India
oi-Nidhin Illikkambath
ചെന്നൈ: പഴനി മുരുകൻ ക്ഷേത്രത്തിന്റെ ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഭൂമി അനധികൃതമായി രജിസ്റ്റർ ചെയ്തെന്ന കേസിൽ വഴിത്തിരിവ്. കേസിൽ കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം നീളുകയാണ്. സസ്പെൻഡ് ചെയ്യപ്പെട്ട കൊടൈക്കനാൽ സബ് രജിസ്ട്രാർ ജസ്റ്റിൻ മണികണ്ഠന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ വകുപ്പിനുള്ളിലെ വൈരുധ്യങ്ങളും കോടതി നടപടിക്കിടെ പുറത്തുവന്നു.
ജസ്റ്റിൻ മണികണ്ഠന് വേണ്ടി ഹാജരായ അഭിഭാഷകൻ, ജൂലൈ 6ന് വിവാദ ഭൂമി രജിസ്റ്റർ ചെയ്തത് തന്റെ കക്ഷിയല്ലെന്ന് കോടതിയിൽ വാദിച്ചു. ജൂലൈ 3-ന് തന്നെ മറ്റൊരു സബ് രജിസ്ട്രാറായ ബാലചന്ദർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരുന്നുവെന്നും, ജൂലൈ 6-ന് പകരം ഡ്യൂട്ടിയിലായിരുന്ന ജസ്റ്റിൻ മണികണ്ഠനെ മാത്രം കേസിൽ പ്രതിയാക്കി സർക്കാർ ബലിയാടാക്കുകയായിരുന്നുവെന്നും പ്രതിഭാഗം ആരോപിച്ചു.

എന്നാൽ ഈ വാദം സർക്കാർ അഭിഭാഷകൻ തള്ളി. ജൂലൈ 3-ന് ബാലചന്ദർ ഓൺലൈൻ രേഖകളുടെ പ്രാഥമിക നടപടികൾ മാത്രമാണ് ആരംഭിച്ചതെന്നും രജിസ്ട്രേഷൻ പൂർത്തിയാക്കിയത് ജസ്റ്റിൻ മണികണ്ഠനാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. കൊടൈക്കനാലിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ സഞ്ചരിച്ച് ജൂലൈ 6-ന് രജിസ്ട്രേഷൻ പൂർത്തിയാക്കിയതിലൂടെ വകുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്നും അതിനാലാണ് അദ്ദേഹത്തെ കേസിലെ പ്രധാന പ്രതിയാക്കിയതെന്നും സർക്കാർ വിശദീകരിച്ചു.
ഇരുവിഭാഗങ്ങളുടെയും വാദം കേട്ട കോടതി, അന്വേഷണത്തിലും നടപടി സ്വീകരിച്ചതിലും പക്ഷപാതപരമായ നടപടി ഉണ്ടായിട്ടോ എന്ന് പോലീസിനോടും രജിസ്ട്രേഷൻ വകുപ്പിനോടും ചോദ്യം ചെയ്തു. ജൂലൈ 3-ന് തന്നെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരുന്നെങ്കിൽ അതിൽ പങ്കുണ്ടെന്ന് പറയുന്ന ഇരുവരുടെയും പങ്ക് പരിശോധിക്കേണ്ടതല്ലേയെന്നും, എന്തുകൊണ്ടാണ് ഒരാളെ മാത്രം ലക്ഷ്യമിടുന്നതെന്നും കോടതി ചോദിച്ചു.
വാദം പൂർത്തിയായതിന് ശേഷം ജസ്റ്റിൻ മണികണ്ഠന് ഉപാധികളോടെയുള്ള മുൻകൂർ ജാമ്യം അനുവദിച്ച കോടതി, അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്ന് നിർദ്ദേശിച്ചു. അതേസമയം, കോടതിയിലെ ചർച്ചകൾക്ക് പിന്നാലെ സബ് രജിസ്ട്രാർ ബാലചന്ദറിന്റെയും പങ്ക് കൂടുതൽ പരിശോധനയ്ക്ക് വിധേയമാകുമെന്ന സൂചനയും ഈ കേസിൽ ഉയർന്നിട്ടുണ്ട്. ഇതോടെയാണ് ഉന്നതരിലേക്ക് അന്വേഷണം നീളുകയാണെന്ന റിപ്പോർട്ടുകൾ വരുന്നത്.
ഇതോടെ ഏറെ ശ്രദ്ധ നേടിയ ഭൂമി തട്ടിപ്പ് കേസിൽ പുതിയ വിവാദങ്ങൾക്കും കൂടുതൽ അന്വേഷണത്തിനും വഴിതെളിഞ്ഞിരിക്കുകയാണ്. ജൂലൈ 6-ന് പഴനി ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ വാഹന പാർക്കിങ്ങിനായി ഉപയോഗിക്കുന്ന 1.4 ഏക്കർ ഭൂമി രണ്ട് സ്വകാര്യ വ്യക്തികളുടെ പേരിൽ രജിസ്റ്റർ ചെയ്തതാണ് കേസിന് ആധാരം. ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന ഈ ഭൂമിയുടെ രജിസ്ട്രേഷനാണ് പിന്നീട് വലിയ വിവാദത്തിനും തട്ടിപ്പ് ആരോപണങ്ങൾക്കും വഴിവെച്ചത്.