Headlines

കര്‍ണാടക ബന്ദ്: ജനജീവിതം സാധാരണനിലയില്‍, ബെംഗളൂരുവില്‍ ബന്ദ് ഏശിയില്ല, മാണ്ഡ്യയില്‍ പ്രതിഷേധം | Karnataka Bandh: Bengaluru Sees Low Response As Schools, Shops Function Normally, Check Details Inside


India

oi-Jithin TP

ബെംഗളൂരു: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. ബെംഗളൂരു നഗരത്തില്‍ ബന്ദിനോട് കാര്യമായ പ്രതികരണമുണ്ടായില്ല. മിക്ക സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മാളുകള്‍ എന്നിവയും പതിവുപോലെ പ്രവര്‍ത്തിക്കുന്നു.

മെട്രോ റെയില്‍, കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയും തടസ്സമില്ലാതെ സര്‍വീസ് നടത്തുന്നു. തുമാകുരു, രാമനഗര എന്നിവിടങ്ങളിലും ബന്ദിന് കാര്യമായ പ്രതികരണമുണ്ടായില്ല. രാമനഗരയില്‍ ചില കടകളും ഹോട്ടലുകളും ഭക്ഷണശാലകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിട്ടിരുന്നെങ്കിലും, തുമാകുരുവില്‍ ജനജീവിതം സാധാരണ നിലയിലായിരുന്നു.

Karnataka Bandh

അതിനിടെ വാട്ടല്‍ നാഗരാജിനെ വീട്ടില്‍ തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ സഞ്ജയ് നഗറിലെ ഡോളേഴ്‌സ് കോളനിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. പൊലീസുകാരുടെ ഒരു സംഘം ബലമായി വീട്ടില്‍ പ്രവേശിച്ചാണ് നാഗരാജിനെ കൊണ്ടുപോയത്. പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ നാഗരാജിനെ പൊലീസ് ബലമായി വാഹനത്തില്‍ കയറ്റുകയായിരുന്നു.

കാവേരി സമരത്തിന്റെ കേന്ദ്രബിന്ദുവായ മാണ്ഡ്യയില്‍, കര്‍ഷകരും കന്നഡ അനുകൂല സംഘടനകളും സഞ്ജയ് സര്‍ക്കിളിലും മറ്റ് സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ‘ഞങ്ങളുടെ വെള്ളം, ഞങ്ങളുടെ അവകാശം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട്, ഒഴിഞ്ഞ പാത്രങ്ങളും മുതിരയുമായി എത്തിയ പ്രതിഷേധക്കാര്‍ ബെംഗളൂരു-മൈസൂരു പഴയ ഹൈവേ ഉപരോധിച്ചു.

ജലലഭ്യതക്കുറവ് മൂലം നെല്ലിന് പകരം കൃഷി ചെയ്യാന്‍ നിര്‍ബന്ധിതരായേക്കാവുന്ന ബദല്‍ വിളയുടെ പ്രതീകമായാണ് മുതിര ഉപയോഗിച്ചത്. വെള്ളം വിട്ടുനല്‍കാനുള്ള നിര്‍ദ്ദേശങ്ങളെ കര്‍ഷകരുടെ ‘മരണവാറണ്ട്’ എന്ന് വിശേഷിപ്പിച്ച പ്രതിഷേധക്കാര്‍, കാവേരി തര്‍ക്കത്തില്‍ കര്‍ണാടകയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ തുടര്‍ച്ചയായി വന്ന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു എന്ന് കുറ്റപ്പെടുത്തി.

മൈസൂരുവില്‍ ബന്ദ് പ്രധാനമായും പ്രതിഷേധങ്ങളില്‍ മാത്രമായി ഒതുങ്ങി. സബര്‍ബന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബെംഗളൂരു, മംഗളൂരു, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു. സബര്‍ബന്‍ ബസ് സ്റ്റാന്‍ഡിന് സമീപം ബസുകള്‍ തടയാന്‍ ശ്രമിച്ച കന്നഡ അനുകൂല പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിഷേധക്കാര്‍, തമിഴ്നാട്ടിലേക്ക് കാവേരി വെള്ളം വിട്ടുനല്‍കരുതെന്ന് ആവശ്യപ്പെട്ടു. കാവേരി വിഷയത്തില്‍ തമിഴ്നാടിന്റെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങരുതെന്ന് കര്‍ണാടക സേന ജില്ലാ പ്രസിഡന്റ് തേജസ് ലോകേഷ് ഗൗഡ പറഞ്ഞു. ഇന്ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച ബന്ദ് വൈകീട്ട് ആറ് മണി വരെ തുടരും.



Source link

Leave a Reply

Your email address will not be published. Required fields are marked *