Headlines

രാമക്ഷേത്രക്കൊള്ള പ്രതിഷേധം; രാഹുല്‍ ഗാന്ധിയടക്കം മൂന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ കേസ് | Case Against Rahul Gandhi In Ram Temple Theft Skit; Total Three Members of Parliament in List


India

oi-Ashif N

വാരണാസി/ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകള്‍ അപഹരിച്ചതിനെതിരെ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം മൂന്ന് എംപിമാര്‍ക്കെതിരെ ഉത്തര്‍ പ്രദേശിലെ വാരണാസി പൊലീസ് കേസെടുത്തു. സനാതന ധര്‍മത്തെ അപമാനിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് നടപടി.

സ്വതന്ത്ര എംപി പപ്പു യാദവ്, എസ്പി നേതാവും അയോധ്യ എംപിയുമായ അവധേഷ് പ്രസാദ് എന്നിവരാണ് കേസിലെ മറ്റു എംപിമാര്‍. പ്രതിഷേധത്തിനിടെ രാമനെയും സനാതന ധര്‍മത്തെയും അപമാനിച്ചെന്നാരോപിച്ച് സന്യാസിമാര്‍ നല്‍കിയ പരാതിയിലാണ് വാരണാസി കോട്വാലി പൊലീസ് കേസെടുത്തത്. കാശി സോണ്‍ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഗൗരവ് ബന്‍സവാള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

rahul gandhi case in varanasi

അതേസമയം, ഡല്‍ഹി ജഹാംഗീര്‍പുരി പൊലിസ് സ്റ്റേഷനിലും വിഷയത്തില്‍ പരാതി ലഭിച്ചിട്ടുണ്ട്. സൂര്യ മൈഥില്‍ ആണ് പരാതി നല്‍കിയത്. പ്രതിഷേധത്തിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. പ്രതിഷേധത്തിനിടെ ഭക്തരുടെ മതചിഹ്നങ്ങളെ അപമാനിച്ചെന്നും രാമലല്ലയുടെ ചിത്രം പപ്പു യാദവ് കാലിനടിയില്‍ വച്ചെന്നും പരാതിക്കാരന്‍ ആരോപിച്ചു.

വെള്ളിയാഴ്ച പാര്‍ലമെന്റ് സമുച്ചയത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ പപ്പു യാദവ് കാവി വസ്ത്രം ധരിച്ച് ക്ഷേത്ര പുരോഹിതന്റെ വേഷത്തിലെത്തുകയായിരുന്നു. കൈയില്‍ രാമന്റെ ചിത്രം പിടിച്ചായിരുന്നു പ്രതിഷേധം. രാമക്ഷേത്രത്തിലേക്ക് ഭക്തര്‍ നല്‍കിയ സംഭാവനകള്‍ തട്ടിയെടുത്തുവെന്ന ആരോപണം പ്രതീകാത്മകമായി അവതരിപ്പിക്കുന്ന നാടകവും പ്രതിപക്ഷ എം.പിമാര്‍ ചേര്‍ന്ന് നടത്തി.

നാടകത്തില്‍ ഭക്തരുടെ വേഷത്തിലെത്തിയ എംപിമാര്‍ സംഭാവനപ്പെട്ടിയില്‍ പണം നിക്ഷേപിച്ചു. പുരോഹിതന്റെ വേഷമിട്ട പപ്പു യാദവ് പണം സംഭാവനപ്പെട്ടിയില്‍ ഇടുന്നതിന് പകരം പോക്കറ്റിലാക്കുന്നതായാണ് അവതരിപ്പിച്ചത്. ഇതിലൂടെ രാമക്ഷേത്ര സംഭാവന തട്ടിയെടുത്തുവെന്ന ആരോപണം പ്രതീകാത്മകമായി ഉന്നയിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ കാണക്കയായി പണം നല്‍കിയിരുന്നു.

അയോധ്യയില്‍ ഭക്തര്‍ നല്‍കിയ സംഭാവനകള്‍ക്ക് രസീത് നല്‍കിയില്ലെന്നും തെളിവായ സിസിടിവി ദൃശ്യങ്ങള്‍ നീക്കം ചെയ്തെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതിഷേധമെന്ന് സമാജ്വാദി പാര്‍ട്ടി എംപി ധര്‍മേന്ദ്ര യാദവ് പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാര്‍ലമെന്റ് സമുച്ചയത്തിലെ പ്രതിഷേധ രീതിയില്‍ ലോക്സഭാ സെക്രട്ടേറിയറ്റ് കടുത്ത നിലപാടെടുത്തുവെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധം സനാതന ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *