അവധി ദിവസങ്ങളിൽ ദിവസേന 700 മുതൽ 800 വരെ ആളുകൾ ഈ സ്വിമ്മിംഗ് പൂൾ സന്ദർശിക്കാറുണ്ടെന്ന് പോസ്റ്റിൽ പറയുന്നു
ന്യൂഡൽഹി: വേനൽക്കാലത്ത് ഒരു സ്വിമ്മിംഗ് പൂളിൽ നിന്ന് പ്രതിമാസം 22.5 ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതികരണങ്ങളുമായി ഉപയോക്താക്കൾ. മീററ്റിൽ ദേശീയപാത 58-ന് സമീപം ഫാം ഹൗസുള്ള സുഹൃത്തിന്റെ സീസണൽ ബിസിനസ്സിനെക്കുറിച്ച് പൂജ എന്ന കണ്ടെന്റ് ക്രിയേറ്ററാണ് എക്സിൽ വിവരങ്ങൾ പങ്കുവെച്ചത്.
വേനൽക്കാല അവധി ദിവസങ്ങളിൽ ദിവസേന 700 മുതൽ 800 വരെ ആളുകൾ ഈ സ്വിമ്മിംഗ് പൂൾ സന്ദർശിക്കാറുണ്ടെന്ന് പോസ്റ്റിൽ പറയുന്നു. ശരാശരി 750 പേർ എത്തുന്നു എന്ന് കണക്കാക്കിയാൽ ഒരാൾക്ക് 100 രൂപ പ്രവേശന ഫീസ് നിരക്കിൽ ദിവസവും 75,000 രൂപ വരുമാനം ലഭിക്കും. ഇത് ഒരു മാസത്തേക്ക് കണക്കുകൂട്ടുമ്പോൾ 22.5 ലക്ഷം രൂപയാകും. ഓഫ്-സീസണിൽ ദിവസവും 250 ഓളം ആളുകൾ എത്താറുണ്ടെന്നും അതുവഴി പ്രതിദിനം 25,000 രൂപയും പ്രതിമാസം ഏകദേശം 7.5 ലക്ഷം രൂപയും വരുമാനം ലഭിക്കുന്നുണ്ടെന്നും ക്രിയേറ്റർ അവകാശപ്പെടുന്നു. സ്വന്തം സ്ഥലത്തായതിനാൽ വാടകയിനത്തിൽ ചിലവില്ലെന്നും 20,000 രൂപ ആകെ ശമ്പളം വരുന്ന രണ്ട് സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളതെന്നും പോസ്റ്റിലുണ്ട്.
പൂളിലെ വെള്ളം മാറ്റുന്ന സമയത്ത് അത് ഒഴുക്കിക്കളയാതെ കൃഷിക്കായി പ്രദേശത്തെ കർഷകർക്ക് വിൽക്കുകയാണ് സുഹൃത്ത് ചെയ്യുന്നത്. ഒരേ വെള്ളം ഉപയോഗിച്ച് ആദ്യം നീന്തലിലൂടെയും പിന്നീട് കാർഷിക ആവശ്യത്തിലൂടെയും വരുമാനമുണ്ടാക്കുന്നുവെന്നതാണ് ബിസിനസ്സിന്റെ പ്രധാന സവിശേഷതയായി ഇവർ ചൂണ്ടിക്കാണിക്കുന്നത്.
Yesterday morning, I was walking towards my friend’s farm, where he has built a swimming pool.
Just for fun, I asked him,
“Buddy, does this thing actually make any money, or are you just fulfilling a hobby ?”He smiled and replied, “It’s doing okay, nothing extraordinary.”… pic.twitter.com/7LczPCzAaJ
— Pooja (@poojaofficial5) June 10, 2026
ഈ പോസ്റ്റിന് അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ഒരേ അസറ്റിൽ നിന്ന് ഒന്നിലധികം രീതിയിൽ വരുമാനമുണ്ടാക്കുന്ന മികച്ച ബിസിനസ്സ് മോഡലാണിതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ മെയിന്റനൻസ് അടക്കമുള്ള കൃത്യമായ ചിലവുകൾ കൂടി കണക്കിലെടുത്താൽ മാത്രമേ യഥാർത്ഥ ലാഭം വ്യക്തമാകൂ എന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടുന്നു.
നഗരത്തിന് പുറത്തുള്ള ഒരു ഫാം ഹൗസിലെ സ്വിമ്മിംഗ് പൂളിലേക്ക് ദിവസവും 750-ലധികം ആളുകൾ വരുന്നു എന്ന അവകാശവാദത്തെയും പലരും സംശയത്തോടെയാണ് കാണുന്നത്. ക്ലോറിനും മറ്റ് രാസവസ്തുക്കളും അടങ്ങിയ സ്വിമ്മിംഗ് പൂളിലെ വെള്ളം കൃഷിയെ ദോഷകരമായി ബാധിക്കുമെന്നും, അതിനാൽ വെള്ളം കർഷകർക്ക് വിൽക്കുന്നു എന്ന വാദം കെട്ടിച്ചമച്ചതാണെന്നും എക്സ് ഉപയോക്താക്കളിൽ ചിലർ വിമർശിക്കുന്നു.
Meerut Cantonment,Meerut,Uttar Pradesh
Jun 11, 2026 12:50 PM IST