Headlines

രാജ്യത്തെ പുതിയ വാഹനങ്ങളിൽ വി2വി സംവിധാനം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം; അപകടങ്ങൾ കുറയുമോ? | Centre Set To Introduce V2V System In New Vehicles Across The Country; Will Accidents Decrease?


India

oi-Nidhin Illikkambath

ഇന്ത്യയിൽ പുതുതായി നിർമ്മിക്കുന്ന വാഹനങ്ങളിൽ വാഹനങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയ സംവിധാനം (വി2വി) നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുകയാണ്. 2028 ഒക്ടോബർ 1 മുതൽ പുതിയതായി നിർമിക്കുന്ന എൽ, എം, എൻ വിഭാഗങ്ങളിലെ എല്ലാ വാഹനങ്ങളിലും ഈ സംവിധാനം നിർബന്ധമാക്കാനാണ് കരട് വിജ്ഞാപനത്തിലെ നിർദ്ദേശം. 1989ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്.

അന്തിമ അംഗീകാരം ലഭിച്ചിട്ടില്ലാത്ത കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. വി2വി ആശയവിനിമയ സംവിധാനത്തിനായി എഐഎസ്-230 എന്ന പുതിയ മാനദണ്ഡവും മന്ത്രാലയം അവതരിപ്പിച്ചിട്ടുണ്ട്. 2027 ഒക്ടോബർ 1 മുതൽ സ്വമേധയാ ഈ സാങ്കേതികവിദ്യ വാഹനങ്ങളിൽ ഉൾപ്പെടുത്തുന്ന നിർമ്മാതാക്കൾക്ക് AIS-230 മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും.

v2v

2028 ഒക്ടോബർ മുതൽ ഇത് എല്ലാ പുതിയ വാഹനങ്ങൾക്കും ബാധകമാക്കാനാണ് ലക്ഷ്യമിടുന്നത്. എൽ വിഭാഗത്തിൽ ഇരുചക്ര വാഹനങ്ങളും, എം വിഭാഗത്തിൽ യാത്രാ വാഹനങ്ങളും, എൻ വിഭാഗത്തിൽ വാണിജ്യ വാഹനങ്ങളുമാണ് ഉൾപ്പെടുന്നത്. അതിനാൽ ഇന്ത്യയിൽ വിൽക്കുന്ന ഭൂരിഭാഗം വാഹനങ്ങളെയും ഈ നിർദ്ദേശം ബാധിക്കും.

എഐഎസ്-230 പ്രകാരം ഫാക്‌ടറിയിൽ തന്നെ ഘടിപ്പിക്കുന്ന ഓൺ-ബോർഡ് യൂണിറ്റുകളാണ് വാഹനങ്ങളിൽ ഉപയോഗിക്കേണ്ടത്. സെല്ലുലാർ വെഹിക്കിൾ-ടു-എവരിതിംഗ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഈ സംവിധാനം 5.875 ജിഗാഹെർട്സ് മുതൽ 5.925 ജിഗാഹെർട്സ് വരെയുള്ള സ്പെക്ട്രത്തിലാണ് പ്രവർത്തിക്കുക.

റേഡിയോ പ്രവർത്തനം, റിസീവറിന്റെ സംവേദനക്ഷമത, ജിഎൻഎസ്എസ്, സ്ഥാനം നിർണയിക്കുന്നതിലെ കൃത്യത, വൈദ്യുതി വിതരണം, വൈദ്യുതകാന്തിക ഇടപെടലുകൾ, സൈബർ സുരക്ഷ തുടങ്ങിയവയ്ക്കുള്ള കുറഞ്ഞ സാങ്കേതിക-പ്രവർത്തന മാനദണ്ഡങ്ങളും എഐഎസ്-230ൽ നിർവചിച്ചിട്ടുണ്ട്.

അടിയന്തര ബ്രേക്കിങ് മുന്നറിയിപ്പ്, മുന്നിലുള്ള കൂട്ടിയിടി മുന്നറിയിപ്പ്, തെറ്റായ ദിശയിൽ വാഹനമോടിക്കുന്നതിനുള്ള മുന്നറിയിപ്പ്, അടിയന്തര വാഹന മുന്നറിയിപ്പ് എന്നിങ്ങനെ നാല് പ്രധാന സുരക്ഷാ സംവിധാനങ്ങളും പുതിയ മാനദണ്ഡത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അപകടസാധ്യതകൾ ഡ്രൈവർക്ക് നേരിട്ട് കാണുന്നതിന് മുമ്പുതന്നെ മറ്റ് വാഹനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുന്നറിയിപ്പ് നൽകാൻ സാധിക്കും.

വി2വി സംവിധാനം എങ്ങനെ പ്രവർത്തിക്കും?

ഈ സംവിധാനമുള്ള വാഹനങ്ങൾ സെല്ലുലാർ വെഹിക്കിൾ-ടു-എവരിതിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് വേഗത, സ്ഥാനം, സഞ്ചാരദിശ, ത്വരണം തുടങ്ങിയ വിവരങ്ങൾ വയർലെസ് ആയി പരസ്‌പരം കൈമാറും. സാധാരണ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്‌റ്റൻസ് സംവിധാനങ്ങൾ ക്യാമറ, റഡാർ തുടങ്ങിയ വാഹനത്തിലെ സെൻസറുകളെ ആശ്രയിക്കുന്നതിനാൽ അവയുടെ ദൃശ്യപരിധിക്കുള്ളിലെ അപകടങ്ങളാണ് പ്രധാനമായും തിരിച്ചറിയുന്നത്.

എന്നാൽ വി2വി സംവിധാനത്തിന് സമീപത്തെ മറ്റ് വാഹനങ്ങളിൽ നിന്നുള്ള വിവരങ്ങളും ലഭിക്കുന്നതിനാൽ കൂടുതൽ നേരത്തെ മുന്നറിയിപ്പ് നൽകാൻ കഴിയും. നിലവിലുള്ള എഡിഎഎസ് സംവിധാനങ്ങൾക്ക് പകരമല്ല, അവയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് വി2വി സാങ്കേതികവിദ്യ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

പെട്ടെന്നുള്ള ബ്രേക്കിങ്, മുന്നിലുള്ള വാഹനവുമായി കൂട്ടിയിടിക്കാനുള്ള സാധ്യത, അപകടകരമായ ലെയ്ൻ മാറ്റങ്ങൾ, അടിയന്തര വാഹനങ്ങളുടെ സമീപനം തുടങ്ങിയ സാഹചര്യങ്ങളിൽ വി2വി മുന്നറിയിപ്പുകൾ നൽകാൻ കഴിയും. ഉദാഹരണത്തിന്, മുന്നിലുള്ള ഒരു വാഹനം ഡ്രൈവറുടെ കാഴ്‌ചയ്ക്ക് പുറത്തുള്ള ഭാഗത്ത് പെട്ടെന്ന് ബ്രേക്ക് ചെയ്‌താൽ, ആ വാഹനത്തിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതിലൂടെ പിന്നിലുള്ള വാഹനത്തിന് നേരത്തെ തന്നെ അപകട മുന്നറിയിപ്പ് നൽകാൻ സാധിക്കും.

എന്നാൽ സാങ്കേതികവിദ്യ നടപ്പാക്കുന്നതിൽ വാഹന നിർമാതാക്കൾക്ക് നിരവധി വെല്ലുവിളികളുണ്ട്. വ്യത്യസ്‌ത മോഡലുകളിലും വിവിധ കമ്പനികളുടെ വാഹനങ്ങളിലും സംവിധാനം ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിവിധ നിർമ്മാതാക്കളുടെ വാഹനങ്ങൾ തമ്മിലുള്ള പരസ്‌പര പ്രവർത്തനക്ഷമതയാണ് പ്രധാന വെല്ലുവിളികളിലൊന്ന്.

നേരത്തെ നടത്തിയ കണക്കുകൂട്ടലുകൾ പ്രകാരം ഒരു വാഹനത്തിൽ ഓൺ-ബോർഡ് യൂണിറ്റ് ഉൾപ്പെടുത്തുന്നതിന് ഏകദേശം 5,000 മുതൽ 7,000 രൂപ വരെ അധിക ചെലവ് വരാമെന്ന് വിലയിരുത്തിയിരുന്നു. എന്നാൽ പുതിയ കരട് വിജ്ഞാപനത്തിൽ ഈ ചെലവ് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം നൽകിയിട്ടില്ല. സൈബർ സുരക്ഷ, വിവര സംരക്ഷണം, ഉപയോക്താക്കളുടെ സ്വകാര്യത എന്നിവയും പ്രധാന ആശങ്കകളാണ്.

വാഹനങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറുന്നതിനാൽ ഉപയോക്താക്കളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കും, സംരക്ഷിക്കും, ഉപയോഗിക്കും എന്നതിൽ കർശനമായ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമായി വരും. വിവിധ രാജ്യങ്ങളിൽ രണ്ട് പതിറ്റാണ്ടിലേറെയായി വി2വി സാങ്കേതികവിദ്യ വികസിപ്പിച്ചു വരുന്നുണ്ടെങ്കിലും അമേരിക്ക, യൂറോപ്പ്, ചൈന, ജപ്പാൻ തുടങ്ങിയ വിപണികളിൽ പോലും ഇതിന്റെ വ്യാപകമായ ഉപയോഗം ഇപ്പോഴും പരിമിതമാണ്. അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *