Headlines

ബെംഗളൂരുവിലെ തിരക്കേറിയ സിർസി സർക്കിൾ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടത്തും; ചിലവ് 9.6 കോടി രൂപ | Maintenance Work To Be Carried Out On The Busy Sirsi Circle Flyover In Bengaluru; Cost Is Rs 9.6 Crore


India

oi-Nidhin Illikkambath

ബെംഗളൂരു: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദേശം മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള സിർസി സർക്കിൾ മേൽപ്പാലത്തിൽ വലിയ അറ്റകുറ്റപ്പണി നടത്താൻ ഒരുങ്ങി അധികൃതർ. ബെംഗളൂരുവിലെ തിരക്കേറിയ ജംഗ്ഷനുകളിലൊന്നിന് മുകളിലൂടെ ഗതാഗതം സുഗമമാക്കുന്ന ഈ മേൽപ്പാലത്തിന്റെ റോഡ് ഉപരിതലം പൂർണമായും പുതുക്കും. റാംപുകളും ഇതിൽ ഉൾപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതിനൊപ്പം ബെയറിങ്ങുകളും എക്‌സ്‌പാൻഷൻ ജോയിന്റുകളും മാറ്റിസ്ഥാപിക്കും. മറ്റ് അറ്റകുറ്റപ്പണികളും നടത്തും. മേൽപ്പാലത്തിലെ ടാർ പാളി തകർന്നുതുടങ്ങിയത്, ശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത്, ഡ്രെയിനുകൾ അടയുന്നത്, വിവിധ ഭാഗങ്ങളിൽ ചെടികൾ വളരുന്നത് തുടങ്ങിയ പ്രശ്‌നങ്ങൾ യാത്രക്കാർ നിരന്തരം പരാതിപ്പെട്ടതിനെ തുടർന്നാണ് അറ്റകുറ്റപ്പണിക്ക് തീരുമാനിച്ചത്.

bengaluru

പ്രവൃത്തികൾക്കായി ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ വിശദമായ പദ്ധതി റിപ്പോർട്ട് അഥവാ ഡിപിആർ തയ്യാറാക്കുകയാണ്. സെപ്റ്റംബർ അവസാനത്തോടെ അല്ലെങ്കിൽ ഒക്ടോബർ ആദ്യത്തോടെ ഡിപിആർ തയ്യാറാകുമെന്നാണ് പ്രതീക്ഷ. 2020ലാണ് മേൽപ്പാലത്തിൽ അവസാനമായി ടാറിങ് ഉൾപ്പെടെയുള്ള പ്രധാന അറ്റകുറ്റപ്പണികൾ നടത്തിയതെന്ന് അധികൃതർ പറയുന്നു. അതിന് ശേഷം റോഡിന്റെ ടാർ പാളി വീണ്ടും മോശമായതിനാലാണ് ഇത് പുതുക്കേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1998ൽ ഉദ്ഘാടനം ചെയ്‌ത 2.65 കിലോമീറ്റർ നീളമുള്ള സിർസി സർക്കിൾ മേൽപ്പാലം, ബെംഗളൂരുവിലെ ഏറ്റവും പഴക്കമുള്ള മേൽപ്പാലങ്ങളിൽ ഒന്നാണ്. സെൻട്രൽ ബെംഗളൂരുവിനെയും മൈസൂരു റോഡ് മേഖലയെയും ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണിത്. മേൽപ്പാലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒറ്റയടിക്ക് പൂർണമായി അടച്ചിടില്ലെന്ന് അധികൃതർ അറിയിച്ചു. പകരം ഘട്ടംഘട്ടമായാണ് അറ്റകുറ്റപ്പണി നടത്തുക.

പ്രവൃത്തികൾ ആരംഭിച്ചാൽ മുഴുവൻ അറ്റകുറ്റപ്പണികളും പൂർത്തിയാക്കാൻ കുറഞ്ഞത് രണ്ട് മാസം വേണ്ടിവരുമെന്നാണ് കരുതുന്നത്. എന്നാൽ ഈ കാലയളവിൽ മേൽപ്പാലം പൂർണമായി അടച്ചിടില്ല. അറ്റകുറ്റപ്പണി നടക്കുമ്പോഴും ഒരു വശത്ത് ഗതാഗതം തുടർന്നും അനുവദിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.

തിരക്കേറിയ ഈ പാതയിൽ ഗതാഗത തടസം പരമാവധി കുറയ്ക്കുന്നതിനാണ് ഘട്ടംഘട്ടമായി അറ്റകുറ്റപ്പണി നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആയിരക്കണക്കിന് വാഹനങ്ങളാണ് മണിക്കൂറിൽ ഈ പാതയിലൂടെ കടന്നുപോവുന്നത്. അതുകൊണ്ട് പൂർണമായി അടച്ചിട്ടുള്ള അറ്റകുറ്റപ്പണി പ്രായോഗികമല്ലെന്നാണ്‌ വിലയിരുത്തൽ.

അതേസമയം, നേരത്തെ സംസ്ഥാന സർക്കാർ തിരക്കേറിയ മൈസൂരു റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ഇവിടെ എലിവേറ്റഡ് കോറിഡോർ പദ്ധതി നിർദേശിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ ഏകദേശം 810 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിന്റെ മറ്റ് വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

വന്ന റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ ചാമരാജ്പേട്ടയിലെ സിർസി സർക്കിളിൽ അവസാനിക്കുന്ന മേൽപ്പാലം ബെൽL-കിംകോ ജംഗ്ഷൻ വരെ നീട്ടാനാണ് സർക്കാർ പദ്ധതിയിടുന്നത്. സെൻട്രൽ ബെംഗളൂരുവിനെ നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ ഈ പാതയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ മേൽപ്പാലത്തിന്റെ ദൈർഘ്യം വർധിക്കുന്നത് സഹായിക്കുമെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *