Headlines

ആഗോള വ്യാപാരലോകത്തേക്ക് വാതിൽ തുറന്ന് വിഴിഞ്ഞം, കയറ്റുമതി-ഇറക്കുമതിക്ക് പൂർണ സജ്ജം| Vizhinjam Port Commences EXIM Operations, Opens New Gateway for India’s Global Trade


India

oi-Sajitha Gopie

പൂർണമായും പ്രവർത്തന സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. വിഴിഞ്ഞത്ത് കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് പൂർണതോതിൽ തുടക്കം കുറിച്ചു. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ വ്യാപാര മേഖലയേയും ആഗോള വിപണികളെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം ഇതോടെ മാറുകയാണ്. മുഖ്യമന്ത്രി വിഡി സതീശൻ മുഖ്യാതിഥിയായ ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, എം വിൻസെന്റ് എംഎൽഎ, ശ്യാം ജഗന്നാഥൻ ഐഎഎസ് തുടങ്ങിയവരും പങ്കെടുത്തു.

അന്താരാഷ്ട്ര കപ്പലുകൾ തമ്മിൽ ചരക്കുകൾ കൈമാറുന്ന ട്രാൻസ്ഷിപ്പ്മെന്റിന് പുറമെ രാജ്യത്തേക്ക് വരുന്നതും രാജ്യത്ത് നിന്ന് പുറത്തേക്ക് കയറ്റി അയക്കുന്നതുമായ ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനെയാണ് എക്സിം പ്രവർത്തനങ്ങൾ എന്ന് പറയുന്നത്.

“ഇത് നമുക്ക് അഭിമാനനിമിഷമാണ്, വിഴിഞ്ഞം ഇപ്പോൾ ലോകത്തിലേക്കുള്ള ഒരു വാതിലായി മാറിയിരിക്കുന്നു. വിഴിഞ്ഞം കേന്ദ്രമാക്കി മിഷൻ സമുദ്ര നടപ്പിലാക്കുക, റോഡ്-റെയിൽ ഗതാഗതം കൂടുതൽ ശക്തമാക്കുക, കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരിക എന്നിവയിലൂടെ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇനി നമ്മുടെ മുന്നിലുള്ള വെല്ലുവിളി”; മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. റിംഗ് റോഡിനായുള്ള ഭൂമി ഏറ്റെടുക്കലിനായി സർക്കാർ 3200 കോടി രൂപ വകയിരുത്തുമെന്നും സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കേരളത്തിന്റെ കഴിവുകളെയും ഇന്ത്യയുടെ സംരംഭകത്വ മികവിനേയും കോടിക്കണക്കിന് ആളുകളുടെ ആഗ്രഹങ്ങളെയും ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ വാതിലാണ് ഇവിടെ തുറക്കപ്പെടുന്നത്”; അദാനി പോർട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോണിന്റെ സിഇഒയും ഹോൾ-ടൈം ഡയറക്ടറുമായ അശ്വനി ഗുപ്ത പറഞ്ഞു. വെറും ചരക്ക് നീക്കം എന്നതിനപ്പുറം ഇന്ത്യയുടെ സ്വയംപര്യാപ്തത, ആഗോള വ്യാപാര രംഗത്തെ മത്സരം, സമുദ്രവ്യാപാര മേഖലയിലെ കരുത്ത് ഉറപ്പിക്കൽ എന്നിങ്ങനെയുളള ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക കൂടിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Vizhinjam

വിഴിഞ്ഞത്തെ നിക്ഷേപം കേരളത്തിനും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും അദാനി ഗ്രൂപ്പ് നൽകുന്ന വലിയ പിന്തുണയുടെ ഭാഗമാണ്. രണ്ടാം ഘട്ട നിക്ഷേപത്തോടെ, വിഴിഞ്ഞം പദ്ധതിയിലെ അദാനി ഗ്രൂപ്പിന്റെ ആകെ നിക്ഷേപം 30000 കോടി രൂപയിലെത്തും. ഒരു വ്യാവസായിക ഗ്രൂപ്പ് കേരളത്തിൽ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.

ഇറക്കുമതി-കയറ്റുമതി പ്രവർത്തനങ്ങളിലേക്കുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ മാറ്റം ഇന്ത്യയുടെ സമുദ്രവ്യാപാര ശേഷിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, ചരക്ക് നീക്കത്തിനുള്ള സമയം ലാഭിക്കാനും, സപ്ലൈ ചെയിൻ കൂടുതൽ കാര്യക്ഷമമാക്കാനും ഈ നീക്കം സഹായിക്കും. നിലവിൽ, ഇന്ത്യയുടെ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ചരക്കുകളുടെ 75 ശതമാനത്തിലധികവും വിദേശ തുറമുഖങ്ങൾ വഴിയാണ് കൈകാര്യം ചെയ്യുന്നത്. ഇത് ഗതാഗതച്ചെലവും സമയനഷ്ടവും വർദ്ധിപ്പിക്കുന്നു. വിഴിഞ്ഞത്തെ എക്സിം പ്രവർത്തനങ്ങൾ ഇതിന് വലിയൊരു പരിഹാരമാകും.

സുപ്രധാനമായ കിഴക്ക്-പടിഞ്ഞാറൻ കപ്പൽ പാതകളോട് ചേർന്ന്, അന്താരാഷ്ട്ര സമുദ്രപാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് 18-20 മീറ്റർ സ്വാഭാവിക ആഴമുണ്ട്. അതിനാൽ അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകൾ കൈകാര്യം ചെയ്യാൻ വിഴിഞ്ഞം സജ്ജമാണ്. 2024 ഡിസംബർ 3ന് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത് മുതൽ 80ലധികം അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകൾ ഉൾപ്പെടെ 1100ലധികം കപ്പലുകളും 2.28 ദശലക്ഷത്തിലധികം ടിഇയു (ട്വന്റി-ഫൂട്ട് ഇക്വിവലന്റ് യൂണിറ്റ്) ചരക്കുകളും വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തിട്ടുണ്ട്. വെറും 10 മാസം കൊണ്ട് 1 ദശലക്ഷം ടിഇയുവും 18 മാസം കൊണ്ട് 2 ദശലക്ഷം ടിഇയുവും വിഴിഞ്ഞം പിന്നിട്ടു. കൂടാതെ ഇന്ത്യ സന്ദർശിച്ച ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്സി ഐറിനയെയും വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തിട്ടുണ്ട്.

ദക്ഷിണേന്ത്യയ്ക്ക് ഗുണകരം

വിഴിഞ്ഞത്തെ ആദ്യഘട്ട എക്സിം സേവനങ്ങൾ കേരളം, തമിഴ്നാട്, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വ്യാപാര മേഖലകൾക്ക് ഏറെ പ്രയോജനപ്പെടും. തെക്കേ ഇന്ത്യയിലെ ബിസിനസുകൾക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗത ശൃംഖലകളിലേക്ക് നേരിട്ടുള്ള പ്രവേശനം വിഴിഞ്ഞം വഴി സാധ്യമാവുകയാണ്. ബെംഗളൂരു, കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങിയ വ്യവസായ-വാണിജ്യ കേന്ദ്രങ്ങളുടെ മത്സരശേഷി വർദ്ധിപ്പിക്കാൻ വിഴിഞ്ഞം തുറമുഖം സഹായിക്കും. അയ്യായിരത്തിലധികം പുതിയ നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങൾ ഇത് വഴി സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2028ൽ രണ്ടാം ഘട്ടം

2028ൽ രണ്ടാം ഘട്ട വികസനത്തിലൂടെ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷിയും അനുബന്ധ സൗകര്യങ്ങളും കൂടുതൽ വിപുലീകരിക്കും. 16000 കോടി ചെലവഴിച്ചുള്ള രണ്ടാം ഘട്ട വികസനം തുറമുഖത്തിന്റെ വാർഷിക ശേഷി 5.7 ദശലക്ഷം ടിഇയു ആയി ഉയർത്തും. കൂടാതെ 1200 മീറ്റർ പുതിയ കണ്ടെയ്നർ ബെർത്ത്, സ്ഥിരമായ റെയിൽ കണക്റ്റിവിറ്റി, മെച്ചപ്പെടുത്തിയ റോഡ് സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് പാർക്കുകൾ, വെയർഹൗസുകൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയും ലഭ്യമാക്കും. വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കി 2028 ഡിസംബറോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ മാറ്റത്തോടെ തെക്കേ ഇന്ത്യയിലെ വ്യാപാര-വ്യവസായ മേഖലയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഇന്ത്യയുടെ ആഗോള വ്യാപാര ലക്ഷ്യങ്ങളിൽ നിർണായക പങ്കുവഹിക്കാനും വിഴിഞ്ഞം തുറമുഖം സജ്ജമാകും.





Source link

Leave a Reply

Your email address will not be published. Required fields are marked *