Headlines

കൊച്ചി ഔട്ടർ റിംഗ് റോഡ് വൈകില്ല; നടപടികൾക്ക് വേഗം കൂട്ടി കേന്ദ്രം, ഭൂമിയേറ്റെടുക്കലിന് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു | No Delays For Kochi Outer Ring Road; New Special Officers Appointed For Land Acquisition By Centre


Kerala

oi-Nidhin Illikkambath

കൊച്ചി: യാത്രക്കാർ ഏറെക്കാലമായി കാത്തിരിക്കുന്ന കൊച്ചി ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് വീണ്ടും പുരോഗതി. അങ്കമാലിയിൽ നിന്ന് അരൂർ വരെ നീളുന്ന ഏകദേശം 50 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിന്റെ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് നേതൃത്വം നൽകാൻ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ് ഇപ്പോൾ.

1956ലെ ദേശീയപാത നിയമപ്രകാരം കേന്ദ്ര സർക്കാർ 3(എ) വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ 19 വില്ലേജുകളിലെ ഭൂമിയേറ്റെടുക്കൽ നടപടികൾക്കായി എറണാകുളം സ്പെഷ്യൽ ഡെപ്യൂട്ടി കളക്‌ട ചുമതല വഹിക്കും. അരൂർ വില്ലേജിലെ ഭൂമിയേറ്റെടുക്കൽ നടപടികൾക്കായി ആലപ്പുഴ സ്പെഷ്യൽ ഡെപ്യൂട്ടി കളക്‌ടറെയും ചുമതലപ്പെടുത്തി.

kochi outer ring road

ഓഗസ്‌റ്റ് അവസാനത്തോടെയോ സെപ്റ്റംബർ ആദ്യ വാരത്തിലോ 3(എ) വിജ്ഞാപനം വഴി ഭൂമിയേറ്റെടുക്കൽ നടപടികൾ ഔദ്യോഗികമായി ആരംഭിക്കാനാകുമെന്നാണ് ദേശീയപാത അതോറിറ്റി പ്രതീക്ഷിക്കുന്നത്. നടപടികൾ നിശ്ചിത ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി 3(ഡി) വിജ്ഞാപനം പുറപ്പെടുവിക്കാനാകുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മുൻപ് നിർദ്ദേശിച്ചിരുന്ന അങ്കമാലി-കുണ്ടന്നൂർ (കൊച്ചി ബൈപാസ്) പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയാത്തതിനെ തുടർന്ന് റദ്ദായിപ്പോയിരുന്നു. ഭൂസർവേ പൂർത്തിയാക്കുന്നതിലും പൊതുജനങ്ങളുടെ എതിർപ്പുകൾ പരിഗണിച്ച ശേഷം ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച അന്തിമ തീരുമാനം രേഖപ്പെടുത്തുന്ന 3(ഡി) വിജ്ഞാപനം ഒരു വർഷത്തിനുള്ളിൽ പുറപ്പെടുവിക്കുന്നതിലും ഉണ്ടായ വീഴ്‌ചയാണ് ഇതിന് കാരണമായത്.

പുതിയ പദ്ധതിയുടെ ഭാഗമായി 20 വില്ലേജുകളിലായി ഭൂമിയേറ്റെടുക്കൽ നടത്തും. അരക്കപ്പാടി, പട്ടിമറ്റം, വടവുകോട്, ഐക്കരനാട് നോർത്ത്, ഐക്കരനാട് സൗത്ത്, തിരുവാണിയൂർ, മാരമ്പിള്ളി, വെങ്ങോല, കരുകുറ്റി, തുറവൂർ, മറ്റൂർ, വടക്കുംഭാഗം, കിഴക്കുംഭാഗം, കുരീക്കാട്, കുമ്പളം, തെക്കുംഭാഗം, തിരുവാങ്കുളം, മരട്, അങ്കമാലി, അരൂർ എന്നിവയാണ് ഉൾപ്പെടുന്ന പ്രദേശങ്ങൾ.

ആദ്യഘട്ടത്തിലെ ഭരണപരമായ നടപടികൾ പൂർത്തിയായ ശേഷം ഭൂവുടമകൾക്ക് ഔദ്യോഗികമായി ഭൂമിയേറ്റെടുക്കൽ നോട്ടീസുകൾ നൽകും. ഇതോടെ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളിലേക്കുള്ള നടപടികൾക്ക് തുടക്കമാകും. കൊച്ചിയുടെ നഗരമേഖലയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുന്നതിനും നഗരത്തിലൂടെയുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനും പുതിയ ഔട്ടർ റിംഗ് റോഡ് സഹായിക്കുമെന്നാണ് പ്രതീക്ഷ.

നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ തിരിച്ചുവിടാനും ഇതിലൂടെ സാധിക്കും. 49.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഇടനാഴിക്കായി ആകെ 363.73 ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. പുതിയ നെട്ടൂർ-അരൂർ ഭാഗത്തെ പ്രാഥമിക സർവേയും അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന ജോലികളും ഇതിനകം പൂർത്തിയായിട്ടുണ്ട്.

അതേസമയം, അങ്കമാലിയിലെ കരയാംപറമ്പ് മുതൽ പുതിയകാവ് വരെയുള്ള റോഡ് അലൈൻമെന്റിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതോടെ ഏറെക്കാലമായി കാത്തിരിക്കുന്ന കൊച്ചി ഔട്ടർ റിംഗ് റോഡ് പദ്ധതി യാഥാർഥ്യമാകാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിയുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *