Headlines

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളവും ഡിഎയും നല്‍കാന്‍ തയ്യാര്‍: പഞ്ചാബ് മന്ത്രി | Salary Hike: Punjab Ready To Match Centre’s Salary, DA For Employees Says Finance Minister Harpal Singh Cheema


India

oi-Jithin TP

ജീവനക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുമായി തുല്യമായ ശമ്പളവും ക്ഷാമബത്തയും ഉറപ്പാക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി ഹര്‍പാല്‍ സിംഗ് ചീമ. കേന്ദ്രത്തിന്റെ ക്ഷാമബത്തയുടെ ശതമാനക്കണക്ക് അതേപടി പകര്‍ത്തുന്നതിന് പകരം, അവരുടെ മൊത്തത്തിലുള്ള ആനുകൂല്യ പാക്കേജിന് തുല്യമായ പാക്കേജ് നല്‍കാന്‍ സംസ്ഥാനം തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്നത് തങ്ങളുടെ ജീവനക്കാര്‍ക്കാണെന്ന് അവകാശപ്പെട്ട ചീമ, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയുടെ കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. പ്രധാനപ്പെട്ട പല വിഭാഗങ്ങളിലെയും പഞ്ചാബ് ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ ഉയര്‍ന്ന ‘ടേക്ക്-ഹോം’ ശമ്പളം (കൈയില്‍ ലഭിക്കുന്ന ശമ്പളം) ഇതിനകം ലഭിക്കുന്നുണ്ടെന്ന് ചീമ പറഞ്ഞു.

Salary Hike

സംഘര്‍ഷത്തിന്റെ പാത സ്വീകരിക്കുന്നതിന് പകരം ചര്‍ച്ചകളിലൂടെ സര്‍ക്കാരുമായി സഹകരിക്കണമെന്ന് വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി അമന്‍ അറോറ ജീവനക്കാരുടെ സംഘടനകളോട് അഭ്യര്‍ത്ഥിച്ചു. ‘നല്ല ഭരണനിര്‍വ്വഹണത്തിന്റെ നട്ടെല്ല് ജീവനക്കാരാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് മതിയായ സാമ്പത്തിക ക്രമീകരണങ്ങള്‍ നടത്താതെ വാഗ്ദാനങ്ങള്‍ നല്‍കിയ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ അവസരവാദം തിരിച്ചറിയണമെന്ന് ഞങ്ങള്‍ യൂണിയനുകളോട് അഭ്യര്‍ത്ഥിക്കുന്നു,’ അറോറ പറഞ്ഞു.

പഞ്ചാബിലെ ജനങ്ങള്‍ക്ക് അമിതഭാരം നല്‍കാതെ തന്നെ ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി, മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നുമായി ചര്‍ച്ച നടത്തി നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള കുടിശ്ശികയായ ഡിഎയും ഡിആറും രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഏകദേശം 14,191 കോടി രൂപയുടെ കുടിശ്ശിക ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ നല്‍കണമെന്ന നിര്‍ദ്ദേശം ഭരണഘടനാപരമായി അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പഞ്ചാബ് മന്ത്രിമാരുടെ പ്രതികരണം. 14,000 കോടി രൂപയുടെ കുടിശ്ശിക തീര്‍പ്പാക്കാത്തതിന് മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയ ചീമ എഎപി സര്‍ക്കാര്‍ 4,500 കോടി രൂപ ഇതിനകം നല്‍കിക്കഴിഞ്ഞതായും ചൂണ്ടിക്കാട്ടി.

ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ പഞ്ചാബ് ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടുതലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഗുജറാത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പഞ്ചാബ് സര്‍ക്കാര്‍ ജീവനക്കാരുടേതിനേക്കാള്‍ 28 ശതമാനം കുറവാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ ശരാശരി 38 ശതമാനം വരുന്ന സ്ഥാനത്ത്, പഞ്ചാബില്‍ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 51 ശതമാനവും ശമ്പളത്തിനും പെന്‍ഷനുമായാണ് ചെലവഴിക്കുന്നതെന്നും ചീമ പറഞ്ഞു. പഞ്ചാബിലെ ക്ലാര്‍ക്ക്, ഡ്രൈവര്‍, അധ്യാപകന്‍, സ്റ്റെനോഗ്രാഫര്‍ എന്നിവരുടെ ശമ്പളവും ഇതേ തസ്തികകളില്‍ കേന്ദ്ര സര്‍ക്കാരില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളവും തമ്മിലുള്ള താരതമ്യവും അദ്ദേഹം എടുത്തുപറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനേക്കാള്‍ ഉയര്‍ന്ന അടിസ്ഥാന ശമ്പളമാണ് പഞ്ചാബ് സര്‍ക്കാര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എഎപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജീവനക്കാരുടെ ക്ഷാമബത്ത 28 ശതമാനത്തില്‍ നിന്ന് 42 ശതമാനമായി ഉയര്‍ത്തിയെന്നും ചീമ പറഞ്ഞു.

ഓഗസ്റ്റ് 27-ന് സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍, കുടിശ്ശികയായ 18 ശതമാനം ക്ഷാമബത്ത അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവരികയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *