Headlines

“Shouldn’t the public know about the arrest of the Chief Minister’s aide in an MDMA case?” P Jayarajan questions| എംഡിഎംഎ കേസിൽ മുഖ്യമന്ത്രിയുടെ അനുയായിയുടെ അറസ്റ്റ് ജനം അറിയണ്ടേ? ചോദ്യമുയർത്തി ജയരാജൻ


Kerala

oi-Sajitha Gopie

എംഡിഎംഎ കേസിൽ പിടിയിലായ മുഹമ്മദ് ഹുസൈനും മുഖ്യമന്ത്രി വിഡി സതീശനും ഒരുമിച്ചുളള നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നതോടെ യുഡിഎഫ് സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. അറസ്റ്റിലായതിന് പിന്നാലെ ഇയാളെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

മാത്രമല്ല ഈ വാർത്ത സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതായും ആരോപണമുണ്ട്. വാർത്തകൾ നീക്കാൻ മെറ്റയോട് ആരാണ് ആവശ്യപ്പെട്ടത് എന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് സിപിഎം നേതാവ് പി ജയരാജൻ രംഗത്ത് വന്നു.

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്: ‘ യുവതലമുറയെ കൊല്ലുന്ന MDMA വ്യാപാര കേസിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ജനങ്ങൾ അറിയണ്ടേ? വാർത്തകൾക്ക് നേരെയാണോ മയക്കുമരുന്ന് കച്ചവടക്കാർക്ക് നേരെയാണോ ആഭ്യന്തരമന്ത്രിയുടെ ഓപ്പറേഷൻ തൂഫാൻ? സോഷ്യൽ മീഡിയ കോഡിനേഷൻ എന്നു പറഞ്ഞാൽ അത് മയക്കുമരുന്ന് വ്യാപാരത്തിന്റെ ഏകോപനം ആണോ?

MDMA case

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം. അധികാരത്തെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങളോടും വാർത്തകളോടും മുഖം തിരിഞ്ഞു നിൽക്കുന്നത് കേമത്തമല്ല ഭീരുത്വമാണ്. മുഖ്യമന്ത്രി വിഡി സതീശൻ വാർത്താസമ്മേളനങ്ങളിൽ ഹിതകരമല്ലാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം മാധ്യമപ്രവർത്തകന്റെ രാഷ്ട്രീയം ചർച്ച ചെയ്യുകയും പരിഹസിക്കുകയും മറുപടി ഒഴിവാക്കുകയു മാണ്. ഒരു പടി കൂടി കടന്ന് തങ്ങൾക്കെതിരായ വാർത്തകളെ വളഞ്ഞ വഴി ഉപയോഗിച്ച് തടഞ്ഞു നിർത്താനും നോക്കുന്നു.

കോൺഗ്രസുകാരുടെ എംഡി എം എ കടത്ത് സംബന്ധിച്ച വാർത്തകളും കണ്ടന്റുകളും നീക്കം ചെയ്യാൻ മെറ്റയോട് സർക്കാർ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ആരാണ് അത് ആവശ്യപ്പെട്ടത്? എന്തിന്റെ അടിസ്ഥാനത്തിൽ? ഏത് നിയമമാണ് ലംഘിക്കപ്പെട്ടത്? ആരുടെ പരാതിയിലാണ് നടപടി ആവശ്യപ്പെട്ടത്?

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംവിധാനവുമായി ബന്ധമുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരാളും കോൺഗ്രസുമായി ബന്ധമുള്ള ചിലരും എംഡിഎംഎ കേസിൽ അറസ്റ്റിലായ വാർത്തകളിൽ അനേകം ചോദ്യങ്ങൾ ഉയരുന്നുണ്ട്. അധികാരകേന്ദ്രങ്ങളുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ച് ചോദിക്കുന്നത് ജനാധിപത്യത്തിന്റെ അവകാശമാണ്.

ചോദ്യങ്ങൾക്ക് മറുപടി പറയാതെ ചോദിക്കുന്നവന്റെ രാഷ്ട്രീയം അന്വേഷിക്കുകയും വാർത്തകൾ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയോട് ചോദിക്കട്ടെ: എന്തിനാണ് ഇത്രയും അസഹിഷ്ണുത? എന്താണ് മറച്ചുവയ്ക്കാനുള്ളത്? വാർത്ത തടയാം.മാധ്യമങ്ങളെ സമ്മർദ്ദത്തിലാക്കാം. ചോദ്യത്തെ പരിഹസിക്കാം. പക്ഷേ ജനങ്ങളുടെ മനസ്സിൽ ഉയർന്ന ചോദ്യത്തെ ഇല്ലാതാക്കാൻ ഒരു അധികാരത്തിനും കഴിയില്ല.

ഒരു തെരഞ്ഞെടുപ്പ് വിജയം കൊണ്ട് സാധാരണ ജനങ്ങളുടെ അവകാശങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും ജനാധിപത്യ മര്യാദകളെയും ചുരുട്ടിക്കൂട്ടി കത്തിച്ചു കളയാം എന്നത് വ്യാമോഹം മാത്രമാണ്. ചോദ്യങ്ങളോട് കോപിക്കേണ്ട. മറുപടി പറയുക. പറയേണ്ടത് പ്രതിപക്ഷമോ മാധ്യമങ്ങളോ അല്ല; സർക്കാരും മുഖ്യമന്ത്രിയുമാണ്.

മറുപടി പറയുന്നതുവരെ ചോദ്യങ്ങൾ ആവർത്തിച്ചുയരും. അതിനെ അടിച്ചമർത്താൻ ഒരു ലാത്തിയും ഒരു സെൻസർഷിപ്പും വളർന്നിട്ടില്ല. അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിക്ക് കഴിയാത്തത് ഈ കാലത്ത് ഏതെങ്കിലും ഒരു ഖദറുകാരന് കഴിയും എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. ജനാധിപത്യത്തിൽ അധികാരത്തിന് മുകളിലാണ് ജനങ്ങളുടെ അറിയാനുള്ള അവകാശം. അതു സംരക്ഷിക്കാൻ ഏതറ്റം വരെയും പോയ ചരിത്രമാണ് ഇന്ത്യ രാജ്യത്തെ ജനകീയ മുന്നേറ്റങ്ങളുടേത്’.



Source link

Leave a Reply

Your email address will not be published. Required fields are marked *