Headlines

ഇറാന്‍ സൗദി അറേബ്യയ്ക്ക് കൈ കൊടുക്കും? മക്ക കരാറിലേക്ക് ക്ഷണം, പശ്ചിമേഷ്യയില്‍ വന്‍ ട്വിസ്റ്റ് | Is Iran Gets Invitation For Join Mecca Agreement? Major Twist In Middle East, Details Inside


Gulf

oi-Ashif N

പശ്ചിമേഷ്യയില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും അടുത്തിടെ ഒപ്പുവച്ച മക്ക സംയുക്ത പ്രതിരോധ കരാറിലേക്ക് ഇറാന് ക്ഷണം. എന്തു നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ ഇറാന്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇറാന്‍ പുതിയ പ്രതിരോധ സഖ്യത്തിന്റെ ഭാഗമായാല്‍ അമേരിക്കക്കും ഇസ്രായേലിനും കനത്ത തിരിച്ചടിയാകും.

അമേരിക്കയുമായി മാത്രം പ്രതിരോധ കരാര്‍ ഉണ്ടാക്കിയിരുന്ന ജിസിസി രാജ്യങ്ങള്‍ അടുത്തിടെ മാറി ചിന്തിക്കുകയാണ്. വിശാലമായ പ്രതിരോധ കരാറിനാണ് സൗദി അറേബ്യ തുടക്കമിട്ടിരിക്കുന്നത്. ഇസ്ലാമിക് നാറ്റോ എന്നാണ് ഇതിനെ പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അംഗരാജ്യങ്ങളില്‍ ഏതെങ്കിലും ഒന്ന് ആക്രമിക്കപ്പെട്ടാല്‍ എല്ലാവരെയും ആക്രമിച്ചതായി കണക്കാക്കുമെന്നാണ് കരാറിന്റെ കാതല്‍.

iran invites ti join mecca agreement

പ്രധാനപ്പെട്ട മുസ്ലിം രാജ്യങ്ങളെല്ലാം മക്ക കരാറില്‍ ഭാഗമാകുകയാണ്. മുസ്ലിം രാജ്യങ്ങളിലെ ഏക ആണവ ശക്തിയാണ് പാകിസ്താന്‍. ഏറ്റവും വലിയ ആയുധ നിര്‍മാതാക്കളാണ് തുര്‍ക്കി. സമ്പന്ന രാജ്യമാണ് സൗദി അറേബ്യ. മേഖലയിലെ വലിയ സൈനിക ശക്തിയാണ് ഇറാന്‍. എന്നാല്‍ ഇതുവരെ ഇറാന്‍ മക്ക കരാറില്‍ അംഗമല്ലാത്തതിനാല്‍ പുതിയ സഖ്യം ഇറാനെതിരെ രൂപീകരിക്കപ്പെട്ടതാണ് എന്ന വിലയിരുത്തലുണ്ടായിരുന്നു. അതിനിടെയാണ് ഇറാനും ക്ഷണം ലഭിച്ചു എന്ന വാര്‍ത്ത.

ഇറാന്‍ പാര്‍ലമെന്റിന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ഖാനി മില്ലത്തിന്റെ മേധാവി മെഹ്ദി റാഹിമി ലബ്‌നാനിലെ അല്‍ മയാദീന്‍ എന്ന മാധ്യമത്തോടാണ് ഇറാന് ക്ഷണം ലഭിച്ച കാര്യം വെളിപ്പെടുത്തിയത്. പാകിസ്താനിലെ സമാ ടിവിയും ഈ വാര്‍ത്ത ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കരാറില്‍ ഒപ്പുവച്ച മൂന്ന് രാജ്യങ്ങളില്‍ ആരും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഏത് രാജ്യമാണ് ഇറാനെ ക്ഷണിച്ചത് എന്ന് വ്യക്തമായിട്ടില്ല. എങ്കിലും മക്ക പ്രതിരോധ കരാര്‍ വിപുലീകരിക്കുമെന്ന് തുര്‍ക്കിയും പാകിസ്താനും വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. കുവൈത്ത്, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ വൈകാതെ കരാറിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് പ്രധാനമന്ത്രി ഉടന്‍ സൗദിയിലെത്തുമെന്നും വാര്‍ത്തകളുണ്ട്.

ഇറാന്‍ കൂടി ഈ കരാറിന്റെ ഭാഗമായാല്‍ മേഖലയിലെ എല്ലാ രാജ്യങ്ങളും ഒരു കുടക്കീഴില്‍ വരുന്ന സാഹചര്യമാകും. അതേസമയം, ഇസ്രായേലുമായി സഖ്യമുള്ള യുഎഇ, ബഹ്‌റൈന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്. ഇസ്രായേലുമായി സഖ്യം ചേരാന്‍ സൗദി അറേബ്യയ്ക്ക് മേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് പുതിയ സഖ്യം മറുഭാഗത്ത് രൂപീകൃതമാകുന്നത്.

ഇറാന്‍ ഈ സഖ്യത്തിന്റെ ഭാഗമായാല്‍ ജിസിസി രാജ്യങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണം നിലച്ചേക്കും. അതേസമയം, അമേരിക്കന്‍ സൈനിക ക്യാമ്പുകള്‍ മേഖലയില്‍ തുടരുമോ എന്നത് ചോദ്യ ചിഹ്നമാകും. സൗദിയുമായി പല കാര്യങ്ങളിലും ഉടക്കി നില്‍ക്കുന്ന ഇറാന്‍ കരാറിന്റെ ഭാഗമായാല്‍ അമേരിക്കയും ഇസ്രായേലും ഒറ്റപ്പെടും. പുതിയ പ്രതിരോധ സഖ്യം മേഖലയില്‍ ശക്തിപ്പെടുന്നത് ലോകരാജ്യങ്ങളെല്ലാം ഉറ്റുനോക്കുകയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *