India
oi-Jithin TP
വിമാനത്താവളത്തില്‍ ആയുധ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയതിനെത്തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. വാരാണസി വിമാനത്താവളത്തിലാണ് സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്കാണ് അബദ്ധത്തില്‍ പൊട്ടിയത്. അസംഗഢ് സ്വദേശിയായ യാത്രക്കാരന്‍ തന്റെ ഭാര്യയ്ക്കൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമായ IX-1810ല്‍ മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
ഇദ്ദേഹത്തിന്റെ കൈവശം ഒരു പിസ്റ്റളും ഗണ്‍ മാഗസിനും ഉണ്ടായിരുന്നു. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ആയുധം ഉള്ള വിവരം അധികൃതരെ അറിയിച്ചിരുന്നു. ആയുധവും അതിന്റെ രേഖകളും പരിശോധിക്കുന്നതിനിടെയാണ് തോക്ക് പൊട്ടിയതെന്ന് വാരണാസി വിമാനത്താവള ഡയറക്ടര്‍ പുനീത് ഗുപ്ത പറഞ്ഞു. പരിശോധനാ വേളയില്‍ തോക്ക് ഉടമയും വിമാനത്താവള ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വെടിയുണ്ട ആദ്യം നിലത്ത് പതിച്ച ശേഷമാണ് സമീപത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരില്‍ തട്ടിയത്. ഒരു സ്ത്രീയുടെ തുടയിലും പുരുഷ ജീവനക്കാരന്റെ കൈയിലുമാണ് വെടിയേറ്റത്. ഇന്ന് രാവിലെ 9:30-ഓടെയാണ് സംഭവം നടന്നതെന്ന് വിമാനത്താവള ഡയറക്ടര്‍ അറിയിച്ചു. വാരാണസി വിമാനത്താവളത്തിലെ രണ്ട് സ്‌ക്രീനര്‍മാര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയുും ചികിത്സയ്ക്കായി ന്യൂ ലക്ഷ്മി ട്രോമ സെന്ററിലേക്ക് മാറ്റി.
സംഭവത്തില്‍ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട് എന്നും അന്വേഷണം നടന്നുവരികയാണ് എന്നും വാരണാസി വിമാനത്താവള ഡയറക്ടര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ രണ്ട് ജീവനക്കാരുടെയും നില തൃപ്തികരമാണെന്നും അവര്‍ ചികിത്സയിലാണെന്നും ഗുപ്ത പറഞ്ഞു.
ഗോമതി സോണ്‍ ഡിസിപി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, അസംഗഢ് ജില്ലക്കാരനായ കമലേഷ് റായ് എന്ന യാത്രക്കാരന്റെ തോക്കില്‍ നിന്നാണ് വെടിയുതിര്‍ത്തത്. ഇദ്ദേഹം ഭാര്യയ്ക്കൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മുംബൈയിലേക്ക് പോകാനായി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായിരുന്നു.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് (ഗോമതി സോണ്‍), അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് (പിന്ദ്ര) എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഥലം പരിശോധിച്ചുവരികയാണെന്നും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.