവിലെ പോക്കിൽ വലിയ വേദനയുണ്ടെന്നും, സംഘടനയെ ഇനി കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ശക്തമായി മുന്നിട്ടിറങ്ങണമെന്നും ബീനാ ആന്റണി ആവശ്യപ്പെട്ടു.
Kochi [Cochin],Ernakulam,Kerala
