കരൺ വാഹിയുടെ അഭിപ്രായങ്ങൾ പുരോഗമനവിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്ന് ആരോപിച്ചായിരുന്നു ചിലരുടെ വിമർശനം. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ബന്ധങ്ങളിലെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെക്കുറിച്ചും നടത്തിയ താരത്തിന്റെ പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
സംഭാഷണത്തിനിടെ തന്റെ അമ്മയുടെ തലമുറയിലെ സ്ത്രീകളെയും ഇന്നത്തെ തലമുറയിലെ സ്ത്രീകളെയും താരതമ്യം ചെയ്തുകൊണ്ടാണ് കരൺ വാഹി അഭിപ്രായം പങ്കുവച്ചത്. ബന്ധങ്ങളിലെ പ്രശ്നങ്ങളെ നേരിടുന്ന രീതിയിൽ തലമുറകൾക്കിടയിൽ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്റെ അമ്മ മൗനം പാലിക്കുകയും അവ സ്വയം കൈകാര്യം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് താരം. എന്നാൽ ഇന്നത്തെ കാലത്ത് ചില സ്ത്രീകൾ പ്രശ്നങ്ങളോട് വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കുകയും സ്വന്തം നിലപാട് തുറന്നുപറയുകയും ചെയ്യുന്നുവെന്നും കരൺ അഭിപ്രായപ്പെട്ടു. ഈ പരാമർശമാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചയായത്.
തന്റെ വ്യക്തിപരമായ ഡേറ്റിംഗ് അനുഭവവും കരൺ വാഹി പോഡ്‌കാസ്റ്റിൽ പങ്കുവച്ചു. ഒരേസമയം ഒരാളുമായി മാത്രം ബന്ധം നിലനിർത്താനാണ് താൻ എപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും ഒന്നിലധികം ആളുകളുമായി ഡേറ്റിംഗ് നടത്തുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താൻ ഡേറ്റ് ചെയ്തിരുന്ന ഒരാൾ ഒരേസമയം മറ്റ് ഏഴ് പേരുമായും ബന്ധത്തിലായിരുന്നുവെന്ന് പിന്നീട് മനസ്സിലാക്കിയതായും താരം വെളിപ്പെടുത്തി. ഈ അനുഭവമാണ് ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചതെന്നും നടൻ.
കരൺ വാഹിയുടെ പരാമർശങ്ങൾക്കെതിരെ വിമർശനം
തന്റെ പരാമർശങ്ങളെക്കുറിച്ച് വിശദീകരിച്ച കരൺ വാഹി, താൻ ആരെയും വിധിക്കുകയല്ലെന്നും, എന്നാൽ ഇത്തരം സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ബന്ധങ്ങൾ എവിടെയാണ് അവസാനിപ്പിക്കേണ്ടതെന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കി. ഇത്തരം പെരുമാറ്റം ശരിയോ തെറ്റോ എന്ന് വിലയിരുത്താൻ താൻ ശ്രമിക്കുന്നില്ലെന്നും, തന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ് പങ്കുവച്ചതെന്നും താരം പറഞ്ഞു.
കരൺ വാഹിയുടെ പോഡ്‌കാസ്റ്റ് സംഭാഷണത്തിലെ ഭാഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ താരത്തിനെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. പഴയ തലമുറയിലെ സ്ത്രീകൾ പ്രതിസന്ധികളെ നിശബ്ദമായി സഹിച്ചിരുന്നുവെന്ന സമീപനത്തെ മഹത്വവൽക്കരിക്കുകയും, സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയുന്ന ഇന്നത്തെ സ്ത്രീകളെ പ്രതികൂലമായി ചിത്രീകരിക്കുകയും ചെയ്യുന്നതാണ് താരത്തിന്റെ താരതമ്യമെന്ന് ചിലർ ആരോപിച്ചു.
“ഞാൻ വിധിക്കുകയല്ല” എന്ന് വ്യക്തമാക്കിയെങ്കിലും, ഒരേസമയം ഒന്നിലധികം ആളുകളുമായി ഡേറ്റിംഗ് നടത്തുന്നതിനെക്കുറിച്ചുള്ള നടന്റെ അഭിപ്രായങ്ങൾ മറ്റുള്ളവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നതുപോലെയാണ് തോന്നുന്നതെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
അതേസമയം, കരൺ വാഹിയെ പിന്തുണച്ചും ചിലർ രംഗത്തെത്തി. എല്ലാ സ്ത്രീകളെയും ബന്ധങ്ങളെയും പൊതുവായി വിലയിരുത്തുന്നതിന് പകരം, സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തിപരമായ അഭിപ്രായം മാത്രമാണ് താരം പങ്കുവച്ചതെന്നാണ് ഇവരുടെ വാദം.
വൈറലായ വീഡിയോ ഡേറ്റിംഗ് രീതികൾ, ബന്ധങ്ങളിലെ പ്രതീക്ഷകൾ, ലിംഗപരമായ സമീപനങ്ങൾ, മാറിവരുന്ന സാമൂഹിക സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്.
അതേസമയം, കരൺ വാഹി റിയാലിറ്റി ഷോയായ ‘ഖത്രോൺ കെ ഖിലാഡി’യുടെ പുതിയ സീസണിലൂടെ ടെലിവിഷൻ രംഗത്തേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്.