Last Updated:
ഏഴ് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ അവസാന ചിത്രമായ ‘ജനനായകന്’ ഒടുവിൽ സെൻസർ ബോർഡിന്റെ (സിബിഎഫ്സി) ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചു. ഏഴ് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, ഇന്ത്യയിൽ റിലീസ് ചെയ്യുന്ന പതിപ്പിൽ നിരവധി കട്ടുകളും മാറ്റങ്ങളും വരുത്തുമ്പോൾ, വിദേശത്ത് ചിത്രത്തിന്റെ യഥാർത്ഥ പതിപ്പായിരിക്കും റിലീസ് ചെയ്യുക എന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതായത്, ഇന്ത്യക്ക് പുറത്ത് ജനനായകന്റെ അൺകട്ട് പതിപ്പ് കാണാൻ സാധിക്കും.
യുകെയിലെ ‘ജനനായകന്റെ’ വിതരണക്കാരായ അഹിംസ എന്റർടൈൻമെന്റ്, ചിത്രത്തിന് യാതൊരുവിധ മാറ്റങ്ങളോ കട്ടുകളോ ഇല്ലാതെ 15+ റേറ്റിംഗ് ലഭിച്ചതായി ഞായറാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 24 മുതൽ യുകെ തിയേറ്ററുകളിൽ ‘ജനനായകൻ’ അൺകട്ട് പതിപ്പായി 15+ റേറ്റിംഗോടെ എത്തുമെന്നും ആക്ഷനും മാസും ദളപതി ക്രേസും എങ്ങനെയാണോ കാണിക്കേണ്ടത് അതുപോലെ തന്നെ അവസാനമായി ആസ്വദിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ ഇന്ത്യൻ പതിപ്പിൽ വരുത്തിയ മാറ്റങ്ങൾ താഴെ പറയുന്നവയാണ്. ‘ജനനായകനിൽ’ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘ദളപതി വെട്രി കൊണ്ടാൻ’ എന്നാണ്, ഇതിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്തുവെച്ചാൽ ‘ടിവികെ’ (TVK) എന്ന് വരും. നടൻ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ചുരുക്കപ്പേരും ടിവികെ എന്നത് തന്നെയാണ്. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം, ചിത്രത്തിലെ ഒരു പ്രധാന സംഭാഷണ രംഗത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ചിത്രത്തിന്റെ ഒരു നിർണ്ണായക ഭാഗത്ത് വരുന്ന “അംബേദ്കർ നിയമം… ടിവികെ നിയമം” എന്ന ഡയലോഗ് മാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ഇതിലെ രാഷ്ട്രീയ പാർട്ടിയുമായി ബന്ധിപ്പിക്കുന്ന പരാമർശം ഓഡിയോയിൽ നിന്നും വീഡിയോയിൽ നിന്നും നീക്കം ചെയ്യുകയും, സിനിമയുടെ ദൈർഘ്യത്തെ ബാധിക്കാത്ത രീതിയിൽ ആ ഭാഗം മ്യൂട്ട് ചെയ്യുകയും ചെയ്തു.
കൂടാതെ, സിനിമയിൽ ‘ഓം’ എന്ന് ഉപയോഗിച്ചിരിക്കുന്ന എല്ലാ ഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ‘ഓപ്പറേഷൻ മേലൂഹ’ വിശദീകരിക്കുന്ന ഘട്ടത്തിൽ ഉപയോഗിച്ച ‘ന്യൂ ഇന്ത്യ’ എന്ന വാക്കും ഒഴിവാക്കി. സദ്ദാമിനെ തൂക്കിലേറ്റിയതിനെ പരാമർശിക്കുന്ന ഒരു ഡയലോഗ് മ്യൂട്ട് ചെയ്യുകയോ പകരം മറ്റൊരു വാക്ക് നൽകുകയോ ചെയ്തിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ബാഡ്ജ് അപകീർത്തികരമായ രീതിയിൽ താഴേക്ക് ഉരുട്ടിവിടുന്ന മറ്റൊരു ദൃശ്യത്തിലും മാറ്റം വരുത്തി പകരം ദൃശ്യം ഉൾപ്പെടുത്തിയിട്ടുണ്ട്.
മാറ്റങ്ങളുടെ ഭാഗമായി ‘ഭാഗവതം’, ‘രംഗനാഥൻ’ എന്നീ വാക്കുകളും ചില അസഭ്യ വാക്കുകളും ചില സംഭാഷണങ്ങളും മ്യൂട്ട് ചെയ്തിട്ടുണ്ട്. ഒരു കുട്ടി വെന്തുമരിക്കുന്ന ദൃശ്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത് പകരം ദൃശ്യങ്ങൾ ചേർത്തു. ഇതിനൊപ്പം ‘സിലുവൈല’ എന്ന വാക്ക് മ്യൂട്ട് ചെയ്യുകയും ‘ഷീല റാണി’ എന്ന പേര് മാറ്റുകയും ചെയ്തു. ഇന്ത്യൻ ദേശീയ പതാക നിലത്തു വീഴുന്ന ദൃശ്യങ്ങളും ചിത്രത്തിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
Chennai,Tamil Nadu
