Headlines

യുക്രൈനിലെ ഒഡേസ തുറമുഖത്ത് കപ്പലിന് നേരെ മിസൈലാക്രമണം; 4 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക് | Missile Attack On Ship At Ukraine’s Odesa Port; Four Indians Killed, One Injured


International

oi-Nidhin Illikkambath

കീവ്: യുക്രൈനിലെ ഒഡേസ തുറമുഖത്ത് നിന്ന് ധാന്യവുമായി പുറപ്പെട്ട ചരക്കുകപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ നാല് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഗിനിയ-ബിസാവു പതാകയുള്ള എംവി ഗോൾഡൻ ലിയോ എന്ന കപ്പലിന് ജൂലൈ 19-നാണ് ആക്രമണം ഉണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കപ്പലിൽ ആകെ 17 ജീവനക്കാരുണ്ടായിരുന്നുവെന്നും, അതിൽ അഞ്ച് പേർ ഇന്ത്യക്കാരായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. നാല് ഇന്ത്യക്കാർ മരിച്ചതായും ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും മന്ത്രാലയം അറിയിച്ചു. വാണിജ്യ കപ്പലുകൾക്കും നിരപരാധികളായ ജീവനക്കാർക്കും നേരെയുള്ള ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും, സമുദ്രഗതാഗത സ്വാതന്ത്ര്യവും വ്യാപാരവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഇന്ത്യ പ്രസ്‌താവനയിൽ വ്യക്തമാക്കി.

ukraine

യുക്രൈനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും, ആവശ്യമായ എല്ലാ സഹായവും നൽകാൻ ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ഉത്തരവാദി ആരാണെന്ന് ഇന്ത്യ നേരിട്ട് പരാമർശിച്ചിട്ടില്ല. എന്നാൽ, ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് യുക്രൈൻ ആരോപിച്ചു. പിന്നാലെ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയും നയതന്ത്രപരമായ പരിഹാരവുമാണ് വേണ്ടതെന്ന നിലപാട് ഇന്ത്യ വീണ്ടും ആവർത്തിച്ചു.

യുക്രൈൻ അധികൃതർ നൽകുന്ന വിവരമനുസരിച്ച്, ചോളം കയറ്റിയ ഗോൾഡൻ ലിയോ കപ്പൽ ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെട്ടതിന് പിന്നാലെ മൂന്ന് റഷ്യൻ ക്രൂസ് മിസൈലുകൾ കപ്പലിൽ പതിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ചതായി യുക്രൈൻ നാവികസേന അറിയിച്ചു. രാത്രി മുഴുവൻ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിയതായി യുക്രൈൻ തുറമുഖ അതോറിറ്റി വ്യക്തമാക്കി.

ആകെ 17 ജീവനക്കാരിൽ എട്ട് പേരെ രക്ഷപ്പെടുത്തിയതായും അറിയിച്ചു. ഷിപ്പിംഗ് വിവരങ്ങൾ പ്രകാരം, മുംബൈ ആസ്ഥാനമായ ഓഷ്യൻ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോൾഡൻ ലിയോ. ഫ്രണ്ട്സ് ഷിപ്പിംഗ് കമ്പനി എസ്എയാണ് കപ്പലിന്റെ നടത്തിപ്പ്. അതേസമയം, കരിങ്കടൽ മേഖലയിലെ സംഘർഷം വീണ്ടും ശക്തമായിരിക്കുകയാണ്.

റഷ്യയും യുക്രൈനും പരസ്‌പരം തുറമുഖങ്ങൾ, ഇന്ധന സംഭരണ കേന്ദ്രങ്ങൾ, ചരക്കുകപ്പലുകൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കിയതോടെ വാണിജ്യ കപ്പൽഗതാഗതത്തിനും ധാന്യ കയറ്റുമതിക്കും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ലോകത്തിലെ പ്രധാന ഗോതമ്പ്, ചോളം കയറ്റുമതി രാജ്യങ്ങളിലൊന്നായ യുക്രൈനിൽ നിന്നുള്ള കയറ്റുമതി തുടർച്ചയായ ആക്രമണങ്ങൾ മൂലം ഗണ്യമായി കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.



Source link

Leave a Reply

Your email address will not be published. Required fields are marked *