Kerala
oi-Jithin TP
കേരളത്തിലെ ദേശീയപാത നിര്‍മാണം 2028 ഓടെ പൂര്‍ത്തിയാകും എന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. തീരപ്രദേശത്തുകൂടി കടന്നുപോകുന്നതും കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയെയും തമിഴ്നാട് അതിര്‍ത്തിയിലെ കാരോടിനെയും സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നതുമായ ദേശീയപാത 66-ന്റെ 645 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളാ ഭാഗത്തിന്റെ നിര്‍മ്മാണം 2028 മെയ് മാസത്തിലായിരിക്കും പൂര്‍ത്തിയാകുക എന്ന് ഗഡ്കരി വ്യക്തമാക്കി.
ലോക്സഭയില്‍ വടകര എംപി ഷാഫി പറമ്പില്‍, ആലപ്പുഴ എംപി കെസി വേണുഗോപാല്‍ എന്നിവര്‍ക്ക് നല്കിയ മറുപടിയില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം. റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2027 ഏപ്രില്‍ 30-നകം പൂര്‍ത്തിയാകുമെന്നും, എന്നാല്‍ വയഡക്റ്റുകളുടെ (ഉയര്‍ന്ന പാതകള്‍) പണി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം കൂടി വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാന നഗരങ്ങള്‍ തമ്മിലുള്ള യാത്രാസമയം കുറയ്ക്കുക, ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, ചരക്കുനീക്കം മെച്ചപ്പെടുത്തുക, ഒപ്പം വ്യാവസായിക വികസനത്തിനും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്കും വഴിയൊരുക്കുക എന്നിവയിലൂടെ ഈ പാത സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് മാസത്തില്‍ ഉദ്ഘാടനം ചെയ്ത തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര പാതകള്‍ക്ക് പുറമേ, മറ്റ് ഏഴ് പ്രധാന ഭാഗങ്ങളിലെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഏകദേശം 85 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. കപ്പിരിക്കടവ്-തളിക്കുളം, തളിക്കുളം-കൊടുങ്ങല്ലൂര്‍, കൊല്ലം ബൈപാസ്-കടമ്പാട്ടുകോണം എന്നീ ഭാഗങ്ങളുടെ പണി 95 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു.
അതേസമയം തളിപ്പറമ്പ്-മുഴപ്പിലങ്ങാട് (84%), അഴിയൂര്‍-വെങ്ങാലം (68%) എന്നീ ഭാഗങ്ങളുടെ നിര്‍മ്മാണം അല്പം പിന്നിലാണ്. സംസ്ഥാനത്ത് കരിങ്കല്ല്, മണ്ണ് എന്നിവയുടെ ലഭ്യതയിലുള്ള കുറവാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി പറയുന്നു. ഇതിനെത്തുടര്‍ന്ന് നിര്‍മ്മാണ സാമഗ്രികള്‍ക്കായി കരാറുകാര്‍ക്ക് തമിഴ്നാട്, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.
എന്നാല്‍, കരിങ്കല്ല് അതിര്‍ത്തി കടത്തിക്കൊണ്ടുപോകുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണം നിര്‍മ്മാണ പുരോഗതിയെ ബാധിച്ചിട്ടുണ്ട്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പികെ ബഷീര്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി മൂന്ന് അവലോകന യോഗങ്ങള്‍ നടത്തി. നിര്‍മ്മാണ സാമഗ്രികളുടെയും തൊഴിലാളികളുടെയും ക്ഷാമം, കാലവര്‍ഷം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ഈ യോഗങ്ങളില്‍ ചര്‍ച്ചയായി.
എന്നിരുന്നാലും കാലവര്‍ഷം തുടങ്ങിയതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വേഗത കുറഞ്ഞിട്ടുണ്ട്. ‘തമിഴ്നാട്ടില്‍ നിന്നുള്ള കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ച വിഷയം മുഖ്യമന്ത്രി വിഡി സതീശന് ഏറ്റെടുത്തിട്ടുണ്ട്. ഈ പ്രശ്നം ഉടന്‍ പരിഹരിക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാനുള്ള മറ്റൊരു കാരണം തൊഴിലാളികളുടെ ക്ഷാമമാണ്. മാര്‍ച്ച് മാസത്തില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഭൂരിഭാഗം അതിഥി തൊഴിലാളികളും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ചിലയിടങ്ങളില്‍, അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന പ്രതിഷേധങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
അപര്യാപ്തമായ ഡ്രെയിനേജ് സംവിധാനങ്ങള്‍ മൂലം വെള്ളം കെട്ടിക്കിടന്നതും ചോര്ച്ചയുണ്ടായതുമാണ് പലയിടത്തും നിര്‍മ്മാണത്തിലെ തകരാറുകള്‍ക്കും സംരക്ഷണ ഭിത്തികള്‍ തകരുന്നതിനും പ്രധാന കാരണമായത്. ഉപരിതല മണ്ണ് പരിശോധനയിലെയും ജിയോടെക്നിക്കല്‍ പഠനങ്ങളിലെയും അപാകതകള്‍, മണ്‍ഭിത്തികളുടെ രൂപകല്‍പ്പനയിലെ പോരായ്മകള്‍, മേല്‍നോട്ടത്തിലെ കുറവുകള്‍ എന്നിവയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇതിനെത്തുടര്‍ന്ന്, പ്രധാന കരാറുകാര്‍ക്കെതിരെ കോടിക്കണക്കിന് രൂപയുടെ പിഴയും താല്‍ക്കാലിക വിലക്കും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിലെ ഘടനാപരമായ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഒരു വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു.