Headlines

സൗദി അറേബ്യയുടെ ആവശ്യം ഇന്ത്യ തള്ളി; തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് സൗദി വിമാനം വരില്ല | India Rejects Saudi Arabia Request; Saudi Airlines Flight Will Not Operate To Thiruvananthapuram Airport


India

oi-Ashif N

ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ജിസിസി രാജ്യമാണ് സൗദി അറേബ്യ. ഇവിടെയുള്ള വിമാനത്താവളങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വീസ് വര്‍ധിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. ഇതിനിടെയാണ് വ്യത്യസ്തമായ വിവരം വന്നിരിക്കുന്നത്. സൗദി അറേബ്യയുടെ ഇതുമായി ബന്ധപ്പെട്ട ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി എന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാള്‍ (പിഒസി) പദവി നല്‍കണം എന്നായിരുന്നു സൗദിയുടെ ആവശ്യം. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സൗദി വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതിക്ക് വേണ്ടിയാണിത്. സൗദിയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി എന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മോഹോള്‍ പാര്‍ലമെന്റിനെ അറിയിച്ചു.

saudi arabia Thiruvananthapuram Airport flight

സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ എയര്‍ സര്‍വീസ് കരാര്‍ (എഎസ്എ) നിലവിലുണ്ട്. ഇതുപ്രകാരം പിഒസി അനുമതി വേണം എന്നായിരുന്നു സൗദിയുടെ ആവശ്യം. എന്നാല്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മെട്രോ ഇതര നഗരങ്ങളിലേക്ക് വിദേശ വിമാനക്കമ്പനികള്‍ക്ക് പിഒസി നല്‍കേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നയം എന്ന് മന്ത്രി വിശദീകരിച്ചു. ഇത്തരം വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ആഭ്യന്തര വിമാന കമ്പനികളെ പ്രോല്‍സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

അന്താരാഷ്ട്ര തലത്തിലുള്ള നേരിട്ടുള്ള സര്‍വീസിനും കണക്ഷന്‍ സര്‍വീസിനും ഇന്ത്യന്‍ വിമാനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ് കേന്ദ്രം. അതുകൊണ്ടാണ് സൗദി വിമാനക്കമ്പനികളുടെ ആവശ്യം നിരസിച്ചത്. നിലവില്‍ തിരുവനന്തപുരത്ത് നിന്ന് സൗദിയിലെ ദമ്മാമിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ ഏഴ് ദിവസം സര്‍വീസ് നടത്തുന്നുണ്ട്. വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.

നേരത്തെ തിരുവനന്തപുരം-റിയാദ് റൂട്ടില്‍ സൗദിയുടെ വിമാനം സര്‍വീസ് നടത്തിയിരുന്നു എങ്കിലും പിന്നീട് പിഒസി ലിസ്റ്റില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളം നീക്കി. അതേസമയം, കണ്ണൂര്‍ വിമാനത്താവളവും സമാനമായ സാഹചര്യം നേരിടുന്നുണ്ട്. വിദേശ വിമാനക്കമ്പനികള്‍ക്ക് ഇവിടെ നിന്ന് കേന്ദ്രം പിഒസി നല്‍കുന്നില്ല. ആസിയാന്‍ ഓപണ്‍ സ്‌കൈ പോളിസി പ്രകാരം കണ്ണൂര്‍ വിമാനത്താവളത്തിന് ടൂറിസ്റ്റ് ഡസ്റ്റിനേഷന്‍ അനുവദിക്കണം എന്ന അപേക്ഷയും നിരസിക്കപ്പെട്ടിരുന്നു.

കൊവിഡിന് ശേഷം യുഎഇയും സമാന ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും അനുകൂല നിലപാട് കേന്ദ്രം എടുത്തിട്ടില്ല. ആഭ്യന്തര വിമാനക്കമ്പനികളെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അതേസമയം, വിദേശ വിമാന കമ്പനികള്‍ കൂടി സര്‍വീസ് നടത്തുന്നതോടെ കൂടുതല്‍ യാത്രാ സൗകര്യം ഒരുങ്ങുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്‌തേക്കാം.



Source link

Leave a Reply

Your email address will not be published. Required fields are marked *