Headlines

നൂറ അൽ ഹിലാലി: ഈ യുഎഇ വനിത പച്ചമലയാളം പറഞ്ഞ് മുഖ്യമന്ത്രിയെ അദ്ഭുതപ്പെടുത്തിയതെങ്ങനെ ? | Buzz News


Last Updated:

മലയാളികൾക്കിടയിൽ വളരെ നേരത്തെ തന്നെ പ്രശസ്തയാണ് കണ്ടന്റ് ക്രിയേറ്ററും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ നൂറ

മുഖ്യമന്ത്രിക്കൊപ്പം നൂറ അൽ ഹിലാലി
മുഖ്യമന്ത്രിക്കൊപ്പം നൂറ അൽ ഹിലാലി

കഴിഞ്ഞദിവസമാണ് 19 രാജ്യങ്ങളിൽ നിന്നെത്തിയ 35 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ചത്. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇവരിൽ പച്ച മലയാളം പറഞ്ഞ് മുഖ്യമന്ത്രിയെ ഞെട്ടിച്ചത് യുഎഇ വനിതയായ നൂറ അൽ ഹിലാലിയായിരുന്നു. മലയാളികൾക്കിടയിൽ വളരെ നേരത്തെ തന്നെ പ്രശസ്തയാണ് കണ്ടന്റ് ക്രിയേറ്ററും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ നൂറ.

അറബ് വംശജയാണെങ്കിലും വളരെ മനോഹരമായും സ്വാഭാവികമായും മലയാളം സംസാരിക്കാനുള്ള അവരുടെ കഴിവാണ് നൂറയെയും സഹോദരി മറിയം അൽ ഹിലാലിയെയും മലയാളി പ്രേക്ഷകർക്കിടയിൽ പ്രശസ്തരാക്കിയത്. ദുബായിൽ താമസിക്കുന്ന നൂറയും സഹോദരിയും തങ്ങളുടെ വീട്ടിലെ ജോലിക്കാരിൽ നിന്നും ചുറ്റുപാടുകളിൽ നിന്നുമാണ് മലയാളം പഠിച്ചെടുത്തത്. മലയാളികൾ സംസാരിക്കുന്നത് പോലെ തന്നെ വളരെ കൃത്യമായ ഉച്ചാരണത്തോടെ ഇവർ സംസാരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായാണ് ഇപ്പോൾ നൂറ ഇന്ത്യയിലെത്തിയത്. തുടർന്ന് മറ്റ് ഇൻഫ്ലുവൻസർമാരോടൊപ്പം കേരളത്തിൽ എത്തുകയായിരുന്നു.

സിനിമാ ഡബ്ബിങ്

മലയാള ഭാഷയിലുള്ള പ്രാവീണ്യമാണ് നൂറയെയും സഹോദരിയെയും സിനിമാ ഡബ്ബിങ്ങിലേക്ക് എത്തിച്ചത്. എമിറാത്തിയിലേക്ക് ഡബ്ബ് ചെയ്ത് ആദ്യ മലയാള സിനിമയായ ‘ടർബോ അറബിക്കി’ൽ നിരവധി കഥാപാത്രങ്ങൾക്ക് സഹോദരിമാർ ശബ്ദം നൽകി.

മലയാള പഠനം

“ഷാർജയിലെ ഒരു കാത്തലിക് സ്കൂളിലാണ് പഠിച്ചത്. ആ വൈവിധ്യമാർന്ന അന്തരീക്ഷം വ്യത്യസ്ത സംസ്കാരങ്ങളുമായി ബന്ധപ്പെടാനും എളുപ്പത്തിൽ പൊരുത്തപ്പെടാനും ഞങ്ങളെ സഹായിച്ചു. ചെറുപ്പകാലം മുതലേ മലയാളം സംസാരിക്കുന്നവരുടെ നടുവിലായിരുന്നു ഞങ്ങള്‍ ജീവിച്ചിരുന്നത്. മലയാളം സംസാരിക്കുന്ന നാനികളുണ്ടായിരുന്നത് ഞങ്ങളുടെ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമായി മാറി. അവരോടൊപ്പം സിനിമ കണ്ടും റേഡിയോ കേട്ടും മലയാളം പഠിച്ചു” ഒരു അഭിമുഖത്തിൽ നൂറ പറഞ്ഞു.

ഇഷ്ട സിനിമ

‘മണിച്ചിത്രത്താഴ്’ ആണ് നൂറയുടെ ഇഷ്ട സിനിമ. അന്നത്തെ കാലത്ത് ഇത്തരമൊരു സൈക്കോളജിക്കല്‍ ത്രില്ലർ ഒരുക്കുക എന്നത് അത്ര എളുപ്പമല്ലെന്നും നൂറ പറയുന്നു.

പറയാൻ പാട് ‘ഞ’

പല ഇമോഷൻസിലും പല ഭാഷകളാണ് ഉപയോഗിക്കുന്നതെന്ന് നൂറ പറയുന്നു. പെട്ടെന്ന് എഴുതുകയാണെങ്കില്‍ അത് ഇംഗ്ലീഷിലായിരിക്കും. സീരിയസായിട്ട് സംസാരിക്കണമെങ്കിൽ‍ അത് അറബിക്കിലായിരിക്കും. ബുദ്ധിപരമായ കാര്യങ്ങൾക്കോ എന്തെങ്കിലും ഒന്ന് ആലോചിച്ചെടുക്കണമെങ്കിലോ പരിഹാരം വേണമെങ്കിലോ അത് മലയാളത്തിലായിരിക്കും. ഹൃദയപൂർവം, ആശംസകൾ തുടങ്ങിയ ഇമോഷനുകൾ മലയാളത്തിലേ വരൂ. ആ ഫീൽ ഇംഗ്ലീഷിൽ കിട്ടില്ല.

സംസാരിക്കാൻ ബുദ്ധിമുട്ടുള്ള അക്ഷരം ‘ഞ’ ആണ്. ഞങ്ങൾ എന്ന് പറയുമ്പോൾ നങ്ങൾ എന്നേ വരൂ. സാധാരണ മലയാളത്തിൽ ഏറ്റവും പ്രയാസമുള്ള അക്ഷരം ‘ഴ’ ആണല്ലോ.. എന്നാൽ അതെനിക്ക് പറയാൻ പറ്റും.- നൂറ പറയുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *