Last Updated:
ഇത്രയും ഗൗരവമുള്ള വേഷം തനിക്ക് വഴങ്ങുമോ എന്ന ഭയത്തിൽ സലിം ആദ്യം പിന്മാറാൻ ശ്രമിച്ചിരുന്നു
സലിം കുമാറിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ കമൽ. ഗ്രാമഫോൺ എന്ന ചിത്രത്തിലെ തബല ഭാസ്കരൻ എന്ന കഥാപാത്രം ചെയ്യാൻ സലിം കുമാറിന് ഭയമായിരുന്നെന്നും അഭിനയിക്കണമെന്ന മോഹവുമായി തന്റെ വീട്ടിലേക്ക് കയറിവന്ന ആളാണ് സലിം കുമാറെന്നും കമൽ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിമിക്രി കലാകാരനായി തിളങ്ങിനിന്ന കാലത്ത് താൻ സംവിധാനം ചെയ്ത ഒരു സിനിമ കണ്ടതിന് ശേഷം മഴ നനഞ്ഞ് അഭിനയിക്കണമെന്ന മോഹവുമായി തന്റെ വീട്ടിലേക്ക് കടന്നുവന്നയാളാണ് സലിം കുമാർ. ഗ്രാമഫോൺ എന്ന ചിത്രത്തിലെ തബല ഭാസ്കരനെ അവതരിപ്പിക്കാൻ വിളിച്ചപ്പോൾ ഇത്രയും ഗൗരവമുള്ള വേഷം തനിക്ക് വഴങ്ങുമോ എന്ന ഭയത്തിൽ സലിം ആദ്യം പിന്മാറാൻ ശ്രമിച്ചിരുന്നു. എന്നാൽ തന്റെ നിർബന്ധത്തിന് വഴങ്ങി ആ വേഷം ഏറ്റെടുത്ത സലിം, അതിമനോഹരമായി തബല വായിക്കുകയും ആ കഥാപാത്രത്തെ അനശ്വരമാക്കുകയും ചെയ്തു. ഗ്രാമഫോണിന് ശേഷമാണ് സീരിയസ് വേഷങ്ങൾ ചെയ്യാൽ സലിമിന് ആത്മവിശ്വാസം ലഭിച്ചത്.
അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു’ തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞു. എന്റെ നാലഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഓരോ വേഷവും വ്യത്യസ്തമായ ശൈലിയിലാണ് സലിം അവതരിപ്പിച്ചത്.
ആരുടെയും മുഖം നോക്കാതെ അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള ആർജ്ജവം സലിം കുമാറിനുണ്ടായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത കറുത്ത ജൂതൻ എന്ന ചിത്രം തന്നെ അദ്ദേഹത്തിന്റെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾക്ക് ഉദാഹരണമാണ്. മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത ഒരു വലിയ നഷ്ടമാണ് സലീമിന്റെ വേർപാടെന്നും കമൽ പറഞ്ഞു.
Ernakulam,Kerala
