Headlines

വഖഫ് ബോര്‍ഡ്: മുസ്ലിം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകള്‍ പ്രതികരിക്കണം- സിപിഎം | Waqf Board: Community Organizations Supporting The Muslim League Must Respond– CPM


Kerala

oi-Ashif N

തിരുവനന്തപുരം: ബിജെപിയുടെ വര്‍ഗീയ അജണ്ടയ്ക്ക് അനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ന്യൂനപങ്ങളോടുള്ള വഞ്ചനയാണ് എന്ന് സിപിഎം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയിലാണ് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ സമ്മതിച്ചത് എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ഓര്‍മിപ്പിക്കുന്നു.

യുഡിഎഫിന്റെ നിലപാടില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കുന്ന സമുദായ സംഘടനകള്‍ അഭിപ്രായം പറയണം എന്ന് സിപിഎം ആവശ്യപ്പെട്ടു. ഇനി സംഘപരിവാര്‍ പ്രതിനിധികളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് അറിയേണ്ടത്. വഖഫ് ഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ സംസാരിച്ചത് ഇടതുപക്ഷ എംപിമാരാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം അവതരിപ്പിച്ച കാര്യവും സിപിഎം ഓര്‍മിപ്പിക്കുന്നു.

cpm on waqf board

സിപിഎം പ്രസ്താവനയുടെ പൂര്‍ണരൂപം: ”ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ടക്കനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചുകൊള്ളാമെന്ന് ഹൈക്കോടതിയില്‍ നിലപാടെടുത്ത യുഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോടും, കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചിട്ടുള്ളത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയിലെ ആവശ്യം അനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാര്‍ അജണ്ട തെളിഞ്ഞ് തന്നെ കാണാം.

കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. അധികാരത്തില്‍ എത്തിയപ്പോള്‍ ബിജെപി അനുകൂല നിലപാടിലേക്ക് യുഡിഎഫ് എത്തിയത് എന്ത് ഡീലിന്റെ ഭാഗമായാണ്? മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടക കക്ഷികള്‍ ഇത് അംഗീകരിക്കുന്നുണ്ടോ? ഇത് സംബന്ധിച്ച് എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ലീഗ് അടക്കമുള്ളവര്‍ ജനങ്ങളോട് തുറന്നുപറയണം.

ബിജെപി നേതാവിന്റെ ഹര്‍ജിയോട് സര്‍ക്കാര്‍ യോജിക്കുന്നുവോ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തോട് സംശയലേശമന്യേ എജി പറഞ്ഞത് സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നുവെന്നാണ്. നേരത്തെ ബിജെപിയുമായി ഉണ്ടാക്കിയ ധാരണയുടെ തുടര്‍ച്ചയാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തം. മുസ്ലീം ലീഗിനെ പിന്തുണക്കുന്ന സാമുദായിക സംഘടനകളും ഇതില്‍ അഭിപ്രായം പറയയേണ്ടതുണ്ട്.

ആര്‍എസ്എസിന്റെ ദീര്‍ഘകാല അജണ്ടയുടെ ഭാഗമായി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന്, പൗരരുടെ ഭരണഘടനാപരമായ അവകാശങ്ങളെ പോലും തള്ളിയാണ് വഖഫ് നിയമ ഭേദഗതി കേന്ദ്രം കൊണ്ടുവന്നത്. അന്ന് അതിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ നിലപാട് എടുത്തത് സിപിഐ എമ്മും, ഇടതുപക്ഷവുമാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കാഴ്ചക്കാരനായി നിന്നെങ്കില്‍ പ്രിയങ്കാ ഗാന്ധി സഭയില്‍ പോലും എത്തിയില്ല. നിയമം ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരരാക്കുമെന്ന് സിപിഐ എം എംപിമാര്‍ പാര്‍ലമെന്റില്‍ നിലപാടെടുത്തു.

മധുരയില്‍ സിപിഐ എം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത പാര്‍ടി എംപിമാരെ അടിയന്തിരമായി പാര്‍ലമെന്റിലേക്ക് എത്തിച്ചാണ് അന്ന് നിയമഭേദഗതിക്കെതിരെ പ്രസംഗിച്ചത്. അത്രമാത്രം ഗൗരവമുണ്ട് ഈ വിഷയത്തില്‍ എന്ന് കണ്ടാണ് സിപിഐ എം പാര്‍ലമെന്റില്‍ ശബ്ദിച്ചതും നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നതും.

ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കുക ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭേദഗതി ഭന്യൂനപക്ഷങ്ങളെ സഹായിക്കാനാണ്’ എന്ന പച്ചക്കള്ളമാണ് ബിജെപി പ്രചരിപ്പിച്ചത്. ന്യൂനപക്ഷങ്ങളെ സഹായിക്കലാണ് ലക്ഷ്യമെങ്കില്‍ ചുരുങ്ങിയത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പെങ്കിലും പുനഃസ്ഥാപിച്ചുകൂടെ? രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ബീഫിന്റെ പേരില്‍ നടക്കുന്ന കൊലപാതങ്ങള്‍ അവസാനിപ്പിച്ചുകൂടെ? ഈ ചോദ്യങ്ങള്‍ക്കൊന്നും ബിജെപി ഉത്തരം നല്‍കിയില്ല.

നിയമഭേദഗതി എന്തിനായിരുന്നുവെന്ന് മധ്യപ്രദേശില്‍ ബിജെപി നേതാവും, മന്ത്രിയുമായ സന്‍വാര്‍ പട്ടേലിനെ ചെയര്‍മാനാക്കി വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചതോടെ വ്യക്തമാവുകയും ചെയ്തു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മുന്നിലുള്ളപ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ യാതൊരു തത്വദീക്ഷയുമില്ലാതെ, ബിജെപിക്ക് വഴങ്ങി ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് സമ്മതിച്ചിരിക്കുന്നത്. സംഘപരിവാര്‍ നിര്‍ദേശിക്കുന്ന ആളുകളെയാണോ വഖഫ് ബോര്‍ഡില്‍ നിയമിക്കാന്‍ പോകുന്നത് എന്നാണ് ഇനി അറിയാനുള്ളത്.

സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുന്നവരെ വൈസ് ചാന്‍സലര്‍മാരായും, സിന്‍ഡിക്കേറ്റ് അംഗങ്ങളായും യുഡിഎഫ് സര്‍ക്കാര്‍ നിയമിക്കുന്നു. പിഎം ശ്രീയിലും ബിജെപിക്ക് വഴങ്ങുന്നു. ദേവസ്വം കേസുകള്‍ കൈകാര്യം ചെയ്യാനെന്ന പേരില്‍ ആര്‍എസ്എസുകാരനെ പ്ലീഡര്‍ ആക്കുന്നു. മറ്റ് നിയമകാര്യ തസ്തികകളിലും ബിജെപിക്കാര്‍ക്ക് യഥേഷ്ടം അവസരം നല്‍കുന്നു.ഭകേരളം ഭരിക്കുന്നത് ബിജെപിയാണോ’ എന്ന എഐസിസി നേതാവിന്റെ ചോദ്യം അനുദിനം അന്വര്‍ഥമാക്കുകയാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. വര്‍ഗ്ഗീയതയ്ക്ക് സാഷ്ടാംഗം കീഴടങ്ങുന്ന യുഡിഎഫ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് നിലപാടിലൂടെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ തുറന്നുകാട്ടപ്പെട്ടു.”



Source link

Leave a Reply

Your email address will not be published. Required fields are marked *