Headlines

ഹോര്‍മുസ് കടക്കുന്നവരില്‍ ‘പണപ്പിരിവിന്’ യുഎസ്; 20% തുക നല്‍കണമെന്ന് ട്രംപ് | Strait Of Hormuz: US To Charge 20% On Cargo Shipped Through Strait Of Hormuz Says Donald Trump


International

oi-Jithin TP

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്ക് കപ്പലുകളില്‍ നിന്നും 20 ശതമാനം നഷ്ടപരിഹാരം ഈടാക്കും എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ജലപാത സുരക്ഷിതമാക്കുന്നതിനുള്ള ഉത്തരവാദിത്തം വാഷിംഗ്ടണ്‍ ഏറ്റെടുക്കുമെന്നും അതിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകളുടെയും 20 ശതമാനം നഷ്ടപരിഹാരം തേടുമെന്നും പറഞ്ഞു.

‘ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കുന്നു. ഇറാന്‍ സഹകരിച്ചാലും ഇല്ലെങ്കിലും അത് തുറന്നുതന്നെ കിടക്കും. ഞങ്ങള്‍ ‘ഇറാനിയന്‍ ഉപരോധം പുനഃസ്ഥാപിക്കുകയാണ്. ഇറാനിയന്‍ കപ്പലുകളെയോ ഉപഭോക്താക്കളെയോ മാത്രമേ ഈ ഉപരോധം ബാധിക്കുകയുള്ളൂ എന്നതിനാലാണ് ഇതിന് ആ പേര് നല്‍കിയിരിക്കുന്നത്. മറ്റ് എല്ലാ രാജ്യങ്ങള്‍ക്കും ഈ കടലിടുക്ക് ന്യായമായും തുറന്ന രീതിയിലും ഉപയോഗിക്കാവുന്നതാണ്,’ ട്രംപ് പറഞ്ഞു.

Strait Of Hormuz

തങ്ങള്‍ ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷകര്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഈ ജലപാത ഉപയോഗിക്കുന്ന രാജ്യങ്ങള്‍ അതിന്റെ സംരക്ഷണച്ചെലവ് വഹിക്കണമെന്നും വ്യക്തമാക്കി. ‘ഇനി മുതല്‍ അമേരിക്ക ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷകന്‍ എന്ന നിലയില്‍ അറിയപ്പെടും. 20 ശതമാനം തുക ഈടാക്കുന്നതിനുള്ള നടപടിക്രമങ്ങളും സംവിധാനവും ഉടന്‍ തന്നെ ആരംഭിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ട്രംപിന്റെ നിര്‍ദേശം ഇറാന്‍ തള്ളി. തന്ത്രപ്രധാനമായ ജലപാതയില്‍ അമേരിക്കയെ ഇടപെടാന്‍ അനുവദിക്കില്ലെന്നും ഇറാന്റെ അനുമതിയില്ലാതെ കടലിടുക്കിലൂടെ കടന്നുപോകാന്‍ യുഎസ് സൈന്യം നടത്തുന്ന ഏതൊരു ശ്രമത്തെയും ശക്തമായി നേരിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. വാഷിംഗ്ടണുമായി സഹകരിക്കുന്നതിനെതിരെയും സൈന്യം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അത്തരം ഏതൊരു സഹകരണവും ഇറാനിനെതിരായ യുദ്ധമായി കണക്കാക്കുമെന്ന് സൈന്യം പറഞ്ഞു. സംഘര്‍ഷം വ്യാപിച്ചാല്‍ അത് മേഖലയിലുടനീളം വ്യാപിക്കുമെന്നും ഉത്തരവാദിത്തം യുഎസിനും സഖ്യകക്ഷികള്‍ക്കുമായിരിക്കും എന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ പരസ്യമായി ലംഘിച്ചു എന്നും മുമ്പ് സമ്മതിച്ച ധാരണാപത്രം നടപ്പിലാക്കില്ലെന്നും ഇറാന്‍ പ്രഖ്യാപിച്ചു.

ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കി. ടെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം അനിശ്ചിതത്വത്തിന്റെ ഒരു കാലഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും, തങ്ങളുടെ പ്രതിബദ്ധതകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് അമേരിക്കയെ കുറ്റപ്പെടുത്തുന്നുവെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് പറഞ്ഞു.

കരാറിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതുവരെ അമേരിക്കയുമായുള്ള കരാര്‍ പ്രതിസന്ധിയിലാണെന്നതില്‍ സംശയമില്ല എന്ന് ബഗായ് പറഞ്ഞു. അമേരിക്കന്‍ താവളങ്ങളില്‍ തങ്ങളള്‍ സൈനിക നടപടികള്‍ സ്വീകരിച്ചത് സ്വയം പ്രതിരോധത്തിനായിട്ടാണ് എന്നും അദ്ദേഹം പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *