Headlines

വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ എൽപിജി സിലിണ്ടറുകൾ ശേഖരിക്കാൻ ജീവൻ പണയപ്പെടുത്തി നാട്ടുകാർ | Buzz News


Last Updated:

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, കുത്തൊഴുക്കുള്ള നദിയിലൂടെ ചുവന്ന സിലിണ്ടറുകൾ ഒഴുകിപ്പോകുന്നതും ഇത് സ്വന്തമാക്കാൻ നാട്ടുകാർ ജീവൻ പണയപ്പെടുത്തി വെള്ളത്തിലേക്ക് ഇറങ്ങുന്നതും കാണാം.

News18
News18

മഹാരാഷ്ട്രയിലുണ്ടായ കനത്ത കാലവർഷക്കെടുതിക്കിടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) ബോട്ട്‌ലിംഗ് പ്ലാന്റിൽ നിന്ന് ആയിരക്കണക്കിന് എൽപിജി സിലിണ്ടറുകൾ പാതാളഗംഗാ നദിയിലേക്ക് ഒഴുകിപ്പോയത് വലിയ പരിഭ്രാന്തി പരത്തി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, കുത്തൊഴുക്കുള്ള നദിയിലൂടെ ചുവന്ന സിലിണ്ടറുകൾ ഒഴുകിപ്പോകുന്നതും ഇത് സ്വന്തമാക്കാൻ നാട്ടുകാർ ജീവൻ പണയപ്പെടുത്തി വെള്ളത്തിലേക്ക് ഇറങ്ങുന്നതും കാണാം.

റായ്ഗഡ് ജില്ലയിലെ എച്ച്പിസിഎൽ പാതാളഗംഗ എൽപിജി ബോട്ട്‌ലിംഗ് പ്ലാന്റിലാണ് കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായതും ഈ അപകടം സംഭവിച്ചതും. ജില്ലാ അധികൃതർ നൽകുന്ന വിവരമനുസരിച്ച്, നിറഞ്ഞതും ഒഴിഞ്ഞതുമായ ഏകദേശം 3,000 എൽപിജി സിലിണ്ടറുകളാണ് ശക്തമായ ഒഴുക്കിൽപ്പെട്ട് പ്ലാന്റിൽ നിന്ന് പാതാളഗംഗാ നദിയിലേക്ക് ഒലിച്ചുപോയത്.

കുത്തിയൊലിച്ചൊഴുകുന്ന പ്രളയജലത്തിൽ സിലിണ്ടറുകൾ പൊങ്ങിക്കിടക്കുന്നതും ആളുകൾ അവ ശേഖരിക്കാൻ പുഴയിലേക്ക് ഇറങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. കനത്ത മഴ കാരണം പൻവേലിലെ എച്ച്പിസിഎൽ പ്ലാന്റിൽ നിന്ന് മൂവായിരത്തോളം സിലിണ്ടറുകൾ നദിയിലേക്ക് ഒലിച്ചുപോയതായി ജില്ലാ കളക്ടർ കിഷോർ ജാവാലെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചു.

താഴോട്ടൊഴുകി വരുന്ന സിലിണ്ടറുകൾ ആരും തൊടുകയോ ശേഖരിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം സിലിണ്ടറുകൾ കണ്ടെത്തുകയാണെങ്കിൽ പൊതുജനങ്ങൾ അത് കൈവശം വെക്കാനോ ഉപയോഗിക്കാനോ ശ്രമിക്കരുത്. അവ ഉടൻ തന്നെ എച്ച്പിസിഎല്ലിലോ, തൊട്ടടുത്തുള്ള എച്ച്പിസിഎൽ ഡീലർമാർക്കോ, തഹസിൽദാർ ഓഫീസിലോ, സബ് ഡിവിഷണൽ ഓഫീസിലോ ഏൽപ്പിക്കേണ്ടതാണെന്ന് കളക്ടർ അറിയിച്ചു.

ഈ ദൃശ്യങ്ങൾ വേഗത്തിൽ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പലരും ഈ സുരക്ഷാവീഴ്ചയിൽ ഞെട്ടൽ രേഖപ്പെടുത്തി.

ഹോർമുസ് കടലിടുക്ക് അടച്ചതുകൊണ്ട് ഇന്ത്യയിൽ ഗ്യാസ് ക്ഷാമം ഉണ്ടാകില്ലെന്നും പ്രളയത്തിൽ ഗ്യാസ് നദിപോലെ ഒഴുകുകയാണെന്നുമാണ് ഒരു ഉപയോക്താവ് പരിഹസിച്ചത്. മുൻകരുതലുകൾ എടുക്കുന്നതിലുള്ള പരാജയമാണ് ഇതെന്നായിരുന്നു മറ്റൊരാളുടെ വിമർശനം. ചന്ദനമുട്ടികൾക്ക് പകരം എൽപിജി സിലിണ്ടറുകൾ ഒഴുകി നടക്കുന്നത് ‘പുഷ്പ’ സിനിമയിലെ രംഗങ്ങളെ ഓർമ്മിപ്പിക്കുന്നുവെന്ന് ചിലർ കുറിച്ചു.

ഇന്ത്യയിൽ എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കും ഊഹിക്കാൻ പോലും കഴിയില്ലെന്നായിരുന്നു വേറൊരു പ്രതികരണം. സാധാരണ കുടുംബങ്ങൾ ഗ്യാസ് ലഭ്യതയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും ആശങ്കപ്പെടുമ്പോൾ ആയിരക്കണക്കിന് സിലിണ്ടറുകൾ ഇങ്ങനെ ഒഴുകിപ്പോകുന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. നദിയുടെ താഴത്തെ ഭാഗങ്ങളിലുള്ള ഗ്രാമങ്ങൾക്ക് ഇത് വലിയൊരു സുരക്ഷാ ഭീഷണിയാണെന്നും ഈ സിലിണ്ടറുകൾ തിരികെ ശേഖരിക്കുക എന്നത് വലിയൊരു തലവേദനയായിരിക്കുമെന്നും പലരും ചൂണ്ടിക്കാണിച്ചു. അപകടസാധ്യതയുള്ളതിനാൽ ആളുകൾ ഈ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കരുതെന്ന് കർശനമായി നിർദ്ദേശിക്കണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *