Last Updated:
മരുമകളുടെ ക്രൂരമർദ്ദനത്തിൽ വൃദ്ധയുടെ നാല് വാരിയെല്ലുകൾ തകർന്നു
പേരക്കുട്ടികളെ നോക്കാതെ കാമുകനൊപ്പം സമയം ചെലവഴിച്ചെന്നാരോപിച്ച് ചൈനയിൽ ഭർതൃമാതാവിനെ മരുമകൾ ക്രൂരമായി മർദ്ദിച്ചു. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ജിയാക്സിങ് നഗരത്തിലാണ് സംഭവം. മരുമകളുടെ ക്രൂരമർദ്ദനത്തിൽ വൃദ്ധയുടെ നാല് വാരിയെല്ലുകൾ തകർന്നു.
ഷെൻ എന്ന് പേരുള്ള വൃദ്ധയ്ക്കാണ് മരുമകളിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റത്. ഷെന്നിന്റെ മകൻ ജിയാവോയും ഭാര്യയും മറ്റ് നഗരങ്ങളിലാണ് ജോലി ചെയ്യുന്നത്. ഭർത്താവിന്റെ മരണശേഷം മകളുടെ വീട്ടിലേക്ക് മാറിയ ഷെൻ മകന്റെ രണ്ട് കുട്ടികളെയും ഇവിടെ താമസിപ്പിച്ചാണ് നോക്കിയിരുന്നത്.
സംഭവദിവസം കുട്ടികളിലൊരാൾ വീട്ടിലെ സിസിടിവി ക്യാമറ വഴി അമ്മയെ വിളിച്ച് തനിക്ക് സുഖമില്ലെന്നും എന്നാൽ മുത്തശ്ശി നോക്കുന്നില്ലെന്നും പരാതിപ്പെട്ടു. ഇതറിഞ്ഞ് പ്രകോപിതയായ മരുമകൾ അതിവേഗ ട്രെയിനിൽ ജിയാക്സിങ്ങിലെത്തി ഷെന്നുലുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തനിക്ക് പല്ലുവേദനയായിരുന്നെന്നും കുട്ടി പറയുന്നത് അനുസരിച്ചിരുന്നില്ലെന്നുമാണ് ഷെൻ നൽകിയ വിശദീകരണം. ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് മരുമകൾ പറഞ്ഞപ്പോൾ തനിക്ക് കാമുകനെ കാണാൻ പോകണമെന്നു പറഞ്ഞ് ഷെൻ അത് നിരസിച്ചു. കൂടാതെ ഇനി കുട്ടികളെ നോക്കുന്നതിലും ഭേദം മരിക്കുന്നതാണെന്നും ഇവർ പ്രതികരിച്ചു.
ഇതോടെ പ്രകോപിതയായ മരുമകൾ ഷെന്നിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇവർക്ക് നാല് വാരിയെല്ലുകൾക്കാണ് ഒടിവുള്ളത്. മുൻപും കുട്ടികളെ നോക്കുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ അടിപിടിയുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അമ്മയെ മർദ്ദിച്ച ഭാര്യയെ പൂർണ്ണമായി ന്യായീകരിച്ച് മകൻ ജിയാവോ രംഗത്തെത്തിയതോടെയാണ് സംഭവം കൂടുതൽ വിവാദമായത്. അമ്മ ധാർമ്മികതയില്ലാത്തവൾ ആണെന്നും ഈ തല്ല് അർഹിച്ചിരുന്നതാണെന്നുമാണ് മകൻ മാധ്യമങ്ങളോട് പറഞ്ഞത്. പേരക്കുട്ടികളെ നോക്കുന്നതിന് പകരം സ്വന്തം പ്രണയബന്ധത്തിനാണ് അമ്മ മുൻഗണന നൽകിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് താൻ കടന്നുപോകുന്നത്. അതിനാൽ ഒന്നുകിൽ അമ്മ കുട്ടികളെ നോക്കാൻ സഹായിക്കണം അല്ലെങ്കിൽ തനിക്ക് സാമ്പത്തിക സഹായം നൽകണമെന്നും മകൻ വാദിച്ചു.
എന്നാൽ മകന്റെ വാദങ്ങളെ പൂർണ്ണമായി തള്ളി ഷെന്നിന്റെ പെൺമക്കൾ രംഗത്തെത്തി. തങ്ങളുടെ അമ്മ വർഷങ്ങളോളം തുച്ഛമായ ശമ്പളത്തിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തതാണെന്നും ഇനി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനും ഒരു പങ്കാളിയെ കണ്ടെത്താനും അമ്മയ്ക്ക് അവകാശമുണ്ടെന്നും അവർ വ്യക്തമാക്കി.
ചൈനീസ് സോഷ്യൽ മീഡിയയിൽ ഈ സംഭവം വലിയ രീതിയിലുള്ള ചർച്ചകൾക്കും വൻ പ്രതിഷേധത്തിനുമാണ് വഴിവെച്ചിരിക്കുന്നത്. പേരക്കുട്ടികളെ നോക്കുക എന്നത് മുത്തശ്ശിമാരുടെ ബാധ്യതയല്ലെന്നും പ്രായമായ സ്ത്രീയോട് ക്രൂരത കാണിച്ച മരുമകളെയും അതിനെ ന്യായീകരിച്ച മകനെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ആവശ്യം.
New Delhi,New Delhi,Delhi
Jul 15, 2026 11:47 AM IST
