International
oi-Sajitha Gopie
40തോളം പേരുടെ ജീവനെടുത്ത വന്‍ ഭൂകമ്പത്തിന് ശേഷം ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച വൈകിട്ടോടെ ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സെസ്‌മോളജി അറിയിച്ചു. വൈകിട്ട് 4.24നാണ് ഭൂകമ്പമുണ്ടായത്.
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് വളരെ താഴെയായി 165 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇന്തോനേഷ്യയാണെന്ന് നാഷണൽ സെന്റർ ഫോർ സിസ്മോളജി സ്ഥിരീകരിച്ചു.

അതേസമയം ഭൂകമ്പത്തില്‍ ജീവാപായം ഉണ്ടായതായോ പരിക്കുകളുടെ വിവരങ്ങളോ പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സംഭവിച്ചിരുന്നത്. കുറഞ്ഞത് 38 പേരാണ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്. 13 പേര്‍ക്ക് പരിക്കേറ്റു. ഈസ്റ്റ് നുസ ടെന്‍ഗ്ഗാരയിലെ നാഗേകിയോ ജില്ലയിലായിരുന്നു ഭൂകമ്പമെന്ന് ഇന്തോനേഷ്യയിലെ ഡിസാസ്‌റര്‍ മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു.
11 പേര്‍ക്ക് നിസ്സാര പരിക്കുകളാണ് ഉളളത്. അതേസമയം ബാക്കി രണ്ട് പേരുടെ നില ഗുരുതരമാണ്. ഭൂകമ്പമുണ്ടായ പ്രദേശത്ത് നിന്നും രണ്ടായിരത്തോളം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വീടുകളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ചിലയിടങ്ങളില്‍ മണ്ണൊലിപ്പുണ്ടാവുകയും റോഡുകള്‍ അടക്കം തകരുകയും ചെയ്തു. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കി. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു. ആദ്യത്തെ ഭൂകമ്പത്തിന് പിന്നാലെ ചെറിയ തുടര്‍ചലനങ്ങളും പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.