Headlines

നവരാത്രി ആഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്‌നം; വിഎച്ച്പിയോട് മുഖ്യമന്ത്രിയുടെ ഭാര്യ | Amruta Fadnavis: Maharashtra CM Devendra Fadnavis’s Wife Amruta Questioning VHP On Navaratri Restrictions


India

oi-Jithin TP

മഹാരാഷ്ട്രയിലെ ഗര്‍ബ, ദാന്‍ഡിയ പരിപാടികളില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കണമെന്ന വിഎച്ച്പിയുടെ ആഹ്വാനം തള്ളി ഗായികയും ഇന്‍ഫ്‌ളുവന്‍സറും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയുമായ അമൃത ഫഡ്‌നാവിസ്. ആഘോഷങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെന്നും മുസ്ലീങ്ങള്‍ അതില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അമൃത ഫഡ്നാവിസ് പ്രതികരിച്ചു.

ഒക്ടോബര്‍ 11-ന് ആരംഭിക്കുന്ന നവരാത്രി ആഘോഷവേളയില്‍ സംസ്ഥാനത്തുടനീളമുള്ള ഗര്‍ബ, ദാന്‍ഡിയ പരിപാടികളില്‍ മുസ്ലീങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് വിഎച്ച്പി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അവരുടെ പ്രതികരണം വന്നിരിക്കുന്നത്. ഇത്തരം ആഘോഷവേളകളില്‍ ലവ് ജിഹാദ് കേസുകള്‍ വര്‍ധിക്കാറുണ്ടെന്ന് ആരോപിച്ച് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ രംഗത്തെത്തിയിരുന്നു.

Amruta Fadnavis

എന്നാല്‍ ഇതിനെയെല്ലാം തള്ളുന്ന നിലപാടാണ് അമൃത കൈക്കൊണ്ടിരിക്കുന്നത്. ‘ഒരു മുസ്ലീം വ്യക്തി അവിടെ വന്ന് ആഘോഷങ്ങളില്‍ ശരിയായ രീതിയില്‍ പങ്കുചേരുകയാണെങ്കില്‍, അതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല,’ അമൃത ഫഡ്നാവിസ് പറഞ്ഞു. നവരാത്രി പരിപാടികളില്‍ നിന്ന് മുസ്ലീങ്ങളെ വിലക്കാനുള്ള നീക്കത്തിനെതിരെ നടന്‍ ശ്രേയസ് തല്‍പഡെയും രംഗത്തെത്തി.

‘വര്‍ഷങ്ങളായി നമ്മള്‍ എല്ലാ ആഘോഷങ്ങളും ഒരുമിച്ച് ആസ്വദിച്ചുവരികയാണ്… എല്ലാ ആഘോഷങ്ങളും ഞാന്‍ എപ്പോഴും പൂര്‍ണ്ണമായി ആസ്വദിച്ചിട്ടുണ്ട്, ഇനിയും അത് തുടരുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഎച്ച്പിയുടെ തീരുമാനത്തെ പിന്തുണച്ച റാണെ, ഗര്‍ബ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ പ്രവേശനത്തിന് മുന്‍പായി തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

‘വിഗ്രഹാരാധനയില്‍ വിശ്വസിക്കാത്തവര്‍ ഹിന്ദു മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല. ഗര്‍ബയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ പ്രവേശനത്തിന് മുന്‍പ് തങ്ങളുടെ തിരിച്ചറിയല്‍ രേഖ കാണിക്കുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും വേണം,’ റാണെ പറഞ്ഞു. ഇത്തരം ആഘോഷവേളകളില്‍ ലവ് ജിഹാദ് കേസുകള്‍ വര്‍ധിക്കാറുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിജെ സംവിധാനങ്ങളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ മതപരമായ ഘോഷയാത്രകള്‍ക്കും ഒരുപോലെ ബാധകമാക്കണമെന്ന് റാണെ പറഞ്ഞു.

‘ഗണേശോത്സവ ആഘോഷങ്ങളില്‍ ഡിജെകള്‍ക്ക് അനുമതിയില്ലെങ്കില്‍, ഈദ് ഘോഷയാത്രകള്‍ക്കും സമാനമായ നിയന്ത്രണങ്ങള്‍ ബാധകമാക്കണം,’ അദ്ദേഹം പറഞ്ഞു. അതേസമയം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബ, ദാന്‍ഡിയ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ ഹിന്ദു സ്വത്വം ഉറപ്പുവരുത്തുന്നതിനായി സംഘാടകര്‍ക്ക് വിഎച്ച്പി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

പങ്കെടുക്കുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ പരിശോധിക്കുക, നെറ്റിയില്‍ തിലകം ചാര്‍ത്തുക തുടങ്ങിയ നടപടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ ഗര്‍ബ, ദാന്‍ഡിയ പരിപാടികളില്‍ പങ്കെടുക്കുന്നത് തടയാന്‍ സംഘടന തീരുമാനിച്ചതായി വിഎച്ച്പി വക്താവും ജോയിന്റ് സെക്രട്ടറിയുമായ ശ്രീരാജ് നായര്‍ പറഞ്ഞു.

‘നവരാത്രി എന്നത് പാട്ടിനും നൃത്തത്തിനും മാത്രമുള്ളതല്ല. ദേവിയെ ആരാധിക്കുന്നതിനുള്ള ആഘോഷമാണിത്. വിഗ്രഹാരാധനയെ എതിര്‍ക്കുന്ന മുസ്ലീങ്ങള്‍ എന്തിനാണ് ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നത്?’ അദ്ദേഹം ചോദിച്ചു. ഈ നിയന്ത്രണങ്ങള്‍ ഏതെങ്കിലും പ്രത്യേക സമുദായത്തിനെതിരായ നിലപാടല്ലെന്നും, ഹിന്ദു ആഘോഷങ്ങളുടെ സാംസ്‌കാരിക സ്വഭാവം സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.



Source link

Leave a Reply

Your email address will not be published. Required fields are marked *