Headlines

രാജ്യത്തെ പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കാനുള്ള ടാസ്‌ക് ഫോഴ്‌സ്; അംഗങ്ങളുടെ പ്രവർത്തന മേഖല മുതൽകൂട്ടാവും | New Task Force To Make Exams Leak Proof; Members Areas Of Expertise Will Prove To Be An Asset


India

oi-Nidhin Illikkambath

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ ദേശീയ പരീക്ഷാ ഏജൻസിയായ (എൻടിഎ) സമഗ്രമായി നവീകരിക്കുകയും രാജ്യത്തെ പരീക്ഷാ സംവിധാനം പരിഷ്‌കരിക്കുകയും ചെയ്യുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇൻഫോസിസിന്റെ സഹസ്ഥാപകനായ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള ഈ സമിതിയിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്‌ധരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സമിതിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ഏറെ ശ്രദ്ധയും വിശദമായ ആലോചനയും നടത്തിയിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ഈ ടാസ്‌ക് ഫോഴ്‌സ് സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. രാജ്യത്തെ പരീക്ഷാ സംവിധാനത്തെ ചോദ്യപേപ്പർ ചോർച്ച പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് സുരക്ഷിതമാക്കുന്നതിനൊപ്പം, സുതാര്യത, സുരക്ഷ, കൃത്യത എന്നിവയും മെച്ചപ്പെടുത്തുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

task force

സാങ്കേതികവിദ്യ, സുരക്ഷ, ലോജിസ്‌റ്റിക്‌സ്, ഭരണനിർവഹണം എന്നീ നാല് നിർണായക മേഖലകളിലെ വിദഗ്‌ധരെ ഒരുമിച്ച് ഉൾപ്പെടുത്തിയതാണ് ഈ സമിതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഓരോരുത്തരുടെയും അനുഭവവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി രാജ്യത്തെ പരീക്ഷാ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ ടാസ്‌ക് ഫോഴ്‌സിന് കഴിയുമെന്നാണ് പ്രതീക്ഷ. ഈ സമിതിയെ അംഗങ്ങളെയും അവരുടെ മേഖലകളെയും കുറിച്ച് അറിയാം.

നന്ദൻ നിലേകനി (ചെയർമാൻ): ഇൻഫോസിസിന്റെ സഹസ്ഥാപകനും ആധാർ പദ്ധതിയുടെ മുഖ്യ ശിൽപിയുമായ നന്ദൻ നിലേകനി ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള സാങ്കേതിക വിദഗ്‌ധരിൽ ഒരാളാണ്. യുഐഡിഎഐയുടെ ആദ്യ ചെയർമാനായിരുന്ന അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനമായ ആധാറിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയാൾ കൂടിയാണ്. സുരക്ഷിതമായ ഡിജിറ്റൽ സംവിധാനങ്ങൾ, തിരിച്ചറിയൽ പരിശോധന, എഐ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുതാര്യത എന്നിവയിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം സഹായിക്കും.

ഡോ. എസ് സോമനാഥ്: ഇസ്രോയുടെ മുൻ ചെയർമാനായ ഡോ. എസ് സോമനാഥ്, ചന്ദ്രയാൻ-3, ആദിത്യ-എൽ1 തുടങ്ങിയ ഇന്ത്യയുടെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ്. എയ്റോസ്പേസ് എൻജിനീയറായ അദ്ദേഹത്തിന് സങ്കീർണ സാങ്കേതിക സംവിധാനങ്ങൾ, വിശ്വാസ്യത ഉറപ്പാക്കൽ, ദൗത്യങ്ങളുടെ സുരക്ഷ എന്നിവയിൽ ദീർഘകാല പരിചയമുണ്ട്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പരീക്ഷാ സംവിധാനത്തിന്റെ സാങ്കേതിക ഘടനയും സുരക്ഷയും ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

തപൻ ഡേക്ക: 1988 ബാച്ചിലെ അസം-മേഘാലയ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ തപൻ ഡേക്ക, ദീർഘകാലം ദേശീയ സുരക്ഷാ, രഹസ്യാന്വേഷണ മേഖലകളിൽ പ്രവർത്തിച്ച ശേഷം ഇന്റലിജൻസ് ബ്യൂറോ ഡയറക്‌ടറായി സേവനമനുഷ്ഠിച്ചു. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, സൈബർ ഭീഷണികൾ, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ അന്വേഷിക്കുന്നതിൽ അദ്ദേഹത്തിന് വലിയ പരിചയമുണ്ട്.

ഡോ. വി. കാമകോടി: കമ്പ്യൂട്ടർ എഞ്ചിനീയറും ഐഐടി മദ്രാസ് ഡയറക്‌ടറുമായ ഡോ. വി കാമകോടി, എംബെഡഡ് സിസ്റ്റങ്ങൾ, തദ്ദേശീയ കമ്പ്യൂട്ടിങ് സാങ്കേതികവിദ്യകൾ എന്നിവയിലെ ഗവേഷണങ്ങൾക്ക് പേരുകേട്ട ആളാണ്.എന്നാൽ 2025 ജനുവരിയിൽ ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ ഗോമൂത്രത്തിന് ഔഷധഗുണങ്ങളുണ്ടെന്നും പനി പോലുള്ള അസുഖങ്ങൾ ഭേദമാക്കാൻ സഹായിക്കുമെന്നുമുള്ള ഒരു അനുഭവകഥ അദ്ദേഹം പങ്കുവെച്ചിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

അനിത കർവാൾ: ഗുജറാത്ത് കേഡറിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥയായ അനിത കർവാൾ, വിദ്യാഭ്യാസ മന്ത്രാലയത്തിൽ സെക്രട്ടറിയായും അതിന് മുമ്പ് സിബിഎസ്ഇ ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്. സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ വിവിധ പരിഷ്‌കാരങ്ങൾ, പഠന നിലവാരം മെച്ചപ്പെടുത്തൽ, പരീക്ഷാ നടത്തിപ്പ് എന്നിവയ്ക്ക് അവർ നേതൃത്വം നൽകിയിട്ടുണ്ട്. ഈ പരിചയ സമ്പത്ത് രാജ്യത്തെ വിദ്യാഭ്യാസ സംവിധാനവുമായി കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

അമൃത് ലാൽ മീണ: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അമൃത് ലാൽ മീണ, അടിസ്ഥാന സൗകര്യ വികസനം, ലോജിസ്‌റ്റിക്‌സ്, പൊതുഭരണം എന്നീ മേഖലകളിൽ നിരവധി പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. വലിയ പ്രവർത്തന സംവിധാനങ്ങൾ, വിതരണ ശൃംഖലകൾ, വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം എന്നിവയിൽ അദ്ദേഹത്തിന് സമ്പന്നമായ മുൻ പരിചയമുണ്ട്. അതിനാൽ തന്നെ നിർണായക മേഖലകളിൽ അദ്ദേഹം നിർദ്ദേശങ്ങൾ നൽകുമെന്നാണ് കരുതുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *