Headlines

Salim Kumar | എക്കാലവും ആ തട്ട് താണുതന്നെ; മലയാളികളെ നിർത്താതെ ചിരിപ്പിച്ച ദിലീപ്- സലിം കുമാർ കോംബോ | സിനിമാ വാർത്ത


Last Updated:

രാമൻകുട്ടിയും പ്യാരിയും, മാധവനും അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയും, ശത്രുഘ്നനും മുത്തുരാമനും, ഉണ്ണിയും അളിയനും…

ദിലീപ് സലിം കുമാർ കൂട്ടുകെട്ട്
ദിലീപ് സലിം കുമാർ കൂട്ടുകെട്ട്

ഒരു കലാകാരന് തന്റെ പ്രതിഭ മാറ്റുരയ്ക്കാൻ എണ്ണംപറഞ്ഞ അവസരങ്ങൾ ഇല്ലാതിരുന്ന കാലം. ദൂരദർശൻ പ്രേക്ഷകർക്ക് ഒരു മലയാളം ടിവി ചാനൽ കൂടി കാണാൻ അവസരം കിട്ടിത്തുടങ്ങിയിരുന്ന ഏഷ്യാനെറ്റ് നാളുകൾ. ചിരിയും തമാശയും ഇഷ്‌ടപ്പെടുന്നവരെ പിടിച്ചിരുത്തിയിരുന്ന ടിവി പരിപാടിയായിരുന്നു ‘കോമിക്കോള’. അശ്ലീലം കലരാതെ മർമം അറിഞ്ഞ് നർമം അവതരിപ്പിക്കാൻ കെൽപ്പുണ്ടായിരുന്ന കുറച്ചു കലാകാരന്മാർ. അവരുടെ കൂട്ടത്തിൽ രണ്ടുപേർ പിൽക്കാലത്ത് സിനിമയുടെ ഉന്നതങ്ങളിൽ സ്വപ്രയത്നത്താൽ എത്തിച്ചേർന്നു. ജീവിതത്തിന്റെ കയ്പ്പും ഉപ്പും അറിഞ്ഞ് വളർന്നവർ. അതായിരുന്നു ദിലീപും സലിം കുമാറും.

ആഘോഷമായി മാറിയ പല വിജയചിത്രങ്ങളും ഏതെങ്കിലും ഒരു കലാകാരന്റെ അല്ലെങ്കിൽ കലാകാരിയുടെ മേന്മ കൊണ്ട് വിജയിച്ചു എന്ന് പറയുന്നതിനേക്കാൾ ടീം വർക്കിന്റെ നേട്ടം എന്നുവേണം വിളിക്കാൻ. അങ്ങനെയെങ്കിൽ മലയാളിക്ക് ദിലീപ്-സലിം കുമാർ ജോഡി സമ്മാനിച്ച  നർമ്മമുഹൂർത്തങ്ങൾ വേറിട്ടതായിരുന്നു. രാമൻകുട്ടിയും പ്യാരിയും, മാധവനും അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയും, ശത്രുഘ്നനും മുത്തുരാമനും, ഉണ്ണിയും അളിയനും എന്നിങ്ങനെ ഒരുപിടി രസകരമായ കഥാപത്രങ്ങൾ.

‘ശത്രുഘ്നന്റെ ഘ്നം പറയാൻ മറക്കണ്ട, അല്ലെങ്കിൽ വിഘ്നം സംഭവിക്കും’ : തെങ്കാശിപ്പട്ടണം

കെഡി കമ്പനി മുതലാളിമാരുടെ പെങ്ങൾ ദേവൂട്ടിയെ പ്രണയിച്ചു വിവാഹം ചെയ്യുകയെന്ന ജീവിത ലക്ഷ്യവുമായി അവരുടെ സ്ഥാപനത്തിൽ ജോലിയെടുക്കാൻ എത്തുന്ന ശത്രുഘ്നൻ എന്ന ദിലീപ് കഥാപാത്രം. അവിടെവച്ചു പരിചയപ്പെടുന്ന മറ്റൊരു തൊഴിലാളിയായ മുത്തുരാമൻ എന്ന സലിം കുമാർ. വന്നുകയറുമ്പോഴേ കണ്ണപ്പൻ-ദാസപ്പൻ മുതലാളിമാരുടെ കയ്യിൽ നിന്നും അടിയും തൊഴിയും പിടിച്ചുവാങ്ങുന്ന നിമിഷം മുതൽ അയാളുടെ ഒപ്പം യാത്ര ചെയ്യുന്ന കഥാപാത്രം. നീളമുള്ള പേര് ചെറുതാക്കി ‘ശത്രു’ എന്ന് പറയാറുള്ള ദിലീപിനോട്, ‘ശത്രുഘ്നന്റെ ഘ്നം പറയാൻ മറക്കണ്ട, അല്ലെങ്കിൽ വിഘ്നം സംഭവിക്കും’ എന്ന സലിം കുമാറിന്റെ പ്രശസ്ത ഡയലോഗ്. തുടർന്നും നിറയെ നർമമുഹൂർത്തങ്ങൾ സമ്മാനിച്ച ജോഡി.

‘പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ’ : തിളക്കം

കുട്ടിക്കാലത്ത് നാട്ടിലെ പൂരത്തിന് കാണാതെപോയ ഉണ്ണി എന്ന മകനെ തിരിച്ചുകൊണ്ടുവരുന്ന കുടുംബം. മടങ്ങിവരുന്ന ഉണ്ണിയുടെ മനസ് ശരീരത്തിനൊത്ത് വളർന്നിട്ടില്ല. മുണ്ടുടുത്ത ആൾക്കാരുടെ മുണ്ടു പറിച്ചെടുക്കുന്ന ശീലക്കാരനാണ് ദിലീപ് കഥാപാത്രമായ ഉണ്ണി. ഇക്കാര്യമറിയാതെ, അളിയനെ ആദ്യമായി കണ്ടനിമിഷം ഒന്ന് ചുറ്റിയടിക്കാൻ ഇറങ്ങുന്ന സഹോദരീഭർത്താവ് ഓമനക്കുട്ടൻ. മുണ്ടുടുത്ത് അളിയന്റെ തോളത്തു കയ്യിട്ട് ‘പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ’ പാടിക്കൊണ്ടിറങ്ങുന്ന ഓമനക്കുട്ടന് എന്ത് സംഭവിച്ചു എന്ന് പറയേണ്ടതില്ലല്ലോ.

‘സവാള ഗിരിഗിരി ഗിരി’: കല്യാണരാമൻ

ജ്യേഷ്‌ഠനൊപ്പം സദ്യവട്ടം ഒരുക്കി കല്യാണവീടുകൾ തോറും കയറിയിറങ്ങുന്ന രാമൻകുട്ടിയുടെ സംഘത്തിലെ പ്യാരി. പെണ്ണിനെ കണ്ടാൽ ‘ട്യൂൺ ചെയ്യാനിറങ്ങുന്ന’, അറിയാവുന്ന ഇംഗ്ലീഷ് മണ്ടത്തരമെങ്കിൽ പോലും മടിയില്ലാതെ വിളിച്ചു പറയുന്ന ‘വെൽകം’ ‘മെൽകൗ’ ആക്കിയ പ്യാരിയെ മറക്കാൻ പറ്റുമോ? തമാശയുടെ ഉസ്താദുമാരായ ഇന്നസെന്റും സലിം കുമാറും കൂടിയുള്ള കോമ്പിനേഷൻ രംഗങ്ങളിൽ ഇവരുടെ ഡയലോഗ് കേട്ട് ചിരിക്കാതെ ഒരു ഷോട്ട് എടുക്കാൻ നായകൻ ദിലീപും നായിക നവ്യയും ഉൾപ്പെടുന്ന സഹതാരങ്ങൾ പാടുപെട്ട പിന്നണികഥ വേറെ.

‘ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാ’: മീശ മാധവൻ

ചേക്കിന്റെ സ്വന്തം കള്ളനായ മാധവൻ നായർ എന്ന മീശ മാധവന് വക്കാലത്തുമായി പോലീസ് സ്റ്റേഷനിലെത്തുന്ന, അയാൾ പോലുമറിയാത്ത ഒരു വക്കീൽ. എസ്.ഐ. ഈപ്പൻ പാപ്പച്ചിയുടെ കൊട്ടേഷനിൽ ഇടികൊണ്ട് വശംകെട്ട മാധവനെ ഇറക്കിക്കൊണ്ടുവരുമ്പോൾ അയാൾ സ്വയം പരിചയപ്പെടുത്തുന്ന നിമിഷം പോലും ചിരിപടർത്തും. ഒരു വക്കീലിന് വേണ്ട ലുക്കില്ല എന്ന് അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി സ്വയം വിശേഷിപ്പിക്കുന്ന രീതി പൊട്ടിച്ചിരിയുടെ തുടക്കം മാത്രമായിരുന്നു. വളരെ കുറച്ചു രംഗങ്ങൾ മാത്രമേയുള്ളൂ എങ്കിൽ പോലും അതെല്ലാം തന്നെ നർമം ഉൾക്കൊണ്ടു കൊണ്ടുള്ളതായിരുന്നു.

‘സത്യം, പരമാർത്ഥം?’ : ചെസ്

അന്ധത അഭിനയിക്കുന്ന ദിലീപ് കഥാപാത്രം വിജയകൃഷ്ണൻ വാടകയ്ക്ക് താമസിക്കാനെത്തുന്ന വീടിന്റെ കെയർടേക്കറായ ഉണ്ണികൃഷ്ണൻ. പുതിയ താമസക്കാരന് ചുറ്റും നടക്കുന്ന കാര്യങ്ങൾ കാണാൻ കഴിയില്ല എന്നറിയുമ്പോൾ, അയാളുടെ മുന്നിൽ എന്തുമാവാം എന്ന് കരുതി ഉണ്ണികൃഷ്ണൻ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ. ഇവർ ഒന്നിച്ചുള്ള രംഗങ്ങളിൽ നർമം നിറയ്ക്കുന്ന ചുമതല സലിം കുമാറിനായിരുന്നു.

ഇത്രയും പറഞ്ഞവസാനിപ്പിക്കാൻ കഴിയുന്നതല്ല ദിലീപ്, സലിം കുമാർ ജോഡികൾ അവിസ്മരണീയമാക്കിയ ചിത്രങ്ങളുടെ പട്ടിക. പലചിത്രങ്ങളിലും ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ഇന്നസെന്റ് പോലുള്ള താരങ്ങൾ കൂടി ഇവർക്കൊപ്പം ചേർന്നിരുന്നു സൂത്രധാരൻ, സിഐഡി മൂസ, കുഞ്ഞിക്കൂനൻ, ഈ പറക്കും തളിക, കാര്യസ്ഥൻ, ക്രെയ്‌സി ഗോപാലൻ, ഗ്രാമൊഫോൺ, സ്വ.ലേ. തുടങ്ങി ഭഭബ വരെ നീണ്ട കൂട്ടായ്മ. തമാശയുടെ വഴിത്താരയിൽ നിന്നും ദിലീപും സലിം കുമാറും അഭിനയത്തിന്റെ മറുസാദ്ധ്യതകൾ തേടിപോയപ്പോൾ, മലയാളിക്ക് ഗൃഹാതുരത സമ്മാനിച്ച ഒരു കാലഘട്ടം ബാക്കിവച്ചായിരുന്നു ആ യാത്ര.



Source link

Leave a Reply

Your email address will not be published. Required fields are marked *