Headlines

ഇതിനിടയിൽ ജീവിക്കുന്നത് എപ്പോൾ? രാവിലെ 6 മുതൽ 9 വരെ റാപ്പിഡോ ഡ്രൈവർ; 10 മണിക്ക് ഓഫീസിൽ | Buzz News


Last Updated:

ജീവിക്കാൻ വേണ്ടി നിശബ്ദമായി പോരാടുന്ന മനുഷ്യരുടെ അതിജീവനത്തെ മുൻനിർത്തി ആളുകൾ ഈ കുറിപ്പ് ഏറ്റെടുത്തതോടെ സംഭവം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

News18
News18

സാധാരണ ഒരു ബൈക്ക് ടാക്സി യാത്ര ചില മനുഷ്യർ നേരിടുന്ന അസമത്വത്തിന്റെ യാഥാർത്ഥ്യങ്ങളെ ഓർമ്മിപ്പിക്കുന്ന ഒന്നായിമാറുമോ? അങ്ങനെ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. താൻ സഞ്ചരിച്ച ബൈക്ക് ടാക്സിയിലെ ഡ്രൈവർ തന്നെ വേഗത്തിൽ വരാൻ നിരന്തരം നിർബന്ധിച്ചതിനെക്കുറിച്ച് ശിഖർ എന്ന വ്യക്തിയാണ് എക്സിൽ കുറിപ്പ് പങ്കുവച്ചത്. ജീവിക്കാൻ വേണ്ടി നിശബ്ദമായി പോരാടുന്ന മനുഷ്യരുടെ അതിജീവനത്തെ മുൻനിർത്തി ആളുകൾ ഈ കുറിപ്പ് ഏറ്റെടുത്തതോടെ സംഭവം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

താൻ സാധാരണയായി ഓഫീസിലേക്ക് പോകാൻ മെട്രോയാണ് തിരഞ്ഞെടുക്കാറെന്നും, എന്നാൽ അന്ന് വൈകിയതുകൊണ്ട് ഒരു റാപ്പിഡോ (Rapido) ബുക്ക് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്നും ശിഖർ തന്റെ കുറിപ്പിൽ പറയുന്നു. രണ്ട് മിനിറ്റിനുള്ളിൽ ഡ്രൈവർ എത്തുകയും, അഞ്ച് മിനിറ്റിനിടെ മൂന്ന് തവണ വിളിച്ച് വേഗം വരാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വീടിന്റെ താക്കോൽ തിരയുന്നതിനിടയിൽ ശിഖർ ഇറങ്ങാൻ വൈകുകയായിരുന്നു.

ബൈക്കിൽ കയറിയതിന് ശേഷം, എന്തിനാണ് ഇത്രയധികം ധൃതി കൂട്ടിയതെന്ന് ശിഖർ ഡ്രൈവറോട് ജിജ്ഞാസയോടെ ചോദിച്ചു. അപ്പോഴാണ് മറ്റൊരു സവാരിക്ക് വേണ്ടിയല്ല, മറിച്ച് തന്റെ രാവിലത്തെ പാർട്ട് ടൈം ജോലി കഴിഞ്ഞ് സ്വന്തം ഓഫീസിലേക്ക് സമയത്തിന് എത്തിച്ചേരാനാണ് അയാൾ ഓടിയതെന്ന് ശിഖർ മനസ്സിലാക്കിയത്.

“ഓഫീസിൽ പോകാൻ വൈകുന്നു ഭയ്യാ,” എന്ന് ആ ഡ്രൈവർ പുഞ്ചിരിയോടെ മറുപടി നൽകി. ഒരു മുഴുവൻ സമയ ജോലി ഉണ്ടായിട്ടും എന്തിനാണ് റാപ്പിഡോ ഓടിക്കുന്നത് എന്ന് അത്ഭുതത്തോടെ ചോദിച്ച ശിഖറിന് മുന്നിൽ അയാൾ തന്റെ ജീവിതസാഹചര്യങ്ങൾ തുറന്നുപറഞ്ഞു.

തനിക്ക് ജോലിയിൽ നിന്ന് പ്രതിമാസം 20,000 രൂപയാണ് ശമ്പളം ലഭിക്കുന്നതെന്നും ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് കുടുംബമെന്നും അയാൾ പറഞ്ഞു. കുട്ടികളിൽ ഒരാൾക്ക് ജന്മനാ വൈകല്യമുണ്ട്. ആ കുട്ടിയുടെ മരുന്നുകൾക്കും ചികിത്സയ്ക്കുമായി മാത്രം എല്ലാ മാസവും പതിനായിരത്തോളം രൂപ ചിലവ് വരും. ഇത്രയും കാര്യങ്ങൾ എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ, രാവിലെ 6 മുതൽ 9 വരെ റാപ്പിഡോ ഓടിക്കുമെന്നും, 10 മുതൽ 6:30 വരെ ഓഫീസിലെ ജോലി നോക്കുമെന്നും, അതിനുശേഷം രാത്രി 10 അല്ലെങ്കിൽ 11 മണി വരെ വീണ്ടും ബൈക്കുമായി നിരത്തിലിറങ്ങുമെന്നും അയാൾ മറുപടി നൽകി.

എത്ര സമയം ഉറങ്ങാറുണ്ടെന്ന് ചോദിച്ചപ്പോൾ കഴിഞ്ഞ എട്ട് മാസമായി അഞ്ച് മണിക്കൂറിൽ കൂടുതൽ താൻ ഉറങ്ങിയിട്ടില്ലെന്നാണ് അയാൾ പറഞ്ഞത്. എന്നാൽ തൊട്ടടുത്ത നിമിഷം അയാൾ പറഞ്ഞ ഒരു കാര്യം തന്റെ മനസ്സിൽ എക്കാലവും തങ്ങിനിൽക്കുമെന്ന് ശിഖർ വ്യക്തമാക്കുന്നു. “ദൈവത്തിന്റെ നിശ്ചയം ഇതാണെങ്കിൽ അങ്ങനെ തന്നെ ആകട്ടെ” എന്നാണ് മുഖത്തൊരു പുഞ്ചിരിയോടെ അയാൾ പറഞ്ഞത്.

ഈ സംഭാഷണം താൻ നിത്യജീവിതത്തിൽ പരാതിപ്പെടുന്ന ചെറിയ പ്രശ്നങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചതായി ശിഖർ സമ്മതിക്കുന്നു. ജോലിയുടെ ഡെഡ്‌ലൈനുകളെക്കുറിച്ചും ട്രാഫിക്കിനെക്കുറിച്ചും ചെറിയ ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെ താൻ പരാതിപ്പെടുമ്പോൾ, നമുക്ക് ഭാവനയിൽ പോലും കാണാൻ കഴിയാത്തത്ര വലിയ ബാധ്യതകൾ ചുമലിലേറ്റി, എന്നിട്ടും ഉള്ളിലെ നന്മ നഷ്ടപ്പെടുത്താതെ ജീവിക്കുന്ന മനുഷ്യർ ഇവിടെയുണ്ടെന്ന് ശിഖർ കുറിച്ചു. താൻ എത്രത്തോളം ഭാഗ്യവാനാണെന്ന് ഈ സംഭവം ഓർമ്മിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പോസ്റ്റ് വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ജീവിതത്തിൽ തങ്ങൾക്കുള്ള ഭാഗ്യങ്ങളെ ഓർക്കാനും ആ ഡ്രൈവറുടെ കഠിനാധ്വാനത്തെയും നിശ്ചയദാർഢ്യത്തെയും അഭിനന്ദിക്കാനും ഇത് നിരവധി ആളുകളെ പ്രേരിപ്പിച്ചു.

നമ്മൾ നമ്മുടെ ജീവിതത്തെ വേണ്ടത്ര വിലമതിക്കുന്നില്ലെന്നാണ് ഒരു ഉപയോക്താവ് ഇതിന് താഴെ കുറിച്ചത്. ജീവിതത്തിൽ ഇത്രയേറെ പ്രതിസന്ധികൾ ഉണ്ടായിട്ടും അയാൾ പുഞ്ചിരിയോടെയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. നിങ്ങളുടെ ജീവിതത്തെയും പ്രതിസന്ധികളെ മറികടക്കാനുള്ള നിങ്ങളുടെ കഴിവിനെയും അഭിനന്ദിക്കാനും ഇത് കുട്ടികളെ പഠിപ്പിക്കാനും മറ്റൊരാൾ കുറിച്ചു. നിസ്സാര കാര്യങ്ങളെക്കുറിച്ച് താൻ എത്രത്തോളം പരാതിപ്പെടാറുണ്ടായിരുന്നു എന്ന് ഈ കുറിപ്പ് ഓർമ്മിപ്പിച്ചുവെന്നും, നമ്മൾ എപ്പോഴും ജീവിതത്തോട് നന്ദിയുള്ളവരായിരിക്കണമെന്നും വേറൊരു വ്യക്തി കമന്റ് ചെയ്തു



Source link

Leave a Reply

Your email address will not be published. Required fields are marked *