Headlines

സ്‌കൂള്‍ പരിസരത്ത് ജങ്ക് ഫുഡ് വില്‍പന നിരോധിച്ചു; ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍ | Sale of Junk Food Banned on School Premises; Karnataka Government Issues Order, Details Inside


India

oi-Jithin TP

ബെംഗളൂരു സ്‌കൂളുകളിലും കോളേജുകളിലും അവയുടെ 50 മീറ്റര്‍ ചുറ്റളവിലും കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവ് കൂടുതലുള്ള ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന, സൗജന്യ വിതരണം, പരസ്യം, പ്രചാരണം എന്നിവ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ അടുത്തിടെ എടുത്ത സമാനമായ തീരുമാനത്തെത്തുടര്‍ന്നാണ് ഈ നടപടി. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശിച്ചു.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ‘ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്റ്റ്, 2006’ പ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മാസം സംസ്ഥാനത്തുടനീളം 134 സ്‌കൂളുകളിലും കോളേജുകളിലും ഭക്ഷണശാലകളിലും നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ഈ നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപവും കാന്റീനുകളിലും പലരും പ്രസ്തുത ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

junk food

ഇത്തരം ഭക്ഷണസാധനങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ധിക്കാന്‍ കാരണമാകുമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ 53 ഭക്ഷ്യസാമ്പിളുകള്‍ ശേഖരിച്ചു. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും. കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടപടി.

എന്നാല്‍ ഈ ഉത്തരവിനു പിന്നിലെ ഉദ്ദേശ്യത്തെ സ്വാഗതം ചെയ്യുമ്പോഴും എന്താണ് കൃത്യമായി ജങ്ക് ഫുഡ് എന്ന് വിശദീകരിക്കാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നു എന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പറയുന്നു. ‘സര്‍ക്കാര്‍ ജങ്ക് ഫുഡുകളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഇതിനായുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്? പച്ചക്കറി സാന്‍ഡ്വിച്ചോ ചിക്കന്‍ സാന്‍ഡ്വിച്ചോ ജങ്ക് ഫുഡ് ആയി കണക്കാക്കപ്പെടുമോ?’ കര്‍ണാടകയിലെ പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്മെന്റുകളുടെ അസോസിയേഷന്‍ സെക്രട്ടറി ഡി. ശശി കുമാര്‍ ചോദിച്ചു.

സ്‌കൂള്‍ പരിസരത്തിന് പുറത്ത് ഈ നിരോധനം എങ്ങനെ നടപ്പിലാക്കും എന്ന കാര്യത്തിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ‘സ്‌കൂള്‍ വളപ്പില്‍ ഭക്ഷണശാലകളുള്ള സ്‌കൂളുകള്‍ക്ക് അവിടെ വില്‍ക്കുന്ന ഭക്ഷണസാധനങ്ങള്‍ നിയന്ത്രിക്കാനാകും. എന്നാല്‍ സ്‌കൂളുകള്‍ക്ക് പുറത്ത് വില്‍ക്കുന്ന ഭക്ഷണത്തെ അധികൃതര്‍ എങ്ങനെ നിയന്ത്രിക്കും? പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തൊട്ടടുത്ത് മാളുകളും റെസ്റ്റോറന്റുകളും മറ്റ് ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്ന ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ ഇത് എങ്ങനെ സാധ്യമാകും?’ എന്ന് അദ്ദേഹം ചോദിച്ചു.

വെറുമൊരു നിയമനടപടി എന്നതിലുപരി കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലാകണം നടപ്പാക്കല്‍ പ്രക്രിയ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരോധിച്ച ഭക്ഷണസാധനങ്ങളുടെ വിശദമായ പട്ടിക പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ പറഞ്ഞു.

‘പോപ്കോണ്‍, ചിക്കി തുടങ്ങിയവ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണമാണെന്ന് നമുക്കറിയാം. അതുപോലെ, പഞ്ചസാര, ഉപ്പ്, ട്രാന്‍സ് ഫാറ്റ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ ദോഷകരമാണെന്നും നമുക്കറിയാം. ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിനായുള്ള നടപടികളുടെ ആദ്യ ഘട്ടം മാത്രമാണിത്. ആവശ്യാനുസരണം കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ പുറപ്പെടുവിക്കും,’ അദ്ദേഹം പറഞ്ഞു.

പോഷകമൂല്യത്തേക്കാള്‍ രുചിക്ക് മുന്‍ഗണന നല്‍കിയാണ് കുട്ടികള്‍ പലപ്പോഴും ഭക്ഷണം തിരഞ്ഞെടുക്കുന്നത്. മുതിര്‍ന്നവര്‍ ഭക്ഷണം വാങ്ങുമ്പോള്‍, ഏതാണ് സുരക്ഷിതമെന്നും ആരോഗ്യത്തില്‍ അത് എന്ത് സ്വാധീനമാണ് ചെലുത്തുകയെന്നും അവര്‍ക്ക് അറിയാം. എന്നാല്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം രുചിക്കാണ് പ്രാധാന്യം, മറ്റ് കാര്യങ്ങള്‍ അവര്‍ പരിശോധിക്കാറില്ല, ഖാദര്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട വ്യാപാര സംഘടനകള്‍ക്കും നോട്ടീസ് നല്‍കുമെന്നും പുതിയ മാനദണ്ഡങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ വളപ്പില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ) ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്കാണെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *