Last Updated:
തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഫുഡ് ഡെലിവറി കമ്പനികൾ കൂടുതൽ ശക്തമായ വെരിഫിക്കേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം
ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ (Zomato) ഡെലിവറി ഏജന്റ് നടത്തിയ വിചിത്രവും കൗതുകകരവുമായ തട്ടിപ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഓർഡർ ചെയ്ത ഭക്ഷണം ഉപഭോക്താവിന്റെ വീട്ടുവാതിൽക്കൽ വെച്ച് ഫോട്ടോ എടുത്ത ശേഷം, ആപ്പിൽ ‘ഡെലിവറി ചെയ്തു’ എന്ന് രേഖപ്പെടുത്തി ആ ഭക്ഷണം തിരികെ എടുത്ത് കടന്നുകളയുകയായിരുന്നു ഡെലിവറി ബോയ്. കൊൽക്കത്ത സ്വദേശിയായ സുമിത് ചക്രവർത്തി എന്ന ഉപഭോക്താവിന്റെ വീടിന് മുന്നിലെ സിസിടിവി (CCTV) ക്യാമറയിലാണ് ഈ മുഴുവൻ തട്ടിപ്പും പതിഞ്ഞത്.
ജൂൺ 20 ന് രാത്രി 10:40 ഓടെയാണ് സംഭവം നടന്നത്. സൊമാറ്റോ ആപ്പ് വഴി ഓർഡർ ചെയ്ത ഭക്ഷണം കൃത്യസമയത്ത് എത്തിയതായി സുമിത്തിന് നോട്ടിഫിക്കേഷൻ ലഭിച്ചു. ഭക്ഷണം കവാടത്തിൽ വെച്ചിട്ടുണ്ടെന്ന ഡെലിവറി പ്രൂഫ് ഫോട്ടോയും ഏജന്റ് ആപ്പിൽ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാൽ വാതിൽ തുറന്ന് നോക്കിയ സുമിത്തിന് ഭക്ഷണം കണ്ടെത്താനായില്ല. തുടർന്ന് വീടിന് മുന്നിലെ സുരക്ഷാ ക്യാമറ പരിശോധിച്ചപ്പോഴാണ് ഏജന്റിന്റെ കള്ളത്തരം പുറത്തായത്.
വീഡിയോ ദൃശ്യങ്ങൾ പ്രകാരം, ഡെലിവറി ഏജന്റ് ബാഗുമായി വീടിന്റെ മുന്നിൽ എത്തുന്നു. ഒരു വെളുത്ത പ്ലാസ്റ്റിക് കവറിലുള്ള ഭക്ഷണപ്പൊതി അയാൾ വാതിൽക്കൽ വെക്കുന്നു. തുടർന്ന് ആപ്പിൽ ‘ഡെലിവറി പ്രൂഫ്’ ആയി അപ്‌ലോഡ് ചെയ്യാൻ പാകത്തിന് കൃത്യമായ ഒരു ചിത്രം ലഭിക്കുന്നതിനായി കുറച്ച് ചുവടുകൾ പിന്നോട്ട് മാറി മൊബൈലിൽ ഫോട്ടോ എടുക്കുന്നു. ഫോട്ടോ എടുത്ത് ആപ്പിൽ ഓർഡർ ഡെലിവേർഡ് എന്ന് അടയാളപ്പെടുത്തിയ തൊട്ടടുത്ത നിമിഷം, അയാൾ താഴെ വെച്ചിരുന്ന ഭക്ഷണപ്പൊതി തിരികെ കയ്യിലെടുത്ത് അവിടെനിന്നും പോകുന്നതും കാണാം.
സിസിടിവി ദൃശ്യങ്ങൾ സഹിതം സുമിത് ചക്രവർത്തി സൊമാറ്റോയ്ക്ക് പരാതി നൽകുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും മുഴുവൻ തുകയും റീഫണ്ട് ചെയ്യണമെന്നും ഏജന്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🚨Zomato Customer Exposes Fake Delivery Using CCTV Footage
A Zomato customer in Kolkata, Sumit Chakraborty, exposed a fake delivery using his home CCTV footage.While the delivery partner marked the order as “Delivered” with a photo claiming it was left at the gate, the CCTV… pic.twitter.com/8aRSapzGru
— AVM (@AvmNews7) June 22, 2026
വീഡിയോ വൈറലായതോടെ സൊമാറ്റോയിലും സ്വിഗ്ഗിയിലും (Swiggy) തങ്ങൾക്കുണ്ടായ സമാനമായ തട്ടിപ്പുകളെക്കുറിച്ച് നിരവധി ഉപയോക്താക്കൾ കമന്റ് ബോക്സിൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി.
ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെ: “സൊമാറ്റോ കെയറിന്റെ പേരിൽ പുതിയൊരു തട്ടിപ്പ് നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഞാൻ ഭക്ഷണം ഓർഡർ ചെയ്തപ്പോൾ ഡെലിവറി ബോയ് റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കൈപ്പറ്റിയ ശേഷം എന്നെ വിളിച്ച് ബൈക്കിൽ പെട്രോൾ ഇല്ലെന്നും ഓർഡർ ക്യാൻസൽ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഞാൻ ക്യാൻസൽ ചെയ്താൽ എനിക്ക് പണം നഷ്ടപ്പെടുമെന്ന് പറഞ്ഞതോടെ അയാൾ സൊമാറ്റോ കസ്റ്റമർ കെയറിൽ നിന്നുള്ള കോളുകൾ പോലും എടുക്കാതെ മുങ്ങി.”
തനിക്ക് സ്വിഗ്ഗിയിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായെന്നും എന്നാൽ സിസിടിവി ഇല്ലാത്തതിനാൽ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും മറ്റൊരു ഉപയോക്താവ് പങ്കുവെച്ചു. ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഫുഡ് ഡെലിവറി കമ്പനികൾ കൂടുതൽ ശക്തമായ വെരിഫിക്കേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
Kolkata,West Bengal
ആപ്പ് തുറന്നപ്പോൾ ‘ഡെലിവേഡ്’, വാതിൽ തുറന്നപ്പോൾ നോ ഫുഡ്: സൊമാറ്റോ ഡെലിവറി ബോയിയുടെ കള്ളത്തരം പൊക്കി സിസിടിവി
