Last Updated:
സിനിമാ-സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു
ചിരിയുടെ ചക്രവർത്തിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് പതിനായിരങ്ങൾ. തങ്ങളുടെ പ്രിയനടനെയും അവസാനമായി ഒരുനോക്ക് കാണാൻ നിരവധി പേരാണ് പറവൂർ ടൗൺഹാളിലേക്ക് ഒഴുകിയെത്തിയത്. രാവിലെ എട്ട് മണിയോടെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നും മൃതദേഹം പൊതുദർശനത്തിന് ടൗൺഹാളിൽ എത്തിച്ചത്.
സിനിമാ-സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ, കെ സി വേണുഗോപാൽ, കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, എംഎല്‍എ രമേശ് പിഷാരടി, സംവിധായകന് കമല്‍, നടന്മാരായ ദിലീപ്, ജയറാം, രഞ്ജി പണിക്കർ, ബാബു രാജ്, വിനീത്, നാദിർഷ, ടിനി ടോം, നടി നവ്യ നായർ, അന്ന ബെൻ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.
മൂന്ന് മണിയോടെ വീട്ടുവളപ്പിലാണ് സലിം കുമാറിന്റെ ഭൗതിക ശരീരം സംസ്കരിക്കുക. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. പൊലീസ് ബ്യൂഗിൾ സല്യൂട്ട് നൽകും.
ഇന്നലെ രാത്രി 10.43-ഓടെ അമൃത ആശുപത്രിയില്‍വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.
ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സലിം കുമാർ പിന്നീട് അഭിനയിച്ച ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കി. മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തെങ്കാശിപ്പട്ടണം എന്ന ഒറ്റച്ചിത്രത്തിലെ പ്രകടനത്തോടെയാണ് സലിം കുമാറിന് കൂടുതൽ ജനപ്രീതി ലഭിച്ചത്.
പച്ചക്കുതിര, പാണ്ടിപ്പട, സിഐഡി മൂസ, ചെസ്സ്, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, തിളക്കം, തൊമ്മനും മക്കളും, കിളിച്ചുണ്ടൻമാമ്പഴം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമാസ്വാദകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടാനായി. 2011-ൽ ആദാമിന്റെ മകൻ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരവും സലിം സ്വന്തമാക്കിയിരുന്നു. ഒറ്റക്കൊമ്പനിലാണ് അവസാനമായി അഭിനയിച്ചത്.
Ernakulam,Kerala
