Headlines

ചെങ്കടലില്‍ ഇന്ത്യന്‍ പതാകയുള്ള ചരക്ക് കപ്പല്‍ മുക്കി പ്രൊജക്ടൈല്‍ ആക്രമണം; നാവികരെ രക്ഷപ്പെടുത്തി | Red Sea: India-Flagged Ship Sinks After Attack In Red Sea, Check Full Details Inside


India

oi-Jithin TP

യെമന്റെ പടിഞ്ഞാറന്‍ തീരത്തിന് സമീപം ചെങ്കടലില്‍ വെച്ച്, ഇന്ത്യന്‍ പതാകയുള്ള ഒരു ചരക്ക് കപ്പലിനു നേരെ ആക്രമണം. പ്രൊജക്‌റ്റൈല്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് കപ്പല്‍ മറിയുകയും മുങ്ങുകയും ചെയ്തു. കപ്പലില്‍ 14 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 13 പേര്‍ ഇന്ത്യക്കാരും ഒരാള്‍ യെമന്‍ സ്വദേശിയുമായിരുന്നു. യെമന്‍ സേനാംഗങ്ങള്‍ 14 പേരെയും രക്ഷപ്പെടുത്തി.

ഇവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹോദൈദയ്ക്ക് തെക്ക് ഏകദേശം 13 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കപ്പലിനു നേരെ ആക്രമണമുണ്ടായത്. എംഎസ്വി ഫൈസ് നൂറെ ഒലിയ എന്ന ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. അതേസമയം പ്രകോപനമില്ലാതെയുള്ള ആക്രമണത്തെ ഇന്ത്യ അപലപിച്ചു.

Red Sea

ഒരു പ്രൊജക്‌റ്റൈല്‍ പതിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ കപ്പല്‍ മറിയുകയും മുങ്ങുകയും ചെയ്തതെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ആ മേഖലയിലുള്ള ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രക്ഷപ്പെട്ട ജീവനക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനുമായി എല്ലാ ഏജന്‍സികളുമായും ഏകോപിപ്പിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മാരിടൈം അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

‘പ്രതിരോധശേഷിയില്ലാത്ത, യന്ത്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന പായ്വഞ്ചിക്ക് നേരെയുണ്ടായ പ്രകോപനരഹിതമായ ഈ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. നമ്മുടെ ആളുകളുടെ സുരക്ഷയ്ക്കാണ് പരമപ്രധാനമായ മുന്‍ഗണന നല്‍കുന്നത്. 13 ഇന്ത്യക്കാരുള്‍പ്പെടെയുള്ള 14 നാവികരെയും യെമന്‍ തീരസംരക്ഷണ സേന സുരക്ഷിതമായി രക്ഷപ്പെടുത്തി മോഖ തുറമുഖത്ത് എത്തിച്ചു,’ സോനോവാള്‍ പറഞ്ഞു.

ജീവനക്കാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും യെമന്‍ അധികൃതരുമായി സജീവമായി ഏകോപനം നടത്തുകയും ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് വിശേഷിപ്പിച്ച ഇന്ത്യ, വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

‘ഈ മേഖലയില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. മേഖലയിലെ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി, ഈ മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള തടസരഹിതമായ കപ്പല്‍ ഗതാഗതവും വാണിജ്യ പ്രവര്‍ത്തനങ്ങളും എത്രയും വേഗം പുനഃസ്ഥാപിക്കണം,’ പ്രസ്താവനയില്‍ ഇന്ത്യ വ്യക്തമാക്കി.

നാവികരെ രക്ഷപ്പെടുത്തുന്നതിനായി കോസ്റ്റ് ഗാര്‍ഡും നാവികസേനാ വിഭാഗങ്ങളും സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ‘ഗാര്‍ഡ്‌സ് ഓഫ് ദി റിപ്പബ്ലിക്’ എന്നും അറിയപ്പെടുന്ന യെമന്‍ നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *