Headlines

‘സുരേഷ് ഗോപി തൃശൂരിന്റെ മുത്താണ്’; 24 ലക്ഷം രൂപയുടെ കേന്ദ്ര സഹായം, വൈകാന്‍ കാരണം ഇതാണ് | Suresh Gopi Is Pride Of Thrissur, B Gopalakrishnan Says After Allowed 24 lakh For Pulikkali


Kerala

oi-Ashif N

തൃശൂര്‍: പുലിക്കളി സംഘങ്ങള്‍ക്ക് സുരേഷ് ഗോപി എംപി പ്രഖ്യാപിച്ച കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കേന്ദ്രമന്ത്രി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. മാര്‍ഗ നിര്‍ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കപ്പെടാത്തതാണ് ഫണ്ട് വൈകാന്‍ കാരണമായത് എന്ന് സുരേഷ് ഗോപി കുറിപ്പില്‍ പറയുന്നു. ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭ്യമാക്കുകയായിരുന്നു എന്ന് സുരേഷ് ഗോപി അറിയിച്ചു.

ഭാവിയില്‍ മാനദണ്ഡം പാലിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് പൂര്‍ണമായി അനുവദിച്ചത്. ഓണത്തിന് പുലിക്കളിയുടെ പൊലിമ കൂട്ടാന്‍ ഈ തുക കരുത്താകുമെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. വാഗ്ദാനം ചെയ്ത പണം അനുവദിക്കണം എന്ന് ഏറെ നാളായി പുലിക്കളി സംഘങ്ങള്‍ ആവശ്യപ്പെട്ടു വരവെയാണ് സുരേഷ് ഗോപിയുടെ പ്രഖ്യാപനം.

suresh gopi fund for pulikkali

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ വിഷയത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ”സൊന്നാ സെയ്തിടും തമ്പി.. എം പി ആവുന്നതിനും മുന്‍പ് സ്വന്തം അദ്ധ്വാനത്തിന്റെ വരുമാനത്തില്‍ നിന്നും തൃശ്ശൂരിലെ പുലികള്‍ക്ക് 50,000 രൂപ വെച്ച് ഓരോ പുലി കളി സംഘത്തിനും സഹായവും വ്യക്തിപരമായി നല്‍കിയതാണ് ശ്രീ. സുരേഷ് ഗോപി. അത്ര മാത്രം പുലി കളി എന്ന കലയെയും പുലി കളി സംഘങ്ങളെയും സ്‌നേഹിക്കുന്ന, അവരുടെ ബുദ്ധിമുട്ടുകള്‍ കണ്ടറിയുന്ന സഹോദര തുല്യനായ വ്യക്തിയാണ് സുരേഷേട്ടന്‍. ആ ആത്മാര്‍ത്ഥത പുലി കളി സംഘങ്ങള്‍ക്ക് നല്ല ബോധ്യമുള്ളതാണ്.

എംപി ആയി ജയിച്ചപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ടൂറിസം മന്ത്രാലയത്തിന്റെ ഗ്രാന്റ് 3 ലക്ഷം രൂപ വെച്ച് ഓരോ പുലി കളി സംഘങ്ങള്‍ക്കും പ്രഖ്യാപിച്ചു. എന്നാല്‍ ചില ജില്ലാ ഭരണകൂടത്തിന്റെ അധികാരികള്‍ രാഷ്ട്രീയ താല്പര്യങ്ങളാല്‍ മാനദണ്ഡങ്ങള്‍ മനഃപൂര്‍വ്വം പുലി കളി സംഘങ്ങളില്‍ നിന്ന് മൂടി വെച്ചപ്പോള്‍, ഈ തുക അനുവദിക്കാന്‍ തടസ്സങ്ങള്‍ ഉണ്ടായി. ഉടനെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് സുരേഷ് ഗോപി പറഞ്ഞ് പറ്റിച്ചതാണ് എന്നൊക്കെ വരുത്തി തീര്‍ക്കാന്‍ ആവുന്നത്ര ശ്രമിച്ചു. മുന്‍ കാലങ്ങളില്‍ മറ്റൊരു എംപി യൊ എംഎല്‍എയോ ചിന്തിക്കാത്ത തരത്തില്‍ ഇത്തരത്തില്‍ ഒരു ധന സഹായത്തിന് സാധ്യത കാണുകയും അതിന് വേണ്ടി ശ്രമിക്കുകയും ചെയ്തിട്ടും സുരേഷേട്ടനെ പഴി പറയാന്‍ കൊട്ടേഷന്‍ എടുത്തവര്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളില്‍ നെറികെട്ട വിമര്‍ശനങ്ങള്‍ നടത്തി.

പക്ഷെ അതൊന്നം സുരേഷ് ഗോപി എന്ന ജന സേവകനെ തളര്‍ത്തിയില്ല. പുലി കളിയോടും പുലി കളി സംഘങ്ങളോടും അദ്ദേഹത്തിന് ഉള്ള സ്‌നേഹത്തിലെ നിഷ്‌കളങ്കത തുണയായി. മാനദണ്ഡങ്ങള്‍ പാലിക്കപെട്ടില്ലെങ്കിലും ഒരു തവണ ആനുകൂല്യം നേടാനുള്ള മാസങ്ങളായുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ കിട്ടില്ല എന്ന് കരുതിയ കഴിഞ്ഞ ഓണത്തിന്റെ 24 ലക്ഷം രൂപയുടെ കേന്ദ്ര സഹായം പുലി കളി സംഘള്‍ക്ക് കൈമാറാനുള്ള ഓര്‍ഡര്‍ നേടിയെടുത്തിരിക്കയാണ്.

രാഷ്ട്രീയ ലക്ഷ്യങ്ങളുടെ വാചോടാപങ്ങളെക്കാള്‍ പറഞ്ഞ കാര്യം ചെയ്തെടുക്കുന്ന ജന സേവന പ്രവര്‍ത്തനം മാത്രമാണ് യഥാര്‍ത്ഥ മറുപടി എന്ന് സുരേഷേട്ടന്‍ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. തൃശ്ശൂരുകാര്‍ക്ക് തെറ്റ് പറ്റി എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവരോട്.. സുരേഷ് ഗോപി തൃശ്ശൂരിന്റെ മുത്താണ്. തൃശ്ശൂരുകാരുടെ സുരേഷ് ഗോപിയിലുള്ള വിശ്വാസം ആരൊക്കെ വിചാരിച്ചാലും തകര്‍ക്കാന്‍ സാധിക്കില്ല.. ജസ്റ്റ് റിമംബര്‍ ദാറ്റ്.”



Source link

Leave a Reply

Your email address will not be published. Required fields are marked *