Headlines

ലാര്‍ ഗിബ്ബോണിനെ മടിയില്‍ ഇരുത്തി വീഡിയോ; നടന്‍ ചിയാന്‍ വിക്രം പെട്ടു, കുതിച്ചെത്തി ഉദ്യോഗസ്ഥര്‍ | Chiyaan Vikram In Trouble After Lar Gibbon Video Goes Viral; Tamil Nadu Forest Officials Starts Probe


Movie News

oi-Ashif N

ചെന്നൈ: അപൂര്‍വ ഇനം വാലില്ലാക്കുരങ്ങിനെ മടിയില്‍ ഇരുത്തി കൊഞ്ചിക്കുന്ന വീഡിയോ പുറത്തുവിട്ട നടന്‍ ചിയാന്‍ വിക്രം പെട്ടു. ലാര്‍ ഗബ്ബോണ്‍ എങ്ങനെ വീട്ടിലെത്തി എന്നും ആര് അനുമതി നല്‍കി എന്നും വീഡിയോക്ക് താഴെ കമന്റുകള്‍ നിറഞ്ഞു. ഇന്ത്യയില്‍ അപൂര്‍വമാണ് ലാര്‍ ഗിബ്ബോണ്‍. ഇതിനെ വീട്ടില്‍ വളര്‍ത്താന്‍ അനുമതി ലഭിക്കാറില്ല. വംശനാശം നേരിടുന്ന മൃഗം കൂടിയാണിത്.

ലാര്‍ ഗിബ്ബോണ്‍ ഓടി നടക്കുന്നതും വിക്രമിന്റെ മടിയില്‍ ഇരിക്കുന്നതും മുടിയില്‍ പിടിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ലാര്‍ ഗിബ്ബോണ്‍ കാണിക്കുന്ന പോലെ വിക്രം മുഖഭാവത്തില്‍ മാറ്റം വരുത്തി തമാശ കാണിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ വീഡിയോ വൈറലായതോടെ നടന്‍ പെട്ടു. വീട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

chiyaan vikram video with lar gibbon goes viral

വളരെ സന്തോഷത്തോടെയാണ് വിക്രം വീഡിയോ പങ്കുവച്ചത്. വൈറലായതോടെ നടന് കുരുക്കായി. കാരണ ഇത്തരം വാലില്ലാകുരങ്ങുകളെ വീട്ടില്‍ വളര്‍ത്താന്‍ പറ്റില്ല. വനംവകുപ്പിന്റെ നിരീക്ഷണത്തില്‍ സംരക്ഷിക്കേണ്ടവയാണ്. ഇതെങ്ങനെ വീട്ടിലെത്തി, എവിടെ നിന്ന് കൊണ്ടുവന്നു, ലൈസന്‍സ് ഉണ്ടോ തുടങ്ങി ഒരുപിടി ചോദ്യങ്ങളാണ് നടനെതിരെ ഉയര്‍ന്നിരിക്കുന്നത്.

സംഭവം വിവാദമായതോടെ വിക്രം ഇന്‍സ്റ്റഗ്രാം വീഡിയോ ഡിലീറ്റ് ചെയ്തു. എന്നാല്‍ അവിടെ പ്രശ്‌നം തീര്‍ന്നില്ല. തമഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി. ലാര്‍ ഗിബ്ബോണ്‍ എങ്ങനെ വിക്രമിന് കിട്ടി എന്ന ചോദ്യത്തിന് ഉത്തരമാണ് ആദ്യം വനംവകുപ്പ് തേടിയത്. തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായി സികെ രംഗനാഥന്റേതാണ് ഈ വാലില്ലാ കുരങ്ങ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിക്രമിന്റെ മകള്‍ അക്ഷിതയുടെ ഭര്‍ത്താവ് മനു രഞ്ജിതിന്റെ അച്ഛനാണ് സികെ രംഗനാഥന്‍. കെവിന്‍ കെയര്‍ എന്ന കമ്പനിയുടെ സ്ഥാപകനാണ്. ഇദ്ദേഹത്തിന്റെ ഈസ്റ്റ് കോസ്റ്റ് റോഡിലെ ഫാംഹൗസില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത് എന്ന് കരുതുന്നു. രംഗനാഥന് ലാര്‍ ഗിബ്ബോണിനെ വളര്‍ത്താന്‍ നിയമപരമായ രേഖയുണ്ടോ എന്ന് വനംവകുപ്പ് പരിശോധ തുടങ്ങി. പരിശോധനയില്‍ രേഖകള്‍ ലഭിച്ചില്ല എന്നാണ് വിവരം. രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചില്ലെങ്കില്‍ കുരുക്ക് മുറുകും.

തെക്ക് കിഴക്കന്‍ ഏഷ്യയില്‍ മാത്രം കാണുന്ന വാലില്ലാക്കുരങ്ങാണ് ലാര്‍ ഗിബ്ബോണ്‍. ഇവയുടെ സംരക്ഷണത്തിന് വേണ്ടി അന്താരാഷ്ട്ര നിയമങ്ങളും ഇന്ത്യന്‍ വന്യ ജീവി നിയമങ്ങളും നിലവിലുണ്ട്. വിദേശത്ത് നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വീട്ടില്‍ കൊണ്ടുവരുന്നതിന് കൃത്യമായ രേഖ ആവശ്യമാണ്. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തിലെ നാലാം പട്ടികയില്‍ വരുന്നതാണ് ലാര്‍ ഗിബ്ബോണ്‍. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവര്‍ഗമായിട്ടാണ് കണക്കാക്കുന്നത്. മണിപ്പൂരില്‍ നിന്നാണ് ഇതിനെ ചെന്നൈയില്‍ എത്തിച്ചത് എന്നാണ് വാര്‍ത്തകള്‍. വിക്രമിന്റെ ഒരു റീല്‍സ് കാരണം ബന്ധുക്കള്‍ ഉള്‍പ്പെടെ വെട്ടിലായിരിക്കുകയാണ് എന്ന് ചുരുക്കം.



Source link

Leave a Reply

Your email address will not be published. Required fields are marked *