Headlines

വന്ദേമാതരത്തെ അധിക്ഷേപിച്ചാല്‍ 3 വര്‍ഷം തടവ്; ബില്ല് രാജ്യസഭ കടന്നു, പരീക്ഷ ചോര്‍ച്ച ബില്ല് ലോക്‌സഭയും | 3 Year Jail For Insulting Vande Mataram; Bill Passes In Rajya Sabha; Exam Leak Bill Clears Lok Sabha


India

oi-Ashif N

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രസംഗവും അത് തടയാനുള്ള ഭരണപക്ഷത്തിന്റെ ശ്രമങ്ങളും വിദ്യാര്‍ഥി സമരത്തിന്റെ തുടര്‍ചലനങ്ങളുമെല്ലാം ഇന്നും പാര്‍ലമെന്റിനെ ബഹളത്തില്‍ മുക്കി. അതിനിടെ, പരീക്ഷാ ചോദ്യപ്പേപര്‍ ചോര്‍ച്ച തടയല്‍ ബില്ല് ലോക്‌സഭ പാസാക്കി. വന്ദേമാതരത്തെ അധിക്ഷേപിച്ചാല്‍ ശിക്ഷിക്കപ്പെടുമെന്ന ബില്ല് രാജ്യസഭയും പാസാക്കി.

പരീക്ഷാ ക്രമക്കേടുകള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്ന പൊതു പരീക്ഷാ (അന്യായ മാര്‍ഗങ്ങള്‍ തടയല്‍) ഭേദഗതി ബില്‍ രണ്ട് ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് ലോക്സഭ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടെടെയാണ് ബില്‍ പാസാക്കിയത്. പരീക്ഷകളിലെ ക്രമക്കേട് നടത്തുന്ന വ്യക്തിക്ക് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.

vande mataram bill

പരീക്ഷകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ ഉള്‍പ്പെടെയുള്ള സേവന ദാതാക്കള്‍ കുറ്റം ചെയ്താല്‍ അഞ്ച് കോടി രൂപ വരെ പിഴയും എട്ട് വര്‍ഷത്തെ വിലക്കുമുണ്ടാകും. ക്രമക്കേടില്‍ ഉള്‍പ്പെട്ട സേവന ദാതാവിന്റെ ചുമതലയുള്ള വ്യക്തിക്ക് കുറഞ്ഞ തടവ് അഞ്ച് വര്‍ഷവും പിഴ അഞ്ച് കോടി രൂപയുമാക്കി ഉയര്‍ത്തി. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ സംഘടിത കുറ്റകൃത്യങ്ങളില്‍ കുറഞ്ഞ തടവ് ഏഴ് വര്‍ഷവും കുറഞ്ഞ പിഴ 10 കോടി രൂപയുമാക്കി ഉയര്‍ത്തുകയും ചെയ്തു. കേസുകളുടെ വിചാരണ വേഗത്തിലാക്കും.

അതേസമയം, വന്ദേമാതരത്തെ അധിക്ഷേപിച്ചാലും ആലപിക്കുന്നത് തടഞ്ഞാലും മുന്ന് വര്‍ഷം വരെ തടവ് ഉറപ്പാക്കുന്ന പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ (ഭേദഗതി) ബില്‍ രാജ്യസഭ പാസാക്കി. വിദ്യാര്‍ഥി സമരത്തിലുണ്ടായ പോലിസ് അതിക്രമത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ സഭയിലെത്തി മറുപടി പറയണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ രാജ്യസഭ പാസാക്കിയത്. ലോക്സഭ കൂടി കടന്നാല്‍ ബില്ല് നിയമമാകും.

വന്ദേമാതരം ആലപിക്കുന്നതിന് വ്യാപക എതിര്‍പ്പുള്ളതിനാല്‍ നിയമഭേദഗതി ദുരുപയോഗത്തിന് വഴിയൊരുക്കുമെന്നാണ് ആശങ്ക. വന്ദേമാതരത്തിന്റെ ആറു ചരണങ്ങളും ആലപിക്കുന്നതില്‍ മുസ്‌ലിംകള്‍ അടക്കമുള്ളവര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ബഹുദൈവ ആരാധന പ്രോല്‍സാഹിപ്പിക്കുന്നതാണ് മുസ്ലിങ്ങള്‍ ചൂണ്ടിക്കാട്ടുന്ന കാര്യം. നിയമമായാല്‍ ഇതിനെ എതിര്‍ക്കുന്നതും കുറ്റമാകും.

ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉറപ്പാക്കാനും എതിര്‍ക്കുന്നത് ക്രിമിനല്‍ക്കുറ്റമാക്കാനുമുള്ളതാണ് ബില്‍. വന്ദേമാതരത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുക, പാടുന്നത് തടയുക എന്നത് ക്രിമിനല്‍ക്കുറ്റമാണ്. നിലവില്‍ ദേശീയ ഗാനമായ ജന ഗണ മനയ്ക്കാണ് ഈ സംരക്ഷണമുള്ളത്. ദേശീയ ഗാനത്തിന്റെ സംരക്ഷണം ഇനി വന്ദേമാതരത്തിനും ലഭിക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷം തടവോ പിഴയോ ലഭിക്കാം. ലോക്സഭ കൂടി പാസാക്കുന്നതോടെ ദേശീയ ചിഹ്നം, ദേശീയ ഗാനം, ദേശീയ പതാക പോലുള്ളവയ്ക്കുള്ള സംരക്ഷമാണ് വന്ദേമാതരത്തിനും ലഭിക്കുക.



Source link

Leave a Reply

Your email address will not be published. Required fields are marked *