Headlines

തമിഴ്‌നാട്ടില്‍ റോഡ് വീതി കൂട്ടാന്‍ വിജയ് സര്‍ക്കാര്‍, പിന്തുണച്ച് നാഷണല്‍ ഹൈവേ അതോറിറ്റിയും | National Highway: Vijay Govt Unveils Rs 1.37 Lakh Crore Road Development Plan With NHAI Support


Kerala

oi-Jithin TP

സംസ്ഥാനത്തെ പ്രധാന റോഡുകള്‍ വികസിപ്പിക്കുന്നതിനുള്ള രൂപരേഖ പുറത്തിറക്കി തമിഴ്‌നാട് സര്‍ക്കാര്‍. 1.37 ലക്ഷം കോടി രൂപ ചെലവില്‍ 4543.5 കിലോമീറ്റര്‍ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനായുള്ള ‘വിഷന്‍ 2035’ എന്ന ബൃഹത്തായ പദ്ധതിക്കാണ് തമിഴ്നാട് രൂപം നല്‍കിയിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തുടനീളം 2,500 കിലോമീറ്റര്‍ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിനായി ഒരു ലക്ഷം കോടിയിലധികം രൂപ നിക്ഷേപിക്കാനുള്ള പദ്ധതി നാഷണല്‍ ഹൈവേ അതോറിറ്റിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

സിഐഐ തമിഴ്നാട് ഇന്‍ഫ്രാസ്ട്രക്ചര്‍ സമ്മിറ്റ് 2026-ല്‍ അവതരിപ്പിച്ച ഈ പദ്ധതികള്‍, വ്യവസായ മേഖലകളിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക, തുറമുഖങ്ങളുമായും വിമാനത്താവളങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, ചെന്നൈയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, രണ്ടാം നിര നഗരങ്ങളുടെ വളര്‍ച്ചയെ സഹായിക്കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ്.

National Highway

നാഷണല്‍ ഹൈവേ അതോറിറ്റിയും സംസ്ഥാന ഹൈവേ വകുപ്പും സംയുക്തമായി തയ്യാറാക്കിയ ‘വിഷന്‍ 2035’ പദ്ധതിയില്‍ 4,543.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 144 ഇടനാഴികള്‍ ഉള്‍പ്പെടുന്നുവെന്ന് ചെന്നൈ യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും സ്‌പെഷ്യല്‍ ഓഫീസറുമായ ഐ. ജയകുമാര്‍ പറഞ്ഞു. ആകെ നിക്ഷേപത്തുകയില്‍ 84,891 കോടി രൂപ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പദ്ധതികള്‍ക്കായും, 52,105 കോടി രൂപയുടെ പദ്ധതികള്‍ സംസ്ഥാന ഹൈവേ വകുപ്പ് നടപ്പിലാക്കുന്നതിനായുമാണ് വകയിരുത്തിയിരിക്കുന്നത്.

നിര്‍ദ്ദിഷ്ട ശൃംഖലയില്‍ 20 പ്രധാന ഇടനാഴികള്‍, 21 ലിങ്ക് റോഡുകള്‍, വ്യവസായ-തീരദേശ മേഖലകളെ ബന്ധിപ്പിക്കുന്ന പദ്ധതികള്‍, ഒമ്പത് വിമാനത്താവള ബന്ധന പദ്ധതികള്‍, ചെന്നൈ മെട്രോപൊളിറ്റന്‍ മേഖലയിലെ റോഡ് നവീകരണങ്ങള്‍, രണ്ടാം നിര നഗരങ്ങള്‍ക്കായുള്ള മാസ്റ്റര്‍ പ്ലാനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ചെന്നൈയില്‍ മാത്രം 2,947 കോടി രൂപ ചെലവില്‍ 164 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 13 പുതിയ റോഡ് പദ്ധതികള്‍ നടപ്പിലാക്കും.

കോയമ്പത്തൂര്‍, മധുര, ഹൊസൂര്‍ എന്നിവിടങ്ങളിലെ മാസ്റ്റര്‍ പ്ലാനുകള്‍ ഇതിനകം അംഗീകരിച്ചുകഴിഞ്ഞു. തൂത്തുക്കുടിയിലെ മാസ്റ്റര്‍ പ്ലാന്‍ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. വിമാനത്താവളങ്ങളിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന ഹൈവേ വകുപ്പ് എട്ട് ഇടനാഴികളും എന്‍എച്ച്എഐ ഒരു ഇടനാഴിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിര്‍ദ്ദിഷ്ട സംസ്ഥാന റോഡ് ലിങ്കുകളില്‍ രണ്ടെണ്ണം പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന ഉപപാത പദ്ധതികളുടെ ഭാഗമായി ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. തമിഴ്നാട്ടില്‍ 33,000 കോടിയിലധികം രൂപയുടെ 855 കിലോമീറ്റര്‍ ദേശീയപാത പദ്ധതികളുടെ നിര്‍മ്മാണം നാഷണല്‍ ഹൈവേ അതോറിറ്റിം ഇതിനകം നടത്തിവരികയാണ്. കൂടാതെ, ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപം ആവശ്യമുള്ള 2,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മറ്റ് ഹൈവേ പദ്ധതികളും ആസൂത്രണ ഘട്ടത്തിലുണ്ട്.

പ്രധാന പദ്ധതികളില്‍ ചെന്നൈ-തിരുച്ചിറപ്പള്ളി-മധുര ഗ്രീന്‍ഫീല്‍ഡ് ആക്‌സസ്-കണ്‍ട്രോള്‍ഡ് ഇടനാഴി, മധുരവയല്‍-ശ്രീപെരുമ്പത്തൂര്‍ എലിവേറ്റഡ് ഇടനാഴി, എന്‍എച്ച്-32-ലെ ചെങ്കല്‍പട്ട്-തിണ്ടിഗല്‍ ഭാഗം ആറ് വരിയാക്കല്‍, എന്‍ എച്ച്-32-ലെ നാഗപട്ടണം-തൂത്തുക്കുടി-കന്യാകുമാരി ഭാഗം നാല് വരിയാക്കല്‍, കടലൂര്‍ തുറമുഖത്തേക്കുള്ള മികച്ച ഗതാഗത സൗകര്യം, കോയമ്പത്തൂര്‍-സേലം-തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ ബൈപാസ് പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുന്നു.

നിര്‍ദ്ദിഷ്ട നിക്ഷേപങ്ങള്‍ ചരക്ക് നീക്കം ശക്തിപ്പെടുത്തുകയും, വ്യാവസായിക ക്ലസ്റ്ററുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും, തമിഴ്നാടിന്റെ ഉല്‍പ്പാദന, കയറ്റുമതി അധിഷ്ഠിത സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *