Headlines

ഇടപ്പള്ളി-അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണം മരവിപ്പിച്ച് കേന്ദ്രം; നിലവിലുള്ള പദ്ധതികള്‍ക്ക് മാത്രം മുന്‍ഗണന | Kerala Road: Central Govt Put On Hold Kerala’s Edappally-Aroor Elevated Highway Project, Here’s Why?


Kerala

oi-Jithin TP

14.64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടപ്പള്ളി-അരൂര്‍ ആറുവരി എലിവേറ്റഡ് ഹൈവേ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം തീരുമാനിച്ചു. പദ്ധതിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് എറണാകുളം എംപി ഹൈബി ഈഡന്‍ ഉന്നയിച്ച ചോദ്യത്തിന് ലോക്സഭയില്‍ മറുപടി നല്‍കവേയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം അറിയിച്ചത്.

ദേശീയപാത 66-ലെ അങ്കമാലി-ഇടപ്പള്ളി-കുണ്ടന്നൂര്‍ പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി അങ്കമാലി-അരൂര്‍ ബൈപ്പാസ് പദ്ധതിക്കാണ് നാഷണല്‍ ഹൈവേ അതോറിറ്റി മുന്‍ഗണന നല്‍കുകയെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള പാതകളിലൊന്നാണ് അരൂര്‍-ഇടപ്പള്ളി റൂട്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറുവരിപാത ഇടപ്പള്ളിയിലെത്തുമ്പോള്‍ നാലുവരിയായി ചുരുങ്ങുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.

Kerala Road

മാത്രമല്ല ദേശീയപാത 66, തീരദേശ പാത, ദേശീയപാത 544 എന്നിവ സംഗമിക്കുന്ന പ്രധാനപ്പെട്ട ഒരു ജംഗ്ഷന്‍ കൂടിയാണിത്. അതുകൊണ്ട് തന്നെ ഏറ്റവും രൂക്ഷമായ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നാല്‍ നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ദേശീയപാത അതോറിറ്റി മുന്‍ഗണന നല്‍കുന്നതെന്നും, അവ പൂര്‍ത്തിയായ ശേഷം മാത്രമേ പുതിയ പദ്ധതികള്‍ പരിഗണിക്കൂ എന്നും മന്ത്രി പറഞ്ഞു.

‘നിര്‍ദിഷ്ട പാതയുടെ ഇരുവശങ്ങളിലുമായി മാളുകളും ഫ്‌ലാറ്റുകളും പോലുള്ള വന്‍കിട പദ്ധതികള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇടപ്പള്ളി-അരൂര്‍ പാതയില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രായോഗികമല്ല. അതുകൊണ്ടാണ് ഞങ്ങള്‍ ആറുവരി എലിവേറ്റഡ് ഹൈവേ പദ്ധതി നിര്‍ദ്ദേശിച്ചത്. എലിവേറ്റഡ് ഹൈവേയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും, അവര്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു,’ ഹൈബി പറഞ്ഞു.

പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലെ കൊച്ചി മെട്രോ പാതയുമായുള്ള സംഗമമാണ് എലിവേറ്റഡ് ഹൈവേയുടെ കാര്യത്തിലെ പ്രധാന വെല്ലുവിളി. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് എന്നും പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് എലിവേറ്റഡ് ഹൈവേയെ മുന്‍ഗണനാ പദ്ധതിയായി ശുപാര്‍ശ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട് എന്നും എംപി കൂട്ടിച്ചേര്‍ത്തു.

അതേസമയം പദ്ധതി നടപ്പിലാക്കുന്നതും നിക്ഷേപം നടത്തുന്നതും സംബന്ധിച്ച തീരുമാനങ്ങള്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ടിന്റെ ഫലത്തെയും നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള നയങ്ങള്‍ പാലിക്കുന്നതിനെയും അടിസ്ഥാനമാക്കിയാണ് എടുക്കുന്നതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ദേശീയപാത 66-ലെ അരൂര്‍-ഇടപ്പള്ളി പാതയിലെ നിലവിലുള്ള നാലുവരിപ്പാത കൊച്ചി മെട്രോ ഇടനാഴിയെയും ഉള്‍ക്കൊള്ളുന്നുണ്ട്.

എറണാകുളം ജില്ലയിലെ അങ്കമാലി, ആലുവ, കളമശ്ശേരി, ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ഈ പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി, അങ്കമാലിയെയും (കൊച്ചി വിമാനത്താവളത്തിന് സമീപം) അരൂരിനെയും ബന്ധിപ്പിക്കുന്ന എറണാകുളം ബൈപ്പാസിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഈ പദ്ധതിയുടെ അലൈന്‍മെന്റിന് അപ്രൂവല്‍ കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട് എന്നും ഗഡ്കരി പറഞ്ഞു. തുറമുഖവുമായി ബന്ധിപ്പിക്കുന്ന അങ്കമാലി-അരൂര്‍ ബൈപ്പാസ് ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പുതിയ അലൈന്‍മെന്റ് പ്രകാരം, ബൈപ്പാസ് അങ്കമാലിയില്‍ തുടങ്ങി ദേശീയപാത 66-ലെ അരൂര്‍-തുറവൂര്‍ എലിവേറ്റഡ് കോറിഡോറുമായി ബന്ധിപ്പിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *