International
oi-Rakhi
ജൂണ്‍ മാസത്തിലും സ്വർണം വാങ്ങിക്കൂട്ടി വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ. 51 ടണ്ണോളം സ്വർണമാണ് ബാങ്കുകൾ വാങ്ങിയതെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ചൈനയും പോളണ്ടുമാണ് കഴിഞ്ഞ മാസവും ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത്.
‘ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ജോർദാൻ, ചെക്ക് റിപ്പബ്ലിക്, ഘാന, ജോർജിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ജൂണിൽ വലിയ അളവിൽ സ്വർണം വാങ്ങി.റഷ്യയും തുർക്കിയും തന്നെയാണ് ഇത്തവണയും കൂടുതൽ സ്വർണം വിറ്റ രാജ്യങ്ങൾ’, ബ്ല്യുജിസി എപിഎസി സീനിയർ റിസർച്ച് ലീഡ് മരീസ സലീം പറഞ്ഞു.

ഈ വർഷത്തിൻ്റെ ആദ്യപകുതിയിൽ വിവിധ ബാങ്കുകൾ ചേർന്ന് വാങ്ങിയത് 102 ടണ്‍ സ്വർണമാണ്. വളർന്നുവരുന്ന സാമ്പത്തിക ശക്തികളെല്ലാം തന്നെ സ്വർണ വാങ്ങൽ ശക്തമായി തന്നെ തുടരുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മാർച്ചിൽ കേന്ദ്രബാങ്കുകൾ ആകെ വിറ്റത് 30 ടണ്‍ സ്വർണമാണ്. എന്നാൽ പിന്നീട് വലിയ വിൽപ്പന നടന്നില്ലെന്ന് മാത്രമല്ല ബാങ്കുകളെല്ലാം തന്നെ വലിയ അളവിൽ സ്വർണം വാങ്ങുന്നതിലേക്ക് ശ്രദ്ധതിരിച്ചു.ഏപ്രിൽ മാസത്തിൽ മാത്രം 17 ടണ്‍ സ്വർണമാണ് ബാങ്കുകൾ വാങ്ങിയത്. മേയിൽ 41 ടണ്ണും .
ജൂണ്‍ മാസത്തിൽ പോളണ്ടാണ് ഏറ്രവും കൂടുതൽ സ്വർണം ശേഖരിച്ചത്. അവരുടെ കരുതൽ ശേഖരത്തിലേക്ക് 19 ടണ്‍ ആണ് അധികമായി കൂട്ടിചേർത്തത്ത്. 15 ടണ്‍ സ്വർണം വാങ്ങിയ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഇതോടെ കഴിഞ്ഞ 20 മാസമായി തുടർച്ചയായി സ്വർണം വാങ്ങുന്ന രാജ്യമായി ചൈന മാറി. ഉസ്ബെക്കിസ്ഥാൻ (9 ടൺ), കസാക്കിസ്ഥാൻ (7 ടൺ) ,ജോർദാൻ (3 ടൺ), ജോർജിയ (1 ടൺ), ഘാന (1 ടൺ) , ചെക്ക് റിപ്പബ്ലിക്ക് (2 ടൺ) തുർക്കി (2 ടൺ) എന്നിങ്ങനെയാണ് ജൂണിൽ മറ്റ് ബാങ്കുകൾ വാങ്ങിയ സ്വർണത്തിൻ്റെ കണക്ക്.
വിൽപ്പ തുടർന്ന് തുർക്കി
2 ടണ്‍ സ്വർണം വാങ്ങിയെങ്കിലും തുർക്കി സ്വർണ വിൽപ്പന തുടരുകയാണ്. കഴിഞ്ഞ മാസവും രണ്ട് ടണ്‍ സ്വർണം തുർക്കി വിറ്റഴിച്ചു. റഷ്യയും സ്വർണ വിൽപ്പന തുടരുകയാണ്. 9 ടണ്‍ സ്വർണമാണ് റഷ്യ കഴിഞ്ഞ മാസം വിറ്റത്.
2026ൻ്റെ ആദ്യ പകുതിയിൽ ചൈനയെ പിന്തള്ളി പോളണ്ടാണ് ഏറ്റവും കൂടുതൽ സ്വർണം ശേഖരിച്ചത്, 82 ടണ്‍. 41 ടൺ വാങ്ങിയ ഉസ്ബെക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. ചൈനയും കസാക്കിസ്ഥാനും യഥാക്രമം 40 ടണ്ണും 27 ടണ്ണും വാങ്ങി. ചെക്ക് റിപ്പബ്ലിക് (11 ടൺ), സിംഗപ്പൂർ (10 ടൺ), ചിലി (8 ടൺ), ജോർദാൻ (6 ടൺ), ഘാന (6 ടൺ) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങൾ വാങ്ങിയത്.
റഷ്യ സ്വർണം വിൽക്കുന്നത് തുടരുകയാണെങ്കിലും കണക്കുകൾ പരിശോധിച്ചാൽ 2026ൻ്റെ ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ വിഷപ്പന നടത്തിയത് തുർക്കിയാണ്. ഇതുവരെ 83 ടണ്‍ സ്വർണമാണ് തുർക്കി വിറ്റത്. അതസമയം രണ്ടാം പാദത്തിലേക്ക് വന്നപ്പോൾ ഇതുവരെ 4 ടണ്‍ മാത്രമാണ് വിറ്റഴിച്ചത്. ആദ്യ പാദത്തിൽ 44 ടണ്‍ ആയിരുന്നു റഷ്യയുടെ വിൽപന.യുക്രൈനുമായി യുദ്ധത്തിൽ ഏർപ്പെട്ടതോടെയാണ് റഷ്യ സ്വർണ വിൽപ്പന ശക്തമാക്കിയത്. ഉയർന്ന പ്രതിരോധച്ചെലവ് കാരണം ബജറ്റ് കമ്മി നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഔദ്യോഗിക സ്വർണ ശേഖരത്തിൽ നിന്നും റഷ്യ വലിയ തോതിൽ വിറ്റഴിച്ചത്. പാശ്ചാത്യ ഉപരോധം കാരണം എണ്ണ, വാതക വരുമാനം ഇല്ലാതായതും വിൽക്കാനുള്ള തീരുമാനത്തിന് ആക്കം കൂട്ടി.
കേന്ദ്രബാങ്കുകൾ തുടർച്ചയായി സ്വർണം വാങ്ങുന്നതാണ് സ്വർണത്തിൻ്റെ ഡിമാൻ്റ് ഉയർത്തുന്നത്. അതുകൊണ്ട് തന്നെ ബാങ്കുകൾ ഇത്തരത്തിൽ വാങ്ങിക്കൂട്ടിയാൽ വില കത്തിക്കയറുമോയെന്നാണ് ആശങ്ക.