Headlines

തെരുവുകളില്‍ തെളിയേണ്ടത് ഇവരുടെ ചിത്രങ്ങള്‍…. ചൈനയില്‍ നിന്നും പഠിക്കാനുണ്ട് ഇന്ത്യയ്ക്ക്..! | China Is Putting Scientists And Researchers On Giant Public Screens, India Should Adapt This Culture


International

oi-Jithin TP

നമ്മുടെ നാട്ടില്‍ ഇന്ന് ഗ്രാമ-നഗരവ്യത്യാസമില്ലാതെ പരസ്യബോര്‍ഡുകള്‍ മുളയ്ക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലും ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ ഹോര്‍ഡിംഗുകളും വര്‍ണ്ണാഭമായ ഫ്‌ലെക്‌സ് ബാനറുകളും വമ്പന്‍ കട്ട്-ഔട്ടുകളും ആണ് എല്ലായിടത്തും. പലപ്പോഴും സിനിമാ താരങ്ങളുടേയും മോഡലുകളുടേയും രാഷ്ട്രീയക്കാരുടേയും ചിത്രങ്ങളായിരിക്കും ഈ ഹോര്‍ഡിംഗ്‌സുകളില്‍ ഉണ്ടാകുക.

പതിറ്റാണ്ടുകളായി നമ്മുടെ കണ്ണുകള്‍ക്ക് പരിചിതമായ ഈ ‘കട്ട്-ഔട്ട് സംസ്‌കാരം’, നമ്മുടെ സമൂഹം ആരെയൊക്കെയാണ് നായകന്മാരായി കാണുന്നതെന്ന് വ്യക്തമാക്കുന്നു. അതേസമയം, നമ്മുടെ അയല്‍രാജ്യമായ ചൈന പൊതുസ്ഥലങ്ങളെ വിനിയോഗിക്കുന്ന രീതി ആഗോളശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. അവിടുത്തെ തെരുവുകളിലെ വലിയ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍, രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ക്ക് പകരം രാജ്യത്തിന്റെ പുരോഗതിക്ക് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരുടെ മുഖങ്ങളാണ് തെളിയുന്നത്.

China

ചൈന കൈവരിക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നിന് ഇതാണെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യത്തെ വികസനപാതയിലേക്ക് നയിച്ച പ്രമുഖ ഗവേഷകര്‍, ബഹിരാകാശ ശാസ്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കൂറ്റന്‍ എല്‍ഇഡി സ്‌ക്രീനുകള്‍ പ്രധാന നഗരങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും കാണാം.

രാജ്യത്തെ യുവജനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തികളായി ഇവരെ ഉയര്‍ത്തിക്കാട്ടുന്നതിനായി പ്രത്യേക പ്രചാരണ പരിപാടികളും ചൈന ആസൂത്രണം ചെയ്തിട്ടുണ്ട്. നൂതനമായ പരീക്ഷണങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികളെയും ശാസ്ത്രജ്ഞരെയും ഓരോ തെരുവിലും ആഘോഷപൂര്‍വ്വം ആദരിക്കുകയും ദേശീയ നായകന്മാരുടെ പദവി നല്‍കി ആദരിക്കുകയും ചെയ്യുന്നു.

ഇത്തരം കാഴ്ചകള്‍ കുട്ടികളുടെയും യുവാക്കളുടെയും മനസ്സില്‍ സ്വാഭാവികമായും നാളെ ഞങ്ങളും ശാസ്ത്രജ്ഞരാകണം എന്ന ചിന്ത വളര്‍ത്തുന്നു. എന്നാല്‍ ഇന്ത്യയിലെ സംസ്‌കാരം എന്താണ്? എവിടെ നോക്കിയാലും കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡുകളുടെ നിരകളാണ് കാണാന്‍ കഴിയുന്നത്. പ്രാദേശിക നേതാക്കളുടെ ജന്മദിനം ആഘോഷിക്കുന്നവ മുതല്‍ പലതരത്തിലുള്ള പരസ്യങ്ങളുടെ ബോര്‍ഡുകള്‍ കൊണ്ട് റോഡ് ജംഗ്ഷനുകള്‍ നിറഞ്ഞു.

ആത്യന്തികമായി, ഈ രീതി നമ്മുടെ നഗരങ്ങളുടെ ഭംഗി കെടുത്തുക മാത്രമല്ല, കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുന്നു. ദേശീയ ചിഹ്നങ്ങള്‍, ശാസ്ത്രജ്ഞര്‍, ദേശസ്‌നേഹം എന്നിവയെ അനുസ്മരിപ്പിക്കുന്ന ഇടങ്ങള്‍ ക്രമേണ കുറഞ്ഞുവരികയാണ്. രാഷ്ട്രീയമോ സിനിമാലോകത്തെ തിളക്കമോ മാത്രമാണ് സമൂഹത്തിന്റെ ഉന്നതതലത്തെ പ്രതിനിധീകരിക്കുന്നത് എന്ന ധാരണയെ ഈ അന്തരീക്ഷം വളര്‍ത്തുന്നു.

എന്നിരുന്നാലും ചിലയിടങ്ങളില്‍ ഇതില്‍ നിന്ന് മാറിയുള്ള രീതി കാണാനാകുന്നുണ്ട്. ഹൈദരാബാദിലെ പ്രധാന ഫ്‌ലൈഓവറുകള്‍ക്ക് താഴെയും പൊതു പാര്‍ക്കുകളിലും ചില സര്‍ക്കാര്‍ സ്‌കൂളുകളുടെ മതിലുകളിലും പ്രമുഖ വ്യക്തിത്വങ്ങളെ ചിത്രീകരിക്കുന്ന മനോഹരമായ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ‘ഇന്ത്യയുടെ മിസൈല്‍ പദ്ധതിയുടെ പിതാവ്’ എന്നറിയപ്പെടുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജന്‍, സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്നിവരെചിത്രീകരിക്കുന്ന ചിത്രങ്ങളാണിവ.

ഈ സംരംഭത്തിന് പൊതുജനങ്ങളില്‍ നിന്നും, പ്രത്യേകിച്ച് കുട്ടികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നിരുന്നാലും, ഏതാനും ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ, ചൈന സ്വീകരിച്ച മാതൃകയിലുള്ള തന്ത്രപരമായ സമീപനത്തിലൂടെ വിപുലമായ തോതില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്.

പൊതുസ്ഥലങ്ങളെ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദികളാക്കുന്നതിന് പകരം, ദേശീയ നവീകരണത്തിന്റെ അടിത്തറകളാക്കി മാറ്റേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും പൗരസമൂഹത്തിനുമുണ്ട്. അതിന് വേണ്ട നടപടികള്‍ എല്ലാവരില്‍ നിന്നുമുണ്ടാകും എന്ന് പ്രതീക്ഷിക്കാം.





Source link

Leave a Reply

Your email address will not be published. Required fields are marked *