Headlines

‘വലിയ സ്വപ്‌നങ്ങൾ കാണണം, ഇന്ത്യ ലോകത്തിലെ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറി’; പ്രധാനമന്ത്രി | Independence Day 2026; PM Modi Says India Has Become The World’s Fastest Growing Economy


India

oi-Nidhin Illikkambath

ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ ജനങ്ങൾ വലിയ സ്വപ്‌നങ്ങൾ കാണുകയും വലിയ പ്രതിജ്ഞകൾ എടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു. ഒരു രാജ്യം വലിയ നേട്ടങ്ങൾ കൈവരിക്കുന്നത് അതിന്റെ സ്വപ്‌നങ്ങൾ, ഉറച്ച തീരുമാനങ്ങൾ, കഴിവുകൾ എന്നിവയുടെ ശക്തിയിൽ മുന്നോട്ട് പോകുമ്പോഴാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചെറിയ ലക്ഷ്യങ്ങൾക്ക് പിന്നാലെ പോകുന്നത് അവസാനിപ്പിച്ച് വലിയ സ്വപ്‌നങ്ങൾ കാണണമെന്ന് മോദി പറഞ്ഞു. വലിയ സ്വപ്‌നങ്ങൾ മനുഷ്യരുടെ ചിന്തകളും കാഴ്‌ചപ്പാടുകളും വിശാലമാക്കും. അതുപോലെ ഉറച്ച തീരുമാനങ്ങൾ പ്രതിസന്ധികളെയും ദുരന്തങ്ങളെയും മറികടക്കാൻ രാജ്യത്തിന് വഴികാട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിന ആശംസകളും നേർന്നിരുന്നു.

independence day 2026

ഒരുകാലത്ത് ഇന്ത്യ ‘ഫ്രജൈൽ ഫൈവ്’ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്നും ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി നമ്മൾ മാറിയെന്നും മോദി പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യ വികസനത്തിന്റെ പുതിയ വേഗത കൈവരിച്ചെന്നും 140 കോടി ജനങ്ങളുടെ നിശ്ചയദാർഢ്യവും കഴിവുകളുമാണ് രാജ്യത്തിന്റെ വളർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം ഏകദേശം നാല് മടങ്ങും ഖാദി, ഗ്രാമവ്യവസായ ഉൽപ്പാദനം അഞ്ച് മടങ്ങും ഇലക്ട്രോണിക്‌സ് ഉൽപ്പാദനം ഏഴ് മടങ്ങും വർധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ആധുനിക റെയിൽവേ കോച്ചുകളുടെ ഉൽപ്പാദനം 21 മടങ്ങും മൊബൈൽ ഫോൺ ഉൽപ്പാദനം 33 മടങ്ങും വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ ഡിജിറ്റൽ ഇടപാടുകളിലും വലിയ വളർച്ചയുണ്ടായതായി മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം വികസിത രാഷ്ട്രമാകുമ്പോൾ ലോകം ഇന്ത്യയെ മറ്റൊരു കാഴ്‌ചപ്പാടോടെ കാണേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസന യാത്രയിൽ രാജ്യത്തെ ഓരോ പൗരന്റെയും പങ്ക് നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോടും പ്രധാനമന്ത്രി ഐക്യദാർഢ്യം അറിയിച്ചു. ദുരിതബാധിത കുടുംബങ്ങൾക്കൊപ്പം സർക്കാരും രാജ്യത്തെ മുഴുവൻ ജനങ്ങളും ഉണ്ടെന്നും ഈ പ്രയാസകരമായ സമയത്ത് അവർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ഇന്ത്യ ബദൽ ഊർജസ്രോതസുകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് 200 ജിഗാവാട്ട് ആണവോർജ ശേഷി കൈവരിക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി അഞ്ച് പുതിയ ആണവ റിയാക്റ്ററുകൾ സ്ഥാപിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 1.75 കോടി കുടുംബങ്ങളിലേക്ക് പൈപ്പ് വഴിയുള്ള ഗ്യാസ് എത്തുന്നുണ്ടെന്നും 50 ലക്ഷത്തിലധികം കുടുംബങ്ങൾ സൗരോർജത്തിന്റെ പ്രയോജനം നേടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ മറ്റ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്ന സ്ഥിതി ഒഴിവാക്കണമെന്നും ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി സ്വന്തം കഴിവുകളും ശേഷിയും കൂടുതൽ ശക്തിപ്പെടുത്തണമെന്നും മോദി പറഞ്ഞു. ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തോടെ സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള ഉറച്ച തീരുമാനവുമായി രാജ്യം മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘മേക്ക് ഇൻ ഇന്ത്യ’, ‘സ്വദേശി’, ‘വോക്കൽ ഫോർ ലോക്കൽ’ തുടങ്ങിയ ആശയങ്ങളുമായി ഓരോ ഇന്ത്യക്കാരനും ബന്ധപ്പെട്ടിരിക്കുന്നുവെന്നും രാജ്യത്ത് തന്നെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകേണ്ടത് സ്വയംപര്യാപ്‌ത ഇന്ത്യയുടെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ നേരത്തെ കടലിലെ 98 ശതമാനം പ്രദേശങ്ങളിലും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും മോദി പറഞ്ഞു. എന്നാൽ ഇപ്പോൾ സർക്കാർ ഈ സമീപനം മാറ്റിയിരിക്കുകയാണ്. കൂടുതൽ കടൽ പ്രദേശങ്ങൾ എണ്ണ, പ്രകൃതിവാതക പര്യവേക്ഷണത്തിനായി തുറന്നുകൊടുത്തതായും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന് ശേഷം ആഗസ്‌റ്റ് 15ന് ആദ്യമായി ചെങ്കോട്ടയിൽ ‘വന്ദേ മാതരം’ മുഴങ്ങുന്നത് ചരിത്ര നിമിഷമാണെന്നും മോദി പറഞ്ഞു. ‘വന്ദേ മാതരം’ 150-ാം വാർഷികം രാജ്യം ആഘോഷിക്കുന്ന വേളയായതിനാൽ ഈ അവസരത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ചെങ്കോട്ടയിൽ മോദി എത്തിയതിന് പിന്നാലെ വന്ദേമാതരം മുഴങ്ങിയിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *