India
oi-Sajitha Gopie
ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ 6 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധത്തിന് പിന്നാലെ വിദ്യാര്‍ത്ഥിക്ക് നേരെയുളള പെല്ലറ്റ് ആക്രമണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ദില്ലി പോലീസ്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സിജെപി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിനിടെയാണ് സാഹില്‍ ലോചാബ് എന്ന യുവാവിന് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റത്.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചത് വലിയ വിവാദമായിരുന്നുവെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. സാഹിലിനൊപ്പം ഡല്‍ഹി പോലീസ് സ്‌റ്റേഷനിലെത്തിയ രാഹുല്‍ ഗാന്ധി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന നിലപാടിലായിരുന്നു പോലീസ് ആദ്യം.
വിദ്യാര്‍ത്ഥി സമരത്തിന് നേരെയുളള പോലീസ് നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി ഒരു ഉന്നത സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍ പെല്ലറ്റ് ആക്രമണത്തില്‍ കേസെടുക്കുന്നത് വരെ പോലീസ് സ്‌റ്റേഷന് മുന്നില്‍ ധര്‍ണയിരിക്കുമെന്ന് രാഹുല്‍ ഗാന്ധി നിലപാടെടുത്തു.

പോലീസ് കേസെടുക്കുന്നില്ലെങ്കില്‍ ഒരു മാസമല്ല ആറ് മാസം വരെ വേണമെങ്കിലും ഇവിടെ ധര്‍ണയിരിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇരയായ സാഹിലും അമ്മയും അടക്കമുളളവര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ 6 മണിക്കൂറോളം ധര്‍ണയിരുന്നു. ഇതോടെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്.
19കാരനായ സാഹില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുളള സ്‌കൂള്‍ ഓഫ് ഓപണ്‍ ലേണിംഗ് വിദ്യാര്‍ത്ഥിയാണ്. പെല്ലറ്റ് ആക്രമണത്തില്‍ സാഹിലിന്റെ ഒരു കണ്ണിന്റെ കാഴ്ച 99 ശതമാനവും നഷ്ടപ്പെട്ട അവസ്ഥയിലാണുളളത്. പോലീസില്‍ ചേരണം എന്നായിരുന്നു സാഹിലിന്റെ ആഗ്രഹമെന്നും അതിനായുളള പരീക്ഷകള്‍ക്ക് തയ്യാറെടുത്ത് കൊണ്ടിരിക്കുകയായിരുന്നു സാഹിലെന്നും അദ്ദേഹത്തിന്റെ വീട്ടുകാരും സുഹൃത്തുക്കളും പറയുന്നു.