Headlines

മൈലേജ് കിട്ടാന്‍ ശരിയായി ഡ്രൈവ് ചെയ്താല്‍ മതി; ഇ20 പെട്രോളിനെ മാത്രം കുറ്റം പറയേണ്ടെന്ന് കേന്ദ്രം | E20 Petrol Not Sole Factor Behind Low Mileage, Improve Your Driving Skill Says Says Central Govt, Details


India

oi-Jithin TP

വാഹനങ്ങളുടെ മൈലേജിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് ഇ20 പെട്രോള്‍ മാത്രമാണ് കാരണമെന്ന് പറയാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡ്രൈവിംഗ് ശീലങ്ങള്‍, ഗതാഗത സാഹചര്യങ്ങള്‍, വാഹന പരിപാലനം, ടയര്‍ മര്‍ദ്ദം, എയര്‍ കണ്ടീഷണറിന്റെ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങള്‍ യഥാര്‍ത്ഥ ഇന്ധനക്ഷമതയെ സ്വാധീനിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇ20 പെട്രോള്‍ വിപുലമായ പരിശോധനകള്‍ക്കും സാധൂകരണത്തിനും വിധേയമായിട്ടുണ്ടെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.

‘മൈലേജ് എന്നത് ഇന്ധനത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നല്ല. ഡ്രൈവിംഗ് ശീലങ്ങള്‍, ഗതാഗതം, വാഹന പരിപാലനം, ടയര്‍ മര്‍ദ്ദം, എസി ഉപയോഗം എന്നിവയെല്ലാം ഇതില്‍ പങ്കുവഹിക്കുന്നു. ഇ20 പെട്രോള്‍ വിപുലമായ പരിശോധനകള്‍ക്കും സാധൂകരണത്തിനും വിധേയമായിട്ടുണ്ട്. അതേസമയം, യഥാര്‍ത്ഥ മൈലേജ് എന്നത് ഡ്രൈവിംഗിന്റെയും വാഹനത്തിന്റെയും മൊത്തത്തിലുള്ള സാഹചര്യങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്,’ മന്ത്രാലയം ട്വീറ്റ് ചെയ്തു.

E20 Petrol

20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വാഹനങ്ങളുടെ മൈലേജ്, പ്രകടനം, അനുയോജ്യത എന്നിവയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് വാഹന ഉടമകള്‍ക്കിടയില്‍ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ വിശദീകരണം. ഇ20 ഇന്ധനം ഉപയോഗിക്കുമ്പോള്‍ ചില വാഹനങ്ങളുടെ ഇന്ധനക്ഷമതയില്‍ 3-5% വരെ കുറവുണ്ടായേക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ സമ്മതിച്ചിരുന്നു.

അതേസമയം, യഥാര്‍ത്ഥ മൈലേജ് എന്നത് ഡ്രൈവിംഗ് രീതികളും വാഹനവുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളെയും ആശ്രയിച്ചിരിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇന്ധനത്തില്‍ വ്യാപകമായ തോതില്‍ മായം കലര്‍ത്തുന്നുണ്ടെന്ന ആശങ്കകളെ കേന്ദ്ര-സംസ്ഥാന എണ്ണ വിപണന കമ്പനികള്‍ തള്ളിക്കളയുകയും ചെയ്തു.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നപ്പോള്‍ ഉപഭോക്താക്കളെ അതില്‍ നിന്ന് സംരക്ഷിക്കാനും, വിപണിയിലെ അസ്ഥിരതയ്ക്കിടയിലും ഇന്ധനത്തിന്റെ ചില്ലറ വില്‍പ്പന വില നിയന്ത്രണവിധേയമായി നിലനിര്‍ത്താനും ഇ20 എഥനോള്‍-ബ്ലെന്‍ഡഡ് പെട്രോള്‍ പദ്ധതി സഹായിച്ചുവെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പുറത്തിറക്കിയ വിശദമായ കുറിപ്പില്‍, ഇന്ത്യ പൂര്‍ണ്ണമായും ഫോസില്‍ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള പെട്രോളിനെയാണ് ആശ്രയിച്ചിരുന്നതെങ്കില്‍, ക്രൂഡ് ഓയില്‍ വില ബാരലിന് ഏകദേശം 135 ഡോളര്‍ വരെ ഉയര്‍ന്നപ്പോള്‍ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 125 രൂപയോളം എത്തുമായിരുന്നുവെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഉപഭോക്താക്കള്‍ക്ക് ലിറ്ററിന് 94.77 രൂപയാണ് നല്‍കേണ്ടിവന്നത്. ആഗോള ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വന്‍ വര്‍ധനവിന്റെ ആഘാതത്തില്‍ നിന്ന് ഇന്ധനവിലയെ സംരക്ഷിച്ച 20% എഥനോള്‍ മിശ്രണമാണ് ഈ വില വ്യത്യാസത്തിന് കാരണമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.



Source link

Leave a Reply

Your email address will not be published. Required fields are marked *