Last Updated:
‘തിയറ്റർ ആർട്ടിനോട് വലിയ ഇഷ്ടമുണ്ടായിരുന്നെങ്കിലും അമിതമായ സ്റ്റേജ് ഫ്രൈറ്റും കടുത്ത ചിന്തകളുമാണ് അഭിനയത്തിലേക്ക് എത്തുന്നതിനെ ഇത്രയും കാലം തടഞ്ഞുനിർത്തിയത്. സിനിമയിൽ ഏറ്റവും വലിയ വെല്ലുവിളിയായി തോന്നിയത് തനതായ സ്ലാങ്ങിൽ മലയാളം സംസാരിക്കുന്നതായിരുന്നു’
അച്ഛൻ നൽകിയ സ്വാതന്ത്യവും പൂർണ പിന്തുണയുമാണ് തന്നെയൊരു വ്യക്തിയായും അഭിനേത്രിയായും വളർത്തിയതെന്ന് തുറന്നുപറഞ്ഞ് വിസ്മയ മോഹൻലാൽ. കുട്ടിക്കാലം മുതലേ സ്വതന്ത്രമായി കാര്യങ്ങൾ കണ്ടെത്താനും സ്വന്തം അനുഭവങ്ങളിലൂടെ കാര്യങ്ങൾ പഠിക്കാനുമാണ് അച്ഛൻ തങ്ങളെ പഠിപ്പിച്ചിട്ടുള്ളതെന്ന് വിസ്മയ പറഞ്ഞു. ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചപ്പോൾ പോലും വീട്ടിൽ നിന്ന് എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് വിസ്മയ വ്യക്തമാക്കി. തങ്ങളെ അത്രമേൽ സ്വാതന്ത്ര്യത്തോടെയാണ് അച്ഛൻ വളർത്തിയതെന്നും എന്നാൽ ഒരു പ്രമുഖ വ്യക്തിയുടെ മകൾ എന്ന നിലയിൽ തന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് ലഭിക്കുന്ന ശ്രദ്ധയെക്കുറിച്ച് സുഹൃത്തുക്കൾ പിന്നീട് ഓർമ്മിപ്പിച്ചിരുന്നുവെന്നും വിസ്മയ കൂട്ടിച്ചേർത്തു.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടുവെക്കുന്ന വേളയിൽ, ഗലാട്ട പ്ലസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിസ്മയ തന്റെ കുടുംബത്തെക്കുറിച്ചും സിനിമാ അനുഭവങ്ങളെക്കുറിച്ചും മനസ്സുതുറന്നത്.
സിനിമയിലേക്ക് ഇറങ്ങുമ്പോൾ അച്ഛനിൽ നിന്നും ലഭിച്ച വലിയ ഉപദേശം ‘കാര്യങ്ങൾ കുറച്ചുകൂടി സാവധാനത്തിൽ ചെയ്യുക’ എന്നതായിരുന്നു. ടെൻഷനും സഭാകമ്പവും കാരണം കാര്യങ്ങൾ വേഗത്തിൽ ചെയ്തുതീർക്കാൻ ശ്രമിച്ച തനിക്ക് ഈ ഉപദേശം സെറ്റിൽ വലിയ സഹായമായെന്ന് വിസ്മയ ഓർത്തെടുത്തു. സ്വന്തം യാത്ര അനുഭവങ്ങളിലൂടെ സ്വയം പഠിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നാണ് അച്ഛൻ നൽകിയ നിർദേശം. അതേസമയം, സഹോദരൻ പ്രണവ് നൽകിയ ഉപദേശം “ഒട്ടും ടെൻഷനടിക്കാതെ പോയി നന്നായി ആസ്വദിച്ച് ചെയ്യ്” എന്നതായിരുന്നു. അമ്മയുടെ ഉറച്ച പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും വിസ്മയ വ്യക്തമാക്കി.
തിയറ്റർ ആർട്ടിനോട് വലിയ ഇഷ്ടമുണ്ടായിരുന്നെങ്കിലും അമിതമായ സ്റ്റേജ് ഫ്രൈറ്റും കടുത്ത ചിന്തകളുമാണ് അഭിനയത്തിലേക്ക് എത്തുന്നതിനെ ഇത്രയും കാലം തടഞ്ഞുനിർത്തിയത്. സിനിമയിൽ ഏറ്റവും വലിയ വെല്ലുവിളിയായി തോന്നിയത് തനതായ സ്ലാങ്ങിൽ മലയാളം സംസാരിക്കുന്നതായിരുന്നു. വിദേശത്തായിരുന്നു കൂടുതലും ജീവിച്ചിരുന്നത് എന്നതിനാൽ നാട്ടിൻപുറത്തെ ഒഴുക്കോടെ മലയാളം സംസാരിക്കാൻ തനിക്ക് കഴിയില്ലെന്ന ഭയമുണ്ടായിരുന്നു. ആദ്യദിനങ്ങളിൽ സ്ക്രിപ്റ്റ് പറഞ്ഞ് അഭിനയിക്കാൻ ബുദ്ധിമുട്ടിയപ്പോൾ, സ്ക്രിപ്റ്റ് മാറ്റിവെച്ച് സാഹചര്യം മാത്രം മനസ്സിലാക്കി അഭിനയിക്കാൻ സംവിധായകൻ ജൂഡ് ആന്തണി നൽകിയ സ്വാതന്ത്ര്യമാണ് ആത്മവിശ്വാസം നൽകിയത്.
ശരീരഭാരത്തിന്റെ പേരിലുള്ള വിലയിരുത്തലുകളെക്കുറിച്ചും വിസ്മയ തുറന്നുപറഞ്ഞു. ഒരു ഘട്ടത്തിൽ 100 കിലോയോളം ഭാരമുണ്ടായിരുന്ന തനിക്ക് കോവിഡ് കാലത്ത് തായ്‌ലൻഡിൽ വെച്ച് മൗ തായ് മാർഷ്യൽ ആർട്സ് അഭ്യസിച്ചതാണ് വലിയ മാറ്റമുണ്ടാക്കിയത്. ശരീരഭാരവും ഫിറ്റ്നസും രണ്ടാണ് എന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും വിസ്മയ പറഞ്ഞു.
ചിത്രത്തിൽ സായ് കുമാറിന്റെ മകളായ ‘മീനു’ എന്ന കഥാപാത്രത്തെയാണ് വിസ്മയ അവതരിപ്പിക്കുന്നത്. മലയാളം സ്ലാങ് പൂർണ്ണമാകാത്തതിനാൽ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് നടി ആദിത്യ ലക്ഷ്മിയാണ്. ആശിഷ്, സായ് കുമാർ, മോഹൻലാൽ തുടങ്ങിയവർക്കൊപ്പമുള്ള അഭിനയം വലിയൊരു അനുഭവമായിരുന്നുവെന്നും വിസ്മയ കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
‘വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ചതിൽ അച്ഛനൊന്നും ചോദിച്ചിട്ടില്ല, ഞങ്ങളെ വളർത്തിയത് സ്വതന്ത്രരായി’ വിസ്മയ മോഹൻലാൽ
