Headlines

ആരാകണം ജീവിതപങ്കാളിയെന്ന് തീരുമാനമെടുക്കാനായിരുന്നു വെല്ലുവിളി : ഹേമ മാലിനി | സിനിമാ വാർത്ത


Last Updated:

ശക്തമായ വ്യക്തിത്വത്തിന് ഉടമയായിരുന്നെങ്കിലും ധർമ്മേന്ദ്ര സ്നേഹസമ്പന്നനായിരുന്നുവെന്ന് ഹേമ മാലിനി

ഹേമ മാലിനി ധർമ്മേന്ദ്രയെക്കുറിച്ച്
ഹേമ മാലിനി ധർമ്മേന്ദ്രയെക്കുറിച്ച്

അനുയോജ്യനായ ജീവിതപങ്കാളിയെ കണ്ടെത്തുകയായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് എന്ന് നടി ഹേമ മാലിനി. എന്നാൽ ധർമ്മേന്ദ്രയെ കണ്ടുമുട്ടിയതോടെ കാര്യങ്ങൾ തനിക്ക് അനുകൂലമായി മാറിയെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം അന്തരിച്ച ധർമ്മേന്ദ്രയെക്കുറിച്ച് പറയുമ്പോൾ, ഒരു നടൻ എന്നതിലുപരി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചും ഹേമ മാലിനി മനസ്സുതുറന്നു. ശക്തമായ വ്യക്തിത്വത്തിന് ഉടമയായിരുന്നെങ്കിലും ധർമ്മേന്ദ്ര സ്നേഹസമ്പന്നനായിരുന്നുവെന്ന് അവർ പറഞ്ഞു.

“ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ ദൈവാനുഗ്രഹത്താൽ അത് വളരെ സ്വാഭാവികമായി സംഭവിച്ചു. ഞാൻ ആഗ്രഹിച്ചതുപോലെ എല്ലാം മനോഹരമായും പ്രശ്നങ്ങളില്ലാതെയും നടന്നു,” സൂമിന് നൽകിയ അഭിമുഖത്തിൽ ഹേമ മാലിനി പറഞ്ഞു.

1980 മെയ് 2നാണ് ധർമ്മേന്ദ്രയും ഹേമ മാലിനിയും ഒരു സ്വകാര്യ ചടങ്ങിൽ വിവാഹിതരായത്.

“അദ്ദേഹം എപ്പോഴും മികച്ചൊരു സുഹൃത്തായിരുന്നു. സ്നേഹനിധിയായ ഭർത്താവും നല്ല മനസ്സുള്ള സുഹൃത്തും വിശ്വസ്തനായ വഴികാട്ടിയും തത്ത്വചിന്തകനുമായിരുന്നു അദ്ദേഹം. പ്രയാസപ്പെടുന്ന ആരെയും സഹായിക്കാൻ അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു. അത്തരം സ്വഭാവമുള്ള ഒരാളെ കണ്ടെത്തുക വളരെ അപൂർവമാണ്. പുറമേ ശക്തനായി തോന്നിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം വളരെ മൃദുലമായിരുന്നു.” ധർമ്മേന്ദ്രയെക്കുറിച്ച് ഹേമ മാലിനി പറഞ്ഞു.

മുമ്പ് ഹേമ മാലിനി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ധർമ്മേന്ദ്രയുടെ കുടുംബസ്നേഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. “ഞാനെന്റെ കുടുംബത്തെ സ്നേഹിക്കുന്നു” എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നുവെന്നും എല്ലാവരും ഒരുമിച്ച് കഴിയണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും ഹേമ വ്യക്തമാക്കി. ധർമ്മേന്ദ്ര തന്റെ എല്ലാ മക്കളെയും പേരക്കുട്ടികളെയും ഒരുപോലെ സ്നേഹിച്ചിരുന്നുവെന്നും അവർ പറഞ്ഞു.

“സാധാരണയായി പലർക്കും ലഭിക്കാത്ത നേട്ടങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയത്. തുടക്കം മുതൽ അദ്ദേഹം ആഗ്രഹിച്ചതുപോലെ ജീവിതത്തിൽ മുന്നേറി. പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നെത്തിയ ഒരു യുവാവ് മുംബൈയിലെത്തി വലിയ നേട്ടങ്ങൾ കൈവരിച്ചു. ഇന്ന് രാജ്യം മുഴുവൻ അദ്ദേഹത്തെ സ്നേഹിക്കുന്നു; ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹത്തിന് ആരാധകരുണ്ട്. അത്തരമൊരു വ്യക്തി എന്നെ സ്നേഹിച്ചു എന്നത് എനിക്ക് വലിയ അഭിമാനമാണ്,” ഹേമ മാലിനി പറഞ്ഞു.

2025 നവംബറിൽ, 90-ാം ജന്മദിനത്തിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് 89-ാം വയസ്സിൽ ധർമ്മേന്ദ്രയുടെ വിയോഗം.

വ്യത്യസ്ത തലങ്ങളിലുള്ള നിരവധി സിനിമകളിലൂടെ പതിറ്റാണ്ടുകളോളം പ്രേക്ഷകരെ ആസ്വദിപ്പിച്ച ധർമ്മേന്ദ്ര ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായിരുന്നു. പൊതുജീവിതത്തിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചു. ഈ വർഷം ഹേമ മാലിനിയാണ് അദ്ദേഹത്തിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *