Last Updated:
തനിക്ക് പാവയാകാൻ കഴിയാത്തതിനാലാണ് രാജിവയ്ക്കുന്നതെന്നും തനിക്കൊരു വ്യക്തിത്വമുണ്ടെന്നും ശ്വേത മേനോൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അംഗത്വത്തിൽ നിന്നും രാജിവച്ചതിന് പിന്നാലെ സംഘടനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ശ്വേത മേനോൻ. തനിക്ക് പാവയാകാൻ കഴിയാത്തതിനാലാണ് രാജിവയ്ക്കുന്നതെന്നും തനിക്കൊരു വ്യക്തിത്വമുണ്ടെന്നും ശ്വേത മേനോൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അംഗങ്ങളുടെ അവിശ്വാസത്തെ തുടർന്ന് ഭരണസമിതി രാജിവെച്ചിട്ടുണ്ട്. ഞാൻ വ്യക്തിപരമായി അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുക മാത്രമല്ല, സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പൂർണമായി പുറത്തു വന്നിരിക്കുകയാണ്. കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ തിരികെ എത്തിക്കാനുള്ള ഗൂഢാലോചനയാണ് അവിടെ നടന്നത്. അജണ്ടവെച്ച് തന്നെ പുറത്താക്കാൻ ചിലർ ശ്രമിച്ചിരുന്നു.
പണ്ട് കുറച്ച് സ്ത്രീകൾ പറഞ്ഞതുപോലെ കുറ്റാരോപിതരുടെ കയ്യിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് എനിക്കും തോന്നി. സംഘടനയിലെ പാവയായി ഇരിക്കാൻ തനിക്ക് കഴിയില്ല.
യോഗത്തിൽ രജിസ്ട്രേഷൻ ഒരു ഭാഗത്തായിരുന്നു നടന്നിരുന്നത്. എന്നാൽ മിക്ക ആളുകളെയും നിർബന്ധിച്ച് അപ്പുറത്തേക്ക് വലിച്ചുകൊണ്ടുപോയി അവിശ്വാസപ്രമേയത്തിൽ ഒപ്പ് വയ്പ്പിച്ചു. ഒരു പ്ലാൻ അനുസരിച്ച് ഞങ്ങളെ പുറത്താക്കാനാണ് അവർ നോക്കിയത്. എനിക്കൊരു വ്യക്തിത്വമുണ്ട്. എനിക്ക് പറയാനുള്ളത് ഞാൻ തുറന്നു പറയും.
സംഘടനയുടെ നാണക്കേട് ഓർത്ത് മാത്രമാണ് ഇതുവരെ കാര്യങ്ങൾ പുറത്തു പറയാതിരുന്നത്. ഇന്ന് വലിയൊരു ആശ്വാസമുണ്ട്. കാരണം ഇന്ന് മുതൽ ഞാൻ ‘അമ്മ’യിലെ അംഗമല്ല. അംഗമല്ലാത്തതുകൊണ്ട് എനിക്ക് എല്ലാം തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ‘അമ്മ’യിൽ വെറുമൊരു പാവയായി ഇരുന്നില്ലെങ്കിൽ ഇവിടെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലെന്നും അതിന് തന്നെ കിട്ടില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.
Ernakulam,Kerala
