Last Updated:
താൻ നടത്തിയ നിയമലംഘനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണം
താരസംഘടനയായ അമ്മയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി നടി അൻസിബ. ലക്ഷ്മിപ്രിയയും ടിനിടോമുമായുള്ള വിഷയം തീർത്തും വ്യക്തിപരമാണെന്നും അക്കാര്യത്തിൽ അമ്മ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അൻസിബ പറഞ്ഞു. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് അൻസിബ താരസംഘടനയ്ക്ക് അയച്ച മെയിലിന്റെ പകർപ്പ് പുറത്തുവന്നു.
കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തതക്കുറവുണ്ട്. താൻ നടത്തിയ നിയമലംഘനങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണം. അമ്മയിൽ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാൻ സംഘടന തയ്യാറായിരുന്നില്ല. ക്രിമിനൽ സ്വഭാവമുള്ള പ്രവർത്തികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തനിക്ക് പൂർണ അവകാശമുണ്ട്. താൻ സ്വീകരിക്കുന്ന നിയമപരമായ നടപടികൾ തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അൻസിബ ചൂണ്ടിക്കാട്ടി.
ടിനി ടോമുമായുള്ള വിഷയം ഗുരുതരമായ സ്വഭാവമുള്ളതാണ്. അത് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് റിപ്പോർട്ടുണ്ട്. ഇവർ രണ്ട് പേരുമായി തനിക്ക് പ്രശ്നങ്ങളുണ്ടെന്ന് സംഘടനയ്ക്ക് അറിയാമായിരുന്നു. പരാതികളും മുന്നിലുണ്ടായിരുന്നു. എന്നാൽ യാതൊരു നടപടിയും അമ്മ സംഘടന സ്വീകരിച്ചില്ല.
ടിനി ടോമിനും ലക്ഷ്മിപ്രിയക്കുമെതിരായി അൻസിബ നടത്തിയ പരസ്യപ്രതികരണങ്ങളെ തുടർന്നാണ് സംഘടന കാരണംകാണിക്കൽ നോട്ടീസയച്ചത്. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും ഇതില്‍ കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും കാണിച്ചായിരുന്നു നോട്ടീസ്. അൻസിബയുടെ ആരോപണങ്ങൾ അമ്മയുടെ പ്രവർത്തനങ്ങളെ ബാധിച്ചതായും സംഘടന ചൂണ്ടിക്കാട്ടി.
അതേസമയം, അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി. ലക്ഷ്മി പ്രിയക്കും വനിതാ എസ്ഐക്കുമെതിരെ നൽകിയ പരാതിയിലാണ് റിപ്പോർട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
Ernakulam,Kerala
Jun 12, 2026 10:27 AM IST
