Last Updated:
ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് തനിക്കുള്ളതെന്നും വ്യക്തിപരമായ തനിക്ക് ഏറെ അടുപ്പമുള്ള വ്യക്തിയാണ് അവരെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു
തെന്നിന്ത്യൻ ഭാവഗായിക എസ് ജാനകിയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. തന്റെ ആദ്യചിത്രമായ മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ ജാനകിയമ്മ പാടിയ ഗാനം ഓർമിച്ചുകൊണ്ടാണ് മോഹൻലാൽ അനുസ്മരിച്ചത്. ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് തനിക്കുള്ളതെന്നും വ്യക്തിപരമായ തനിക്ക് ഏറെ അടുപ്പമുള്ള വ്യക്തിയാണ് അവരെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘ഭാരതത്തിന്റെ ഗാനകോകിലം ജാനകിയമ്മ നമ്മെ വിട്ടു പിരിഞ്ഞു. ഒരു കാലഘട്ടം മുഴുവന്‍ മലയാളവും ഹിന്ദിയുമടക്കമുള്ള ഭാഷകളില്‍ എത്രയെത്ര ഹൃദയഹാരികളായ ഗാനങ്ങള്‍ സമ്മാനിച്ച സ്നേഹസാഗരമാണ് ജാനകിയമ്മ. മലയാളി മനസ്സുകളില്‍ തേനും വയമ്പും നിറച്ച, കാലാതീതമായ ഒട്ടേറെ ഗാനങ്ങള്‍ സംഭാവന ചെയ്ത അനുഗ്രഹീത ഗായിക. എന്റെ ആദ്യചിത്രമായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ’ ഗാനങ്ങള്‍ പാടിയ ഗായിക എന്ന നിലയില്‍ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് ജാനകിയമ്മയോട് എനിക്കുള്ളത്.
സന്തോഷവും, വിഷാദവും, കുട്ടിത്തവും ഉള്‍പ്പെടെയുള്ള എല്ലാ മനുഷ്യഭാവങ്ങള്‍ക്കും ജാനകിയമ്മ തന്റെ മധുരസ്വരം പകര്‍ന്നു നല്കി. ആദ്യചിത്രത്തിന് ശേഷവും, ജാനകിയമ്മ ആലപിച്ച ഒട്ടനവധി ഗാനരംഗങ്ങളുടെ ഭാഗമാകാന്‍ എനിക്ക് ഭാഗ്യമുണ്ടായി. എല്ലാവരേയും സമഭാവനയോടെ കാണുന്ന, ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവര്‍. വ്യക്തിപരമായ എനിക്ക് ഏറേ അടുപ്പമുണ്ടായിരുന്നു ജാനകിയമ്മയുമായി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു– എന്നാണ് മോഹൻലാൽ കുറിച്ചത്.
കഴിഞ്ഞ ദിവസം രാത്രി മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ജനകിയമ്മയുടെ വിയോഗം. ഇന്ന് രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാല് മണിവരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് വൈകുന്നേരം 4.30-ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസിലായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക.
1200-ലധികം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങിയ ഭാഷകളിൽ 48,000 ഓളം ഗാനങ്ങൾ ആലപിച്ചു.
Ernakulam,Kerala
