Headlines

എല്‍പിജിയ്ക്ക് ലെവി ഈടാക്കാന്‍ കേന്ദ്രം? ഗ്യാസ് സിലിണ്ടറിന് വില കൂടും; ആലോചന ഇങ്ങനെ | LPG Price Hike: LPG Cylinder Prices Likely To Rise as Central Govt Plans To Impose A New Levy


India

oi-Jithin TP

പാചകവാതകം ഉപയോഗിക്കുന്നവരില്‍ നിന്ന് അധിക ലെവി ഈടാക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് തന്ത്രപ്രധാന ഇന്ധന ശേഖരം നിര്‍മിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനായി ഗ്യാസ് അധിഷ്ഠിത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് അധിക ലെവി ഈടാക്കിയേക്കും എന്നാണ് വിവരം.

ഏകദേശം 42 ബില്യണ്‍ ഡോളര്‍ (ഏകദേശം 4 ലക്ഷം കോടി രൂപ) ആണ് ഈ പദ്ധതിക്കായി കണക്കാക്കപ്പെടുന്ന ചെലവ്. നവഭാരത് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രൂഡ് ഓയിലിന് പുറമെ ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് (LNG), ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) എന്നിവയ്ക്കും ആദ്യമായി തന്ത്രപ്രധാന ശേഖരം ഒരുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

LPG Price Hike

ഭാവിയില്‍ സാധ്യതയുള്ള യുദ്ധങ്ങളിലോ വലിയ അന്താരാഷ്ട്ര പ്രതിസന്ധികളിലോ തടസമില്ലാത്ത ഇന്ധന വിതരണം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. എല്‍പിജിയില്‍ കിലോയ്ക്ക് 1.29 രൂപ ലെവി ചുമത്താനാണ് നീക്കം. നിലവിലെ ഉപഭോഗം കണക്കിലെടുക്കുമ്പോള്‍, ഇതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 460 ദശലക്ഷം ഡോളര്‍ (ഏകദേശം 4,375 കോടി രൂപ) വരുമാനം ലഭിച്ചേക്കാം.

നടപ്പിലാക്കിയാല്‍, ഈ ലെവി ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയെയും ബാധിക്കും. സാധാരണ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ ഏകദേശം 18 രൂപയുടെ വര്‍ധനവുണ്ടായേക്കാം. പ്രകൃതി വാതകത്തിന് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററിന് 1.43 രൂപ ലെവി ചുമത്താനും സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവിലെ ഉപഭോഗം അടിസ്ഥാനമാക്കി, ഇതിലൂടെ പ്രതിവര്‍ഷം ഏകദേശം 1 ബില്യണ്‍ ഡോളര്‍ (ഏകദേശം 9,500 കോടി രൂപ) വരുമാനം ലഭിച്ചേക്കാം.

നിര്‍ദ്ദിഷ്ട എല്‍പിജി, പ്രകൃതി വാതക ലെവികള്‍ വഴി സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ വരുമാനം ലഭിക്കും എന്നാണ് കണക്കാക്കുന്നത്. എല്‍പിജി, എല്‍എന്‍ജി സംഭരണ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായിരിക്കും ഈ ഫണ്ട് പ്രധാനമായും ഉപയോഗിക്കുക. പദ്ധതി നടപ്പിലായാല്‍ ഗ്യാസ് ബില്ലുകളില്‍ ഏകദേശം 2 ശതമാനം വര്‍ധനവുണ്ടായേക്കാം. അതേസമയം നിര്‍ദ്ദേശത്തിന് അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല.

നിലവില്‍ വിവിധ മന്ത്രാലയങ്ങള്‍ക്കിടയില്‍ ചര്‍ച്ചയിലുള്ള ഈ വിഷയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. 10 വര്‍ഷത്തിനുള്ളില്‍ വിവിധതരം ഇന്ധനങ്ങള്‍ക്കായുള്ള തന്ത്രപ്രധാന സംഭരണ സംവിധാനം ഒരുക്കുക എന്നതാണ് ലക്ഷ്യം. ഇതില്‍ പകുതിയിലധികം തുകയും സംഭരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വിനിയോഗിക്കും. ബാക്കി തുക സംഭരണത്തിലേക്ക് ആവശ്യമായ ഇന്ധനം വാങ്ങുന്നതിനായി ഉപയോഗിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *