Headlines

ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ വരവ് കുറയും… സെപ്തംബറില്‍ മാത്രം സംഭവിക്കുക 15% ഇടിവ്! | Gold Import: Gold Imports May Fall 15% in September After PM Narendra Modi’s Call to Don’t Buy Gold


India

oi-Jithin TP

ഇന്ത്യയുടെ സ്വര്‍ണത്തിന്റെ ഇറക്കുമതി സെപ്റ്റംബറില്‍ ഏകദേശം 15 ശതമാനം കുറയുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണത്തിലുള്ള അനാവശ്യ ചെലവുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അഭ്യര്‍ത്ഥിച്ചതാണ് ഇതിന് കാരണം. ഉത്സവ സീസണിന് തൊട്ടുമുമ്പ് ഈ നീക്കം ആഭരണ വിപണിയിലെ വികാരത്തെ ബാധിച്ചേക്കാം. രാജ്യത്തിന്റെ വിദേശ ഇറക്കുമതിയില്‍ അസംസ്‌കൃത എണ്ണ കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്ഥാനമുള്ള ഒന്നാണ് സ്വര്‍ണം.

‘ഞങ്ങളുടെ വ്യാപാര കണക്കുകള്‍ പ്രകാരം, ഓഗസ്റ്റില്‍ ഏകദേശം 45 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തിരുന്നു. സെപ്റ്റംബറില്‍ ഇത് 15 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു,’ ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു. സ്വര്‍ണത്തിന്മേലുള്ള അനാവശ്യ ചെലവുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.

Gold Import

ഇറക്കുമതിച്ചെലവും വര്‍ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മിയും കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയിലാണ് മോദിയുടെ ആഹ്വാനം. ഒപ്പം, വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഏകദേശം 31,000 ടണ്‍ സ്വര്‍ണ്ണത്തില്‍ ഒരു ഭാഗമെങ്കിലും വിപണിയിലേക്ക് കൊണ്ടുവരാന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. നേരത്തെ മേയ് മാസത്തിലും മോദി സമാനമായ അഭ്യര്‍ത്ഥ നടത്തിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ വ്യാപാര കേന്ദ്രമായ സവേരി ബസാറിലെ വിപണി സാഹചര്യങ്ങളെ ഈ അഭ്യര്‍ത്ഥന ബാധിച്ചിട്ടുണ്ട്. പുതിയ സ്വര്‍ണം വാങ്ങുന്നതിന് പകരം പഴയ ആഭരണങ്ങള്‍ നല്‍കി പുതിയവ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുമെന്ന് ജ്വല്ലറി ഉടമകള്‍ പ്രതീക്ഷിക്കുന്നു.

‘ഇന്ത്യ പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തെയാണ് ആശ്രയിക്കുന്നത്. ക്രൂഡ് ഓയിലിന് ശേഷം ഏറ്റവും വലിയ ഇറക്കുമതി ഇനങ്ങളിലൊന്നാണ് സ്വര്‍ണം. ഇന്ത്യക്കാര്‍ കൂടുതല്‍ സ്വര്‍ണം വാങ്ങുമ്പോള്‍, വലിയൊരു തുക വിദേശനാണയമായി രാജ്യത്തിന് പുറത്തേക്ക് പോകുന്നു. ഇത് വ്യാപാരക്കമ്മി വര്‍ധിപ്പിക്കാനും, ഡോളറിന് ഇതിനകം ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള സാഹചര്യത്തില്‍ രൂപയുടെ മൂല്യത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്താനും കാരണമായേക്കാം,’ജോസ് ആലുക്കാസിന്റെ മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് ആലുക്കാസ് പറഞ്ഞു.

പുതിയ സ്വര്‍ണംവാങ്ങുന്നത് കുറഞ്ഞാലും, ‘ഗോള്‍ഡ് എക്‌സ്‌ചേഞ്ച്’പോലുള്ള സംവിധാനങ്ങളിലേക്കുള്ള മാറ്റം ആഭരണങ്ങളുടെ ഡിമാന്‍ഡ് നിലനിര്‍ത്താന്‍ സഹായിച്ചേക്കാം. അത്യാവശ്യമല്ലാത്ത ചെലവുകള്‍ നടത്തുന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുന്നുണ്ടെങ്കിലും, ഇന്ത്യന്‍ സംസ്‌കാരത്തില്‍ ആഭരണങ്ങള്‍ക്ക് സവിശേഷമായ സ്ഥാനമാണുള്ളത്.

ഉത്സവങ്ങളും വിവാഹങ്ങളും അടക്കമുള്ള ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് ആഭരണങ്ങള്‍ എന്ന് ഇന്ദ്രിയയുടെ സിഇഒ സന്ദീപ് കോഹ്ലി പറഞ്ഞു. ‘ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, ആഭരണം വാങ്ങുക എന്നത് കേവലം ഒരു ഇടപാടല്ല. അതൊരു സ്‌നേഹത്തിന്റെയും പാരമ്പര്യത്തിന്റെയും അടയാളമാണ്. അതുകൊണ്ടാണ്, ചെലവിടല്‍ രീതികളില്‍ മാറ്റങ്ങള്‍ വന്നാലും ഈ വിഭാഗത്തിലുള്ള ഡിമാന്‍ഡ് ശക്തമായി തുടരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നത്.

പഴയ ആഭരണങ്ങള്‍ നല്‍കി പുതിയ ഡിസൈനുകളും ഉയര്‍ന്ന മൂല്യമുള്ള ആഭരണങ്ങളും സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ കാണിക്കുന്ന താല്‍പ്പര്യവും ഞങ്ങള്‍ കണ്ടുവരുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വര്‍ണ വിലയിലെ വ്യതിയാനങ്ങള്‍ അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നു. സെപ്റ്റംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷ 68 ശതമാനത്തോളമായി വര്‍ധിച്ചത് യുഎസ് ബോണ്ട് വരുമാനവും ഡോളറിന്റെ മൂല്യവും ഉയരാന്‍ കാരണമായി.

അതേസമയം, യുഎസ്-ഇറാന്‍ സംഘര്‍ഷം വീണ്ടും ശക്തമായത് എണ്ണവില വര്‍ധിപ്പിക്കുകയും നിലനില്‍ക്കുന്ന പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തുവെന്ന് ആനന്ദ് രാത്തി ഷെയര്‍ ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സിലെ കമ്മോഡിറ്റി-കറന്‍സി വിഭാഗം റിസര്‍ച്ച് അനലിസ്റ്റ് വേദിക നര്‍വേക്കര്‍ പറഞ്ഞു.

ചൊവ്വാഴ്ച 1.8 ശതമാനത്തോളം ഇടിഞ്ഞ സ്വര്‍ണവില, ബുധനാഴ്ച എംസിഎക്‌സില്‍ 10 ഗ്രാമിന് 1.5 ലക്ഷം രൂപയില്‍ താഴേക്ക് താഴ്‌ന്നെങ്കിലും പിന്നീട് താഴ്ന്ന നിലവാരത്തില്‍ നിന്ന് ഏകദേശം 1,000 രൂപയോളം തിരിച്ചുകയറി. കുറഞ്ഞ വിലയില്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

‘ഫെഡറല്‍ റിസര്‍വിന്റെ അടുത്ത നീക്കം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന, വരാനിരിക്കുന്ന യുഎസ് തൊഴില്‍-പണപ്പെരുപ്പ കണക്കുകളിലേക്കാണ് ഇപ്പോള്‍ ശ്രദ്ധ തിരിയുന്നത്,’ നര്‍വേക്കര്‍ പറഞ്ഞു. സമീപഭാവിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുമെന്നും എന്നാല്‍ ജാഗ്രതയോടെയുള്ള നീക്കങ്ങള്‍ക്കാകും മുന്‍ഗണനയെന്നും അവര്‍ കരുതുന്നു.

സ്‌പോട്ട് ഗോള്‍ഡ് വിപണിയില്‍ നിക്ഷേപകര്‍ ഇപ്പോള്‍ പ്രധാനമായും ഉറ്റുനോക്കുന്നത് ഔണ്‍സിന് 4,300 ഡോളര്‍ എന്ന നിലവാരമാണ്. ഈ നിലവാരത്തിന് മുകളില്‍ തുടരുന്നത് വില 4,350-4,400 ഡോളറിലേക്ക് തിരിച്ചെത്താന്‍ സഹായിച്ചേക്കാം. എന്നാല്‍ ഇതിന് താഴേക്ക് വീണാല്‍ വില 4,200-4,220 ഡോളറിലേക്ക് താഴാനുള്ള സാധ്യതയുണ്ട്. എംസിഎക്‌സില്‍, ഘട്ടംഘട്ടമായുള്ള വാങ്ങലുകള്‍ക്ക് 1,47,700-1,48,000 രൂപ എന്ന നിലവാരം അനുകൂലമായ മേഖലയായി കണക്കാക്കപ്പെടുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *